Connect with us

Business

ക്രൂഡ് ഓയില്‍ വിലയില്‍ കുതിപ്പ്; ഓഹരി വിപണി സജീവമായി

Published

|

Last Updated

യൂറോപ്യന്‍ കേന്ദ്രബേങ്ക് പലിശ നിരക്കുകളില്‍ മാറ്റം വരുത്തുമെന്ന സൂചന യുറോയുടെയും ഡോളറിന്റെയും മൂല്യം ഉയര്‍ത്തി. അനുകൂല വാര്‍ത്തകള്‍ അവസരമാക്കി നിക്ഷേപകര്‍ ക്രൂഡ് ഓയിലില്‍ നിക്ഷേപകരായതോടെ മറ്റ് മാര്‍ഗങ്ങളില്ലാതെ ഊഹക്കച്ചവടക്കാര്‍ എണ്ണയില്‍ ഷോട്ട് കവറിംഗിന് നിര്‍ബന്ധിതരായി. ഇതോടെ 12 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 26 ഡോളറില്‍ നിന്ന് ക്രൂഡ് വില 32 ഡോളറിലേക്ക് ശരവേഗത്തില്‍ കുതിച്ചു. രണ്ട് ദിവസം കൊണ്ട് ഏഴ് ശതമാനത്തില്‍ അധികം എണ്ണ വിപണി ചൂടുപിടിച്ചത് യു എസ് യൂറോപ്യന്‍ മാര്‍ക്കറ്റുകളെയും ഏഷ്യന്‍ ഓഹരി വിപണികളെയും സജീവമാക്കി.
ഓപറേറ്റര്‍മാര്‍ ഷോട്ട് കവറിംഗിന് മത്സരിച്ചത് നിഫ്റ്റിയെയും സെന്‍സെക്‌സിനെയും ഒരു പോലെ ഉയര്‍ത്തി. ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ വ്യാഴാഴ്ച ജനുവരി സീരീസ് സെറ്റില്‍മെന്റൊണ്. റിപ്പബ്ലിക് ദിനം പ്രമാണിച്ച് നാളെ വിപണി അവധിയായതിനാല്‍ സെറ്റില്‍മെന്റിന് മുന്നോടിയായി ഇന്നും ബുധനാഴ്ചയും സൂചികയില്‍ ചാഞ്ചാട്ടം ശക്തമാകാം.
നിഫ്റ്റി സൂചിക താഴ്ന്ന നിലവാരമായ 7241 ല്‍ നിന്ന് 7422 വരെ ഉയര്‍ന്നു. 7507-7593 ല്‍ പ്രതിരോധവും 7288-7069 ല്‍ താങ്ങും ഈ വാരം പ്രതീഷിക്കാം. സാങ്കേതിക വിലയിരുത്തിയാല്‍ എം ഏ സി ഡി, പാരാബോളിക്ക് എസ് ഏ ആര്‍ എന്നിവ സെല്ലിംഗ് മൂഡില്‍ തുടരുന്നു.
ബോംബെ സൂചിക 23,839 വരെ ഇടിഞ്ഞ ശേഷം അതിശക്തമായ കുതിപ്പിലൂടെ 24,555 ലേക്ക് വെള്ളിയാഴ്ച ഒറ്റദിവസം മുന്നേറി. 473 പോയിന്റാണ് അന്ന് കയറിയത്. ഒക്‌ടോബറിന് ശേഷം ഒറ്റദിവസം സെന്‍സെക്‌സ് കാഴ്ച്ചവെക്കുന്ന ഏറ്റവും ശക്തമായ കുതിപ്പ്. മാര്‍ക്കറ്റ് ക്ലോസിംഗ് വേളയില്‍ സൂചിക 24,435 ലാണ്. മുന്‍ നിരയിലെ ഏഴ് കമ്പനികളുടെ വിപണി മൂല്യം പോയ വാരം 51,647 കോടി രൂപ ഇടിഞ്ഞു. ആര്‍ ഐ എല്‍ ലിന്റെ മൂല്യത്തില്‍ 22,396 കോടി രൂപയുടെ കുറവ്. ഇന്‍ഫോസീസ്, എച്ച് ഡി എഫ് സി ബേങ്ക്, ഐ റ്റി സി, കോള്‍ ഇന്ത്യ, ഒ എന്‍ ജി സി, എച്ച് യു എല്‍ തുടങ്ങിയവക്ക് തിരിച്ചടി. ബി എസ് ഇ റിയാലിറ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, എഫ് എം സി ജി ഇന്‍ഡക്‌സുകള്‍ താഴ്ന്നപ്പോള്‍ ബേങ്കിംഗ്, കാപ്പിറ്റല്‍ ഗുഡ്‌സ് വിഭാഗങ്ങള്‍ മികവ് കാണിച്ചു. മുന്‍ നിര ഓഹരിയായ ആര്‍ ഐ എല്ലിന്റെ നിരക്ക് ആറ് ശതമാനം ഇടിഞ്ഞു. അതേസമയം ആക്‌സിസ് ബേങ്ക് ഓഹരി വില 13 ശതമാനം ഉയര്‍ന്നു. ഐ റ്റി സി, വിപ്രോ തുടങ്ങിയവയും ശ്രദ്ധിക്കപ്പെട്ടു. വിനിമയ വിപണിയില്‍ ഡോളര്‍ തിളങ്ങിയതോടെ രൂപയുടെ മൂല്യം 2013 സെപ്റ്റംബറിന് ശേഷം ആദ്യമായി 68.18 ലേക്ക് ഇടിഞ്ഞു. വിദേശ ഫണ്ടുകള്‍ ഡോളറില്‍ പിടിമുറുക്കിയതാണ് രൂപക്ക് തിരിച്ചടിയത്.

Latest