Connect with us

Gulf

എണ്ണ വിലത്തകര്‍ച്ചയെ വിജ്ഞാന മേഖലയിലെ നിക്ഷേപത്തിനുള്ള അവസരമാക്കണം: ഡോ. തലാല്‍

Published

|

Last Updated

ദോഹ: ഖത്വര്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ധനവിലത്തകര്‍ച്ചയില്‍ മനഃക്ലേശം അനുഭവിക്കുകയല്ല, മറിച്ച് “വിജ്ഞാന കമ്പനി”കളില്‍ നിക്ഷേപം വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്ന് പ്രശസ്ത സാമ്പത്തികവിദഗ്ധന്‍ ഡോ. തലാല്‍ അബുഗസാലിഹ്. വിതരണവും ആവശ്യവും തമ്മിലുള്ള ബന്ധത്തിന്റെ ഫലമല്ല എണ്ണ വിലത്തകര്‍ച്ച. മറിച്ച് രാഷ്ട്രീയ ഇച്ഛാശക്തിയുടെയും രാഷ്ട്രീയ സ്വഭാവത്തിന്റെയും ഫലമാണെന്നും തലാല്‍ അബുഗസാലിഹ് ഓര്‍ഗനൈസേഷന്റെ സ്ഥാപകനായ അദ്ദേഹം പറഞ്ഞു.
മറ്റൊരു ഉത്പന്നവും പോലെയല്ല ഇന്ധനം. ലോക വ്യാപാര സംഘടന ഇതിനെ ഒരു ചരക്കായി അംഗീകരിച്ചിട്ടില്ല. വ്യാപാരവും ഉത്പന്നങ്ങളും നിയന്ത്രിക്കുന്ന നിയമങ്ങള്‍ എണ്ണക്ക് ബാധകവുമല്ല. ലോകത്തെ എല്ലാ ശക്തികളും തന്ത്രപ്രധാന ചരക്ക് ആയാണ് എണ്ണയെ പരിഗണിക്കുന്നത്. വിതരണവും ആവശ്യവും തമ്മിലുള്ള ബന്ധമെന്ന യുക്തിവെച്ച് എണ്ണ വിലത്തകര്‍ച്ചയെ നിര്‍വചിക്കാന്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് എണ്ണ വിധേയമാകുന്നു. അതിന്റെ തന്ത്രപ്രധാന സ്ഥാനം കൊണ്ടാണ് രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് വിധേയമാകുന്നത്. രാഷ്ട്രീയ ഇച്ഛാശക്തിയും രാഷ്ട്രീയ തീരുമാനങ്ങളുമാണ് എണ്ണ വിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് “വിജ്ഞാന കമ്പനികള്‍” സ്ഥാപിച്ച് നിക്ഷേപിച്ച് സാമ്പത്തിക വൈവിധ്യവത്കരണം നടത്തുന്നതിന് വലിയ അവസരമാണ് ഇന്ധനവിലത്തകര്‍ച്ച അറബ് മേഖലക്ക് നല്‍കുന്നത്. എണ്ണയുത്പാദകര്‍ക്ക് കരുതല്‍ശേഖരം ഉണ്ടാകും. അടിസ്ഥാന ബജറ്റ് ആവശ്യങ്ങള്‍ക്ക് മാത്രമേ അതിനെ അവലംബിക്കാവൂ. ഭാവിയില്‍ എന്തൊക്കെ പൂര്‍ത്തീകരിക്കണം എന്ന ചിന്തയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കണം. വിജ്ഞാന നിര്‍മാതാക്കളായ സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങള്‍ ചെയ്ത കാര്യങ്ങള്‍ നാം ഭാവിയില്‍ ചെയ്യേണ്ടതുണ്ട്. വിജ്ഞാന സൃഷ്ടിപ്പിന്റെ പുറത്താണ് സ്വത്ത് സമ്പാദനം. ഫിന്‍ലാന്‍ഡിലെ പോലെ വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യത്തെ പരിവര്‍ത്തനം ചെയ്യാന്‍ ഖത്വറിലെ നേതൃത്വത്തിനും ജനങ്ങള്‍ക്കും സാധിക്കും. ആഗോള വിജ്ഞാന വ്യവസായം തുടങ്ങിയ ഫിന്‍ലാന്‍ഡില്‍ ഒരു രാജ്യത്തിന്റെ മൊത്തം ജി ഡി പിയാണ് വിദ്യാഭ്യാസത്തിലൂടെയുണ്ടായത്. അത്തരം കാര്യങ്ങളെ സംബന്ധിച്ച് ചിന്തിച്ച് പ്രവര്‍ത്തിക്കാനുള്ള യോജിച്ച സമയമാണിത്. എണ്ണ വിലത്തകര്‍ച്ചയില്‍ എണ്ണയുത്പാദക രാഷ്ട്രങ്ങള്‍ മനസ്സാന്നിധ്യം കൈവിടേണ്ടതില്ല. ഇത് നഷ്ടമല്ല മറിച്ച് വരുമാനത്തിന്റെ നീക്കവെപ്പ് മാത്രമാണ്. എണ്ണ വിലത്തകര്‍ച്ച കാരണം ഇപ്പോള്‍ ഉത്പാദിപ്പിക്കാത്ത എണ്ണ, ഭാവിയിലേക്കുള്ള സ്വത്തായി ഭൂമിക്കടിയില്‍ തന്നെയുണ്ടാകും. വില മെച്ചപ്പെടുമ്പോള്‍ അവ നല്ല വിലക്ക് വില്‍ക്കാമല്ലൊ. അതിനാല്‍ ഈ അവസരത്തില്‍ നിരാശരാകേണ്ടതില്ല. വാതകം, ഷേല്‍ ഇന്ധനം, പുതുക്കാവുന്ന ബദല്‍ ഊര്‍ജ സ്രോതസ്സുകള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ ഊര്‍ജത്തിന്റെ സ്രോതസ്സ് എന്നതില്‍ നിന്ന് ഉത്പാദനത്തിന്റെ അസംസ്‌കൃതവസ്തു എന്ന രീതിയിലാണ് എണ്ണ ഉപയോഗിക്കേണ്ടത്. ഫാര്‍മസ്യൂട്ടിക്കല്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ എണ്ണ ഉപയോഗിക്കുമ്പോള്‍ മൂല്യം ഉയരും. ഇത്തരം അവസ്ഥയില്‍ ഊര്‍ജസ്രോതസ്സ് എന്ന അവസ്ഥയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ ഇരട്ടി ലഭിക്കാനും ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest