Connect with us

Kerala

റെക്കോര്‍ഡിലേക്ക് കപ്പുയര്‍ത്തി കോഴിക്കോട്

Published

|

Last Updated

തിരുവനന്തപുരം:56ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് അനന്തപുരിയില്‍ ആവേശോജ്ജ്വല സമാപനം. പത്താം തവണയും കൗമാരകലയുടെ കിരീടം ഉയര്‍ത്തി കോഴിക്കോട് ചരിത്രം കുറിച്ചപ്പോള്‍ പുത്തരിക്കണ്ടം മൈതാനിയില്‍ ഒത്തുചേര്‍ന്ന ആയിരങ്ങള്‍ അവര്‍ക്കൊപ്പം മനസ്സ് ചേര്‍ത്തു. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥിയായി പ്രശസ്ത ചലച്ചിത്ര താരം നിവിന്‍പോളി എത്തിയ ചടങ്ങില്‍ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വിജയികള്‍ക്ക് 117.5 പവന്റെ സ്വര്‍ണകപ്പ് സമ്മാനിച്ചു.
ആദ്യ മൂന്ന് ദിനങ്ങളില്‍ പിന്നില്‍ നിന്ന കോഴിക്കോട് നാലാം ദിനം നടത്തിയ മുന്നേറ്റം അവസാനം വരെ നിലനിര്‍ത്തിയാണ് സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. അവസാനനിമിഷം വരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്ന കലോത്സവത്തില്‍ 919 പോയിന്റ് നേടിയാണ് കോഴിക്കോടിന്റെ ചരിത്ര നേട്ടം. തുടര്‍ച്ചയായി പത്ത് തവണ സുവര്‍ണ കിരീടം ഉയര്‍ത്തിയ കോഴിക്കോട് ഇത് 17-ാം തവണയാണ് സാമൂതിരിയുടെ മണ്ണിലേക്ക് കിരീടം എത്തിക്കുന്നത്. തിരുവനന്തപുരം കൈവശം വെച്ചിരുന്ന റെക്കോര്‍ഡിലേക്കുള്ള കാല്‍വെപ്പ് കൂടിയായി കോഴിക്കോടിന് ഈ കിരീടം. കഴിഞ്ഞ വര്‍ഷം കോഴിക്കോടുമായി കപ്പു പങ്കുവെച്ച പാലക്കാട് 914 പോയിന്റോടെ ഇക്കുറി രണ്ടാം സ്ഥാനത്തേക്ക് പടിയിറങ്ങി. കലോത്സവത്തിന്റെ മൂന്നാം സ്ഥാനക്കാരനു വേണ്ടിയുള്ള കടുത്ത മത്സരത്തില്‍ 908 പോയിന്റോടെ കണ്ണൂരെത്തി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 416 പോയിന്റും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 503 പോയിന്റും നേടിയാണ് കോഴിക്കോട് വിജയം ഉറപ്പാക്കിയത്. പാലക്കാടിന് എച്ച് എസ് വിഭാഗത്തിന് 414, എച്ച് എസ് എസിന് 500 പോയിന്റുമാണുള്ളത്. അറബിക് കലോത്സവത്തില്‍ 95 പോയിന്റുകള്‍ നേടി കോഴിക്കോടും പാലക്കാടും കണ്ണൂരും വിജയികളായി. 95 പോയിന്റുകള്‍ നേടി സംസ്‌കൃത കലോത്സവത്തില്‍ പാലക്കാട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, തൃശൂര്‍ മുന്നിലെത്തി. അവസാന ദിവസത്തെ അവസാന ഇനം വരെയും വിജയമുറപ്പിക്കാന്‍ ഇരു ജില്ലകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. അവസാന ലാപ്പില്‍ കോഴിക്കോട് ഏഴ് പോയിന്റുകള്‍ക്കാണ് പാലക്കാടിനെ മലര്‍ത്തിയടിച്ചത്. മലപ്പുറം, എറണാകളം, തൃശൂര്‍ എന്നീ ജില്ലകള്‍ യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലെത്തി. ആതിഥേയ ജില്ലയായ തിരുവനന്തപുരം ഒമ്പതാം സ്ഥാനത്താണ്.

---- facebook comment plugin here -----

Latest