Connect with us

Articles

പെണ്‍കുട്ടികള്‍ക്ക് വേണ്ടി നാം എന്ത് ചെയ്യുന്നു?

Published

|

Last Updated

കുട്ടികള്‍ രാജ്യത്തിന്റെ വരദാനമാണ്. ഭാവി ഭാഗധേയം നിശ്ചയിക്കുന്നത് അവരാണ്. എന്നാല്‍ പെണ്‍കുട്ടികളിലെ സവിശേഷമായ ഗുണവിശേഷങ്ങളും കുടുംബത്തോടുള്ള കരുതലും അമൂല്യ സമ്പത്താണ്. 2008 മുതല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരുദിനം നാം എല്ലാവര്‍ഷവും ജനുവരി 24ാം തീയതി ആഘോഷിക്കുന്നു. എത്രപേര്‍ക്ക് ഇതറിയാം? ആണ്‍കുട്ടികള്‍ ആസ്തികളായും പെണ്‍കുട്ടികള്‍ ബാധ്യതയായും സമൂഹം കണക്കാക്കിയിരുന്ന കാലം പൊയ്‌പ്പോയി. ഇപ്പോള്‍ പെണ്‍കുട്ടികളെ നല്ലരീതിയില്‍ വളര്‍ത്തേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും നല്ല പാഠങ്ങള്‍ പഠിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം ഏവരും ഉള്‍ക്കൊണ്ടിരിക്കുന്നു. അന്തര്‍ദേശീയ രംഗത്ത് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ 2012 മുതല്‍ ഒക്ടാബര്‍ 11 ന് പെണ്‍കുട്ടികളുടെ ദിനമായി കൊണ്ടാടുന്നുണ്ട്.
പെണ്‍കുട്ടികള്‍ അസമത്വം നേരിടുന്ന മേഖലകള്‍ അനവധിയുണ്ട്. വിദ്യാഭ്യാസം, പോഷകാഹാരം, നിയമപരമായി ലഭിക്കേണ്ട അവകാശങ്ങള്‍, ആരോഗ്യ ശുശ്രൂഷ, പരിപാലനം, സംരക്ഷണം, അംഗീകാരം, ഭ്രൂണഹത്യയില്‍ നിന്നുള്ള സംരക്ഷണം തുടങ്ങിയവ ഉദാഹരണം. പെണ്‍കുട്ടികള്‍ക്ക് എല്ലാ തുണയും അവസരങ്ങളും തുല്യമായി ഒരുക്കി കൊടുക്കുന്നതിന് പൊതുവായ അവബോധം ഉണ്ടാക്കുക എന്നത് ആധുനിക സമൂഹത്തിന്റെ കടമയാണ്, ഇതിനായി ഇന്ത്യയില്‍ ദേശീയ മിഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ സര്‍വതോന്മുഖമായ പുരോഗതിക്കും അവരുടെ വളര്‍ച്ചക്കും വികാസത്തിനും വിഘാതമായി നില്‍ക്കുന്ന എല്ലാ ഘടകങ്ങളെയും സാമൂഹ്യാധിഷ്ഠിത സമീപനം സ്വീകരിച്ച് ഇല്ലാതാക്കുകയും അവരില്‍ അഭിമാനബോധം വളര്‍ത്തുകയും വേണം. പെണ്‍കുട്ടികള്‍ ഒരു സമ്പത്താണെന്ന അവബോധം രക്ഷിതാക്കളില്‍ ദൃഢീകരിക്കുവാനുള്ള പ്രവര്‍ത്തനമാണ് മിഷന്‍ നടത്തുന്നത്. കൂടാതെ തീരുമാനം എടുക്കുവാനുള്ള അവരുടെ അവകാശം പൂര്‍ണമായും സംരക്ഷിച്ച് സമൂഹത്തിലെ സ്ഥാനം ഉയര്‍ത്തുന്നതിലൂടെ സാമൂഹികവിവേചനം ഇല്ലാതാക്കി സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയും. ആണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന പരിഗണനയും പരിലാളനവും പെണ്‍കുട്ടികള്‍ക്കും ലഭ്യമാകണം. പ്രത്യേക സഹാനുഭൂതിയോ, സഹായമോ ഇല്ലാതെ സ്വന്തം കാലില്‍ നില്‍ക്കുവാന്‍ അവരെ പ്രാപ്തരാക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ദേശീയതലത്തില്‍ സ്ത്രീ സാക്ഷരത 53.87 ശതമാനം മാത്രമാണ്. മൂന്നില്‍ ഒന്ന് പെണ്‍കുട്ടികളും പോഷകാഹാരകുറവ് അനുഭവിക്കുന്നു. വിളര്‍ച്ച സ്ത്രീകളുടെ കൂടപ്പിറപ്പാണ്. രോഗങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാനുള്ള അവസരമില്ലായ്മയും ദാരിദ്ര്യവും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പെണ്‍കുട്ടികളെയാണ്. 14 വയസ്സ് വരെ സാര്‍വത്രികമായ വിദ്യാഭ്യാസം സൗജന്യമാണെങ്കിലും കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം പൂര്‍ണ അര്‍ഥത്തില്‍ ലഭിക്കുന്നില്ല. സ്‌കൂളില്‍ പോകാത്ത കുട്ടികളില്‍ അറുപത് ശതമാനവും പെണ്‍കുട്ടികളാണ് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം പന്ത്രണ്ടാം ക്ലാസില്‍ എത്തുന്നതിന് മുമ്പ് 61.5 ശതമാനം പെണ്‍കുട്ടികളും കൊഴിഞ്ഞുപോകുന്നു. ഭ്രൂണാവസ്ഥയില്‍ നശിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളെ സംബന്ധിച്ച് അമര്‍ത്യാ സെന്‍ ആശങ്ക പങ്കുവെക്കുന്നുണ്ട്. ലോകത്ത് 100 മില്യണ്‍ പെണ്‍കുട്ടികള്‍ ബാലവേല ചെയ്യുന്നു. അവരില്‍ 50 ശതമാനം കുട്ടികളും അതിദുര്‍ഘടമായ സാഹചര്യത്തിലാണ് ജോലിചെയ്യുന്നത് എന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന വ്യക്തമാക്കുന്നു. 1980 വരെ ലൈംഗിക തൊഴിലിലേക്ക് പല കാരണങ്ങള്‍ കൊണ്ട് വഴുതിപോകുന്ന പെണ്‍കുട്ടികളുടെ പ്രായം 14 വയസ്സ് മുതല്‍ 16 വയസ്സ് വരെയായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയില്‍ ഇത് 10 വയസ്സ് മുതല്‍ 14 വയസ്സ് വരെയായി കുറഞ്ഞിരിക്കുന്നു, ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം ലോകത്തെ മൂന്നില്‍ ഒന്ന് പെണ്‍കുട്ടികളും അവരുടെ വളര്‍ച്ചയുടെ പ്രയാണത്തിനിടയില്‍ ശാരീരികമായും ലൈംഗികമായും ചൂഷണം ചെയ്യപ്പെടുന്നു. കുടുംബബന്ധമുള്ളവരില്‍ നിന്ന് പ്രയാസം അനുഭവിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. പഠനസമയത്ത് അധ്യാപകരില്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് അസുഖകരമായ അനുഭവങ്ങള്‍ നേരിടേണ്ടിവരുന്നു.
ജനന ലിംഗാനുപാതത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നത് വലിയ ഭീഷണിയായി നില്‍ക്കുന്നു. പെണ്‍കുട്ടികളുടെ സംഖ്യയില്‍ 11 ശതമാനം ഇടിവ് ഏഷ്യന്‍ രാജ്യങ്ങളില്‍ അനുഭവപ്പെടുന്നു. 1962ല്‍ ഇന്ത്യയില്‍ 100 പെണ്‍കുട്ടികള്‍ക്ക് 102.2 ആണ്‍കുട്ടികളായ സ്ഥാനത്ത് 2011 ലെ സെന്‍സസ് പ്രകാരം 100 പെണ്‍കുട്ടികള്‍ക്ക് 109.9 ആണ്‍കുട്ടികളാണ്. ഹരിയാനയില്‍ 119.7, പഞ്ചാബില്‍ 117.6, ഉത്തരാഖണ്ഡില്‍ 114.2, മഹാരാഷ്ട്ര 114.2, ഗുജറാത്തില്‍ 113.7എന്നിങ്ങ
52.48 ശതമാനം സ്ത്രീകളുള്ള കേരളത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നത് യുനസ്‌കോ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ ആറ് വയസ്സ് വരെയുള്ള കുട്ടികളുടെ സംഖ്യയില്‍ 16.95 ശതമാനം ആണ്‍കുട്ടികളും 16.26 ശതമാനം പെണ്‍കുട്ടികളുമാണ്. 1000 പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍ ഉള്ള സംസ്ഥാനത്ത് മലപ്പുറം ഒഴികെ മറ്റ് എല്ലാ ജില്ലകളിലും പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നു. മലപ്പുറത്ത് 4.08 ശതമാനം പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ പത്തനംതിട്ടയില്‍ 23.76 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് കാണിക്കുന്നത്. ആറ് വയസ്സ് വരെയുള്ള കുട്ടികളുടെ കണക്ക് പരിശോധിച്ചാല്‍ 1000 ആണ്‍കുട്ടികള്‍ക്ക് 964 പെണ്‍കുട്ടികളാണ് കേരളത്തില്‍ ഉള്ളത്. പത്തനംതിട്ടയില്‍ ഇത് 976, തൃശൂരില്‍ 950 ആണെന്ന് അറിയുമ്പോഴാണ് പെണ്‍കുട്ടികളുടെ ജനനം തടസ്സപ്പെടുന്നു എന്ന യാഥാര്‍ഥ്യം നമുക്ക് മനസ്സിലാകുന്നത്. സമൂഹമനസ്സാക്ഷി ഉണരേണ്ടതായ ഒരു സാമൂഹിക പ്രശ്‌നമാണ് പെണ്‍കുട്ടികളുടെ സംഖ്യയിലെ കുറവ്.
ഭ്രൂണാവസ്ഥയില്‍ നിന്ന് തന്നെ പെണ്‍കുട്ടികള്‍ വിവേചനം നേരിടുന്നു. പെണ്ണാണെങ്കില്‍ എങ്ങനെയെങ്കിലും ഭ്രൂണാവസ്ഥയില്‍ തന്നെ നിഷ്‌കാസനം ചെയ്യുന്ന പ്രവണത കൂടിവരുന്നു. വിവിധ നിയമങ്ങള്‍ രാജ്യത്തുണ്ടെങ്കിലും ഭ്രൂണഹത്യ നടത്തുന്നത് ഫലപ്രദമായി തടയാന്‍ നമുക്ക് സാധിക്കുന്നില്ല. പ്രതിവര്‍ഷം ഒരു ലക്ഷം പെണ്‍ ഭ്രൂണങ്ങള്‍ ഇന്ത്യയില്‍ ഇല്ലാതാക്കുന്നു. ഭ്രൂണാവസ്ഥയിലുള്ള ലിംഗപരിശോധന നിയമവിരുദ്ധമാണെങ്കിലും ക്ലിനിക്കുകളില്‍ ഇത് രഹസ്യമായി നടക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. മുംബൈ ഹൈക്കോടതിയുടെ ഈയടുത്തുള്ള വിധിന്യായത്തില്‍ ജനനത്തിന് മുമ്പുള്ള ലിംഗനിര്‍ണയം അത് പെണ്ണാണോ എന്ന് പരിശോധിച്ച് ഇല്ലാതാക്കുന്നതിനാണെങ്കില്‍ അത് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് എന്ന് പ്രസ്താവിച്ചിട്ടുണ്ട്.
പെണ്‍കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും വളര്‍ച്ചക്കും വേണ്ടി നിയമ നിര്‍മാണങ്ങള്‍ ഉണ്ടായിട്ടും അതൊന്നും വേണ്ടത്ര ഫലപ്രദമായി നടപ്പിലാക്കുവാന്‍ സാധിച്ചിട്ടില്ല. 1974ല്‍ കുട്ടികള്‍ക്ക് വേണ്ടി മാത്രം ഒരു നയം രാജ്യം ഉണ്ടാക്കി 2005 ല്‍ ദേശീയ തലത്തില്‍ കുട്ടികള്‍ക്കായി ഒരു പ്രവര്‍ത്തനപരിപാടി ആസൂത്രണം ചെയ്തു. ഭ്രൂണാവസ്ഥയില്‍ ലിംഗപരിശോധന സംബന്ധിച്ചുള്ള കര്‍ശന നിയമം ഉണ്ടാക്കി. അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളെ കടത്തികൊണ്ട് പോകുന്നതിനെതിരെ 1986 ല്‍ മറ്റൊരു നിയമവും. 2000ലെ ജുവനൈല്‍ ജസ്റ്റിസ് നിയമം, ഇന്ത്യന്‍ പീനല്‍ കോഡിലെ കുട്ടികളെ സംബന്ധിച്ചുള്ള വകുപ്പുകള്‍, 2009ലെ ഗാര്‍ഹീക പീഡന നിയമം, 2006ലെ ശൈശവ വിവാഹം സംബന്ധിച്ച നിയമം, 2006ലെ സ്ത്രീധന നിരോധന നിയമം എന്നിവ പെണ്‍കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നവയാണ്. ഫലപ്രദമായി നിയമങ്ങളെ ഉപയോഗിച്ചും സമൂഹിക ഇടപെടലുകളിലൂടെയും പെണ്‍ കുഞ്ഞുങ്ങള്‍ക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സമൂഹ മനസ്സാക്ഷി ഈ ദിനം ആചരിക്കുമ്പോഴെങ്കിലും ഉണരേണ്ടതുണ്ട്.
പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി ഒട്ടേറെ പദ്ധതികള്‍ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. 2008ലെ ധനലക്ഷ്മി പദ്ധതി, 2014ലെ സുകന്യാസമൃദ്ധി, ബേഠിബച്ചാവോ, ബേട്ടിപഠാവോ യോജന, സേവ് ദി ഗേള്‍ ചൈല്‍ഡ് ക്യാംപെയ്ന്‍, കേന്ദ്ര വിദ്യാഭ്യാസ നിയമം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏര്‍പ്പെടുത്തിയ സ്ത്രീകള്‍ക്കുള്ള മൂന്നില്‍ ഒന്ന് സംവരണം, ഓപറേഷന്‍ ബ്ലാക്ക് ബോര്‍ഡ്, സ്വയം സഹായ സംഘങ്ങള്‍ രൂപവത്കരിച്ചുകൊണ്ടുള്ള ദാരിദ്ര്യ നിര്‍മാര്‍ജന വരുമാനദായക പ്രവര്‍ത്തനങ്ങള്‍, ഇന്ദിരാഗാന്ധി ബാലികാ സുരക്ഷാ യോജന, കേരള സര്‍ക്കാറിന്റെ നിര്‍ഭയ പദ്ധതി, കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം ഇവയൊക്കെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷിത ജീവിത സൗകര്യം സൃഷ്ടിക്കാനുദ്ദേശിച്ചുള്ളവയാണ്. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള പല പദ്ധതികളും പൂര്‍ണ അര്‍ഥത്തില്‍ പ്രായോഗികമായിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്താന്‍ ഈ ദിനം നമുക്ക് പ്രയോജനപ്പെടുത്താം.
2000 ഏപ്രില്‍ മുതല്‍ ഐക്യ രാഷ്ട്രസഭയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചത് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നു. Because I am a Girl ക്യാമ്പയിന്‍ വേള്‍ഡ് എഡ്യൂക്കേഷന്‍ഫോറം ആരംഭിച്ചതും “”രാജ്യത്തിന്റെ ഭാവി നമ്മുടെ പെണ്‍കുട്ടികള്‍”” എന്ന മുദ്രവാക്യം ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്നതും സാമൂഹിക പ്രതിബദ്ധതയുള്ള നടന്‍ ആമിര്‍ഖാന്റെ നേതൃത്വത്തിലുള്ള “Daughters are precious” എന്ന പരിപാടിയും, ഇന്ത്യയിലെ പെണ്‍കുട്ടികളുടെ അന്തസ്സും അഭിമാനവും പ്രോജ്ജ്വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
എല്ലാ മതങ്ങളും സ്ത്രീകളെ ബഹുമാനിക്കുന്നു, ആദരിക്കുന്നു. ബഹുസ്വര സംസ്‌കാരങ്ങളും സംസ്‌കൃതിയുമുള്ള ഇന്ത്യയില്‍ 1991ല്‍ 1000 ആണ്‍കുട്ടികള്‍ക്ക് 945 പെണ്‍കുട്ടികളായിരുന്ന സ്ഥാനത്ത് 2011ല്‍ അത് 918 ആയി കുറഞ്ഞു എന്നത് ആശങ്ക ഉണര്‍ത്തുന്ന ജനസംഖ്യാ പ്രശ്‌നമാണ്. ഇത് പരിഹാരം കാണേണ്ട സാമൂഹിക പ്രശ്‌നമാണ്.

Latest