Connect with us

National

എബിവിപി നേതാവിന് ഗുരുതരമായി പരുക്കേറ്റുവെന്ന വാദം പൊളിച്ച് പോലീസ് സത്യവാങ്മൂലം

Published

|

Last Updated

ഹൈദരാബാദ്: ദളിത് വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ എ ബി വി പി നേതാവ് സുശീല്‍ കുമാറിന് ഗുരുതരമായി പരുക്കേറ്റിരുന്നുവെന്ന പ്രചാരണം പൊളിയുന്നു. ഹൈദരാബാദ് ഹൈക്കോടതിയില്‍ കഴിഞ്ഞ വര്‍ഷം പോലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ പ്രചാരണത്തിന് കടകവിരുദ്ധമായ വസ്തുതകള്‍ ഉള്ളത്. കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് രാത്രിയാണ് ദളിത് ഗവേഷകന്‍ രോഹിത് വെമുലയും സുഹൃത്തുക്കളും സുശീല്‍ കുമാറുമായി വാക്കേറ്റമുണ്ടായത്. കുമാറിന് ആശുപത്രിയില്‍ ദീര്‍ഘകാലം ചികിത്സിക്കേണ്ട പരുക്കേറ്റുവെന്ന് പറഞ്ഞാണ് രോഹിത് അടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്ത്. എന്നാല്‍ അന്ന് ഉന്തിലും തള്ളിലും കുമാറിന് നിസ്സാര പരുക്കേ ഉണ്ടായിരുന്നുളളൂവെന്ന് പോലീസിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
വയറിന് ഗുരുതരമായി പരുക്കേറ്റുവെന്നും ശസ്ത്രക്രിയ നടത്തിയെന്നുമാണ് സുശീല്‍ കുമാര്‍ പറയുന്നത്. എന്നാല്‍ അപ്പന്‍ഡിഡൈറ്റിസ് ശസ്ത്രക്രിയയും അടിപിടിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് പോലീസ് സത്യവാങ്മൂലത്തില്‍ പറയുന്നു. വയറിന് ശക്തമായി ചവിട്ടിയെന്നും മര്‍ദിച്ചുവെന്നും കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് സുശീല്‍ കുമാര്‍ നല്‍കിയ പരാതിയിലുള്ളത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് രോഹിതിനെയും സഹപാഠികളെയും സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ മനം നൊന്തായിരുന്നു രോഹിതിന്റെ ആത്മഹത്യ. സസ്‌പെന്‍ഷനായി കേന്ദ്ര മന്ത്രി ബന്ധാരു ദത്താത്രേയ അടക്കമുള്ള ആര്‍ എസ് എസ് നേതൃത്വം ഇടപെട്ടിരുന്നു. സസ്‌പെന്‍ഷന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന എല്ലാ കാര്യങ്ങളും പര്‍വതീകരിക്കപ്പെട്ടതും വളച്ചൊടിച്ചതുമാണെന്ന് പോലീസ് സത്യവാങ്മൂലത്തിലൂടെ വ്യക്തമാകുകയാണ്.

Latest