Connect with us

Palakkad

നെല്‍കൃഷിയില്‍ വിജയംകൊയ്ത് വനിതാകൂട്ടായ്മ

Published

|

Last Updated

പാലക്കാട്: അടുക്കളയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല സ്ത്രീയുടെ ജീവിതമെന്ന് തെളിയിക്കുകയാണ് ശ്രീകൃഷ്ണപുരത്തെ ഏതാനും വനിതകള്‍. അടുക്കളയില്‍ നിന്നും മണ്ണിലേക്കിറങ്ങി വിജയം കൊയ്യുകയാണ് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതശ്രീ വനിത ലേബര്‍ ബാങ്ക് അംഗങ്ങള്‍.
ബ്ലോക്ക് പഞ്ചായത്തിലെ ഏഴു ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 106 വനിതകളാണ് ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ കാര്‍ഷികമേഖലകളില്‍ പരിശീലനം പൂര്‍ത്തിയാക്കി കൃഷിക്കിറങ്ങിയത്. ആദ്യഘട്ടത്തില്‍ ഇരുനൂറേക്കറോളം സ്ഥലത്ത് നെല്‍കൃഷി നടത്താനായത് ഈ കൂട്ടായ്മയുടെ വിജയം തന്നെയാണ്. നടീല്‍ മുതല്‍ കൊയ്ത്തുവരെ യന്ത്രം ഉപയോഗിച്ച് ചെയ്യുന്നതിനായി സംഘത്തിന് 10 നടീല്‍ യന്ത്രവും 50 കളപറിക്കല്‍ യന്ത്രവും മൂന്ന് കൊയ്ത്ത് യന്ത്രവുമടക്കം 30 ലക്ഷം രൂപയുടെ യന്ത്ര സാമഗ്രികള്‍ സ്വന്തമായുണ്ട്.
കണ്ടം പൂട്ടുന്നതിനായി ടില്ലര്‍ മെതിയന്ത്രം തുടങ്ങിയവ കൂടി വരുന്നതോടെ ലേബര്‍ ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ മേഖലയിലേക്കു വ്യാപിപ്പിക്കാനാകുമെന്നും അതുവഴി കൂടുതല്‍ ലാഭം നേടാന്‍ കഴിയുമെന്നും ഇവര്‍ കരുതുന്നു. ലേബര്‍ ബാങ്കിന്റെ ഭാഗമായി ആരംഭിക്കുന്ന ബയോ ആര്‍മിയുടെ പരിശീലനം പുരോഗമിക്കുകയാണ്. ഈ മാസം അവസാനത്തോടെ പരിശീലനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അംഗങ്ങള്‍.
ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്ന ലേബര്‍ ബാങ്കിന്റെ പ്രവര്‍ത്തനത്തിലൂടെ മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ എല്ലാ അംഗങ്ങള്‍ക്കും സ്ഥിരവരുമാനവും ഉറപ്പാക്കാനാണ് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിലെ ഈ വനിതകള്‍ ലക്ഷ്യമിടുന്നത്.

Latest