Connect with us

Ongoing News

കലയുടെ രാപ്പകലുകള്‍ ഇന്ന് വിടവാങ്ങും

Published

|

Last Updated

തിരുവനന്തപുരം: കലയുടെ കൗമാരമേളക്ക് ഇന്ന് തിരശ്ശീല വീഴും. അനന്തപുരിയെ കലയുടെ രാപ്പകലുകളാല്‍ ധന്യമാക്കിയ 56-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് വിടവാങ്ങുമ്പോള്‍ 117. 5 പവന്‍ തിളക്കമുള്ള സുവര്‍ണകിരീടം ആരുയര്‍ത്തുമെന്ന ആകാംക്ഷയാണ് ഇനി ബാക്കി. കിരീടത്തിനായുള്ള പോരാട്ടത്തില്‍ കോഴിക്കോട് മുന്നിലുണ്ടെങ്കിലും തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പാലക്കാടും കണ്ണൂരും തൊട്ടുപിന്നാലെയുണ്ട്. ആറാംദിനത്തിലും കോഴിക്കോട് 909 പോയിന്റുമായി തങ്ങളുടെ മുന്നേറ്റം തുടരുകയാണ്. 232 മത്സരങ്ങളുള്ള കലോത്സവത്തിന്റെ ആറാം ദിനം 230 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 909 പോയിന്റ് നേടി കോഴിക്കോട് ഒന്നാമതും 902 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലുമുണ്ട്. സുവര്‍ണ കിരീടത്തില്‍ വിരല്‍ തൊടാന്‍ അവസാനദിനം ആറ് മത്സരമാണ് ബാക്കിയുള്ളത്. ഇന്ന് വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടത്തെ ഒന്നാം വേദിയായ ചിലങ്കയില്‍ വി എസ് അച്യൂതാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്ന സമാപന ചടങ്ങ് വരെ ഈ പിരിമുറുക്കം തുടരുമെന്ന സൂചനയാണ് മത്സരങ്ങള്‍ നല്‍കുന്നത്. വിജയികള്‍ക്ക് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് കലാകിരീടം സമ്മാനിക്കും. സുരാജ് വെഞ്ഞാറമ്മൂട്,നിവിന്‍ പോളി എന്നിവര്‍ വിശിഷ്ടാഥിതികളായിരുക്കും.
ആറാം ദിനവും വര്‍ണശബളമായിരുന്നു കലോത്സവം. കേരള നടനം, സംഘനൃത്തം, ഹയര്‍സെക്കന്‍ഡറി ഒപ്പന, നാടോടി നൃത്തം എന്നിവയൊക്കെ ഒന്നിനൊന്ന് മികച്ചതായിരുന്നു. താളമേള വര്‍ണവിസ്മയം ഉയര്‍ത്തി നാടന്‍പാട്ട്, നാടോടി നൃത്തം, സംഘനൃത്തം എന്നിവ വേദിയില്‍ നിറഞ്ഞപ്പോള്‍ കാണികളും ആവേശത്തിലായി.നാടകവേദിയുടെ ദുര്‍ദശ ആറാംദിനവും ആവര്‍ത്തിച്ചു. സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി ഓഡിറ്റോറിയത്തിലെവേദി അഞ്ചില്‍ഹൈസ്‌കൂള്‍ വിഭാഗം നാടകം തുടങ്ങിയത് മുതല്‍ അലങ്കോലമായി. ഹയര്‍സെക്കന്‍ഡറി വിഭാഗം നാടകവുമായി ബന്ധപ്പെട്ടു ഉയര്‍ന്ന ശബ്ദസജ്ജീകരണത്തിലെ അപാകത പരിഹരിക്കാന്‍ തയ്യാറാവാതിരുന്നതാണ് കാരണം. ആദ്യനാടകത്തിലെ ഡയലോഗുകള്‍ കേള്‍ക്കാതെ വന്നപ്പോള്‍ സദസ്സ് പ്രതിഷേധവുമായി എഴുന്നറ്റു. സൂര്യകൃഷ്ണമൂര്‍ത്തി, നടന്‍ കൊച്ചുപ്രേമന്‍, നടി സേതുലക്ഷ്മി തുടങ്ങി നാടിന്റെ നാനാഭാഗത്ത് നിന്നുമുള്ള നാടകകലകാരന്മാര്‍ സദസ്സില്‍ ഉണ്ടായിരുന്നു. ചില ഉപകരണങള്‍ മാറ്റി നാടകം തുടരാന്‍ ശ്രമിച്ചുവെങ്കിലും പ്രതിഷേധം ശക്തമായി. ഒടുവില്‍ മറ്റൊരു വേദിയിലേക്ക് നാടകം മാറ്റാന്‍ തീരുമാനിച്ചു. രാവിലെ പത്തിന് തുടങ്ങേണ്ട നാടകമത്സരം വൈകിട്ട് അഞ്ചിനാണ്് പൂജപ്പുര മൈതാനിയില്‍ തുടങ്ങിയത്. മത്സരാര്‍ഥികള്‍ ശരിക്കും വട്ടം കറങ്ങി. പെണ്‍കുട്ടികളുടെ ഹൈസ്‌കൂള്‍ വിഭാഗം നാടോടി മത്സരം നടന്ന വിജെടി ഹാളിലും പ്രതിഷേധമുണ്ടായി. നൃത്തം നടന്നുകൊണ്ടിരിക്കെ സിഡി പ്ലെയര്‍ പകുതിക്ക് നിന്നതായിരുന്നു പ്രശ്‌നം.
പോയവര്‍ഷത്തെ പോലെ അപ്പീലുകള്‍ക്കും ക്ഷാമമുണ്ടായില്ല. ഞായറാഴ്ചവരെ 839 പേര്‍ അപ്പീലുമായി എത്തി മത്സരിച്ചു സംസ്ഥാനതല മത്സരത്തിന്റെ വിധി 278 പേര്‍ അപ്പീല്‍ നല്‍കി ചോദ്യം ചെയ്തു. തബലമത്സരത്തില്‍ ക്രമവിരുദ്ധമായി മാര്‍ക്ക് നല്‍കിയ ഒരു വിധികര്‍ത്താവിനെതിരെ നടപടി സ്വീകരിക്കേണ്ടിയും വന്നു.