Connect with us

Kerala

നീര്‍മാതള ഭൂമിയില്‍ കമലാ സുരയ്യക്ക് സ്മാരകമൊരുങ്ങി

Published

|

Last Updated

തൃശ്ശൂര്‍: പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ട് തറവാട്ടുവളപ്പിലെ നീര്‍മാതള ഭൂമിയില്‍ വിശ്വപ്രശസ്ത എഴുത്തുകാരി കമലാ സുരയ്യയുടെ സ്മരണക്കായി സ്മാരക മന്ദിരം ഒരുങ്ങി. മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് നിര്‍വഹിക്കും.
നാലപ്പാട്ട് തറവാട്ട് വളപ്പില്‍ നടക്കുന്ന പരിപാടിയില്‍ തൃശൂര്‍ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിക്കും. അക്കാദമി വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍, ഗുരുവായൂര്‍ നിയോജക മണ്ഡലം എം എല്‍ എ. കെ വി അബ്ദുല്‍ ഖാദര്‍, പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എഡി ധനീപ്, ജില്ലാ പഞ്ചായത്ത് അംഗം ടി എ ആഇഷ, ഡോ. സുലോചന നാലപ്പാട്ട്, കെ ബി സുകുമാരന്‍, അശോകന്‍ നാലപ്പാട്ട് എന്നിവര്‍ പങ്കെടുക്കും.
പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ടു തറവാടിന്റെ ആമിയായും, മലയാളത്തിന്റെ പ്രിയകഥാകാരി മാധവിക്കുട്ടിയായും ആംഗലേയ സാഹിത്യത്തില്‍ കമലാദാസായും നിറഞ്ഞു നില്‍ക്കുന്ന കമലാ സുരയ്യയുടെ പേരിലുള്ള സ്മാരകത്തിന് 2010 ആഗസ്റ്റ് അഞ്ചിനാണ് അന്നത്തെ സാംസ്‌കാരിക മന്ത്രി എം എ ബേബി ശിലാസ്ഥാപനം നടത്തിയത്. ചുവപ്പ് നാടകളില്‍ കുരുങ്ങിയ സ്മാരകത്തിന്റെ നിര്‍മാണം 2014 ജനുവരിയില്‍ സാഹിത്യ അക്കാദമിക്ക് വേണ്ടി നിര്‍മിതി കേന്ദ്രം ഏറ്റെടുത്തു.
പൈതൃക സ്വത്തായി ലഭിച്ച 17 സെന്റ് കമലാ സുരയ്യയും ഇതോട് ചേര്‍ന്ന് പത്തേകാല്‍ സെന്റ് ഭൂമി കെ ബി സുകുമാരനും 2009 മാര്‍ച്ചില്‍ അക്കാദമിക്ക് ദാനമായി നല്‍കി. മൂന്ന് നിലകളിലായി പണികഴിപ്പിച്ച മന്ദിരത്തില്‍ 4500 ചതുരശ്ര അടി വരുന്ന കെട്ടിടവും പടിപ്പുരയും നാലപ്പാട്ടു കുളവും ചേര്‍ന്നതാണ് സ്മാരക സമുച്ഛയം. ഒന്നര കോടിയാണ് നിര്‍മാണത്തിന് ചെലവിട്ടത്. കുളം നാല് ഭാഗവും ഭിത്തിയും കടവും പണിത് മോടിയാക്കാന്‍ 11 ലക്ഷം ചെലവായതായി നിര്‍മിതി കേന്ദ്രം എന്‍ജിനീയര്‍ ബീന പറഞ്ഞു.
മ്യൂസിയം, ഗ്രന്ഥശാല, ഓഡിറ്റോറിയം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് സാംസ്‌കാരിക മന്ദിരം. നാലപ്പാട്ടു നാരായണമേനോന്റെയും ബാലാമണിയമ്മയുടെയും സ്മരണ നിലനിര്‍ത്താനും മന്ദിരത്തില്‍ സംവിധാനമൊരുക്കും. നാലപ്പാട്ട് സര്‍പ്പക്കാവും വേര്‍തിരിച്ച് സംരക്ഷിക്കുന്നുണ്ട്.

Latest