Connect with us

Kerala

മുഖ്യമന്ത്രി സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരായി

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനു മുന്‍പാകെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹാജരായി. ഹാജരാകുന്നതിനു മുന്‍പ് മുഖ്യമന്ത്രി കമ്മീഷന് സത്യവാങ്മൂലം നല്‍കി. കേസിലെ പ്രതികളെ സഹായിക്കുന്ന നടപടികള്‍ തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും സാമ്പത്തിക നഷ്ടം ഉണ്ടായെന്നുള്ളത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായി ശ്രീധരന്‍ നായരെയും സരിതയേയും ഒരുമിച്ച് താന്‍ കണ്ടിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ബിജു രാധാകൃഷ്ണന്‍ തന്നോടുപറഞ്ഞത് സോളാറുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല, വ്യക്തിപരമായ പ്രശ്‌നങ്ങളാണ്. എന്നാല്‍ എന്താണ് സംസാരിച്ചതെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടില്ല.
നിയമസഭയില്‍ പറഞ്ഞ തീയതി തെറ്റിയെന്ന് മുഖ്യമന്ത്രിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. ദേശീയവികസനയോഗത്തിന് 2012 ഡിസംബര്‍ 29ന് ഡല്‍ഹിയില്‍ചെന്നു എന്നാണ് നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ വിജ്ഞാന്‍ ഭവനില്‍ വച്ചുള്ള ഈ യോഗം നടന്നത് 27നാണ്. മാസങ്ങള്‍ക്കു മുമ്പ് നടന്ന യോഗത്തെ കുറിച്ച് പറഞ്ഞപ്പോള്‍ തെറ്റിയെന്ന് സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. മുഖ്യമന്ത്രിയുടെ സൗകര്യാര്‍ഥം തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണു മൊഴിയെടുപ്പ്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഏതെങ്കിലുമൊരു ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ ഹാജരാകുന്നത്.

കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്റ്റ് സെക്ഷന്‍ എട്ട്(ബി) പ്രകാരം സോളാര്‍ കമ്മീഷന്‍ നേരത്തേ മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുന്നത്. തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും പേഴ്‌സണല്‍ സ്റ്റാഫിനും അടുത്ത ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. നിയമ സഭയിലും പുറത്തും ആരോപണങ്ങളുയര്‍ന്നതിനു പുറമേ കമ്മീഷനില്‍ ചില സാക്ഷികളും ഇതുസംബന്ധിച്ച് മൊഴി നല്‍കി. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെയും പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.
മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോന്‍, ജോപ്പന്‍, മുന്‍ ഗണ്‍മാന്‍ സലീംരാജ് എന്നിവരെ നേരത്തേ കമ്മീഷന്‍ വിസ്തരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഫോണില്‍ നിന്നു സരിതയെ വിളിച്ചിരുന്നതായി സലീംരാജ് മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ ബിജു രാധാകൃഷ്ണന്റെ അഭിഭാഷകനും വിസ്തരിക്കും. തനിക്ക് നേരിട്ട് മുഖ്യമന്ത്രിയെ വിസ്തരിക്കണമെന്ന് ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷന്‍ അനുവദിച്ചിരുന്നില്ല.

Latest