Connect with us

Kerala

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ മുഖ്യമന്ത്രിയെ വിസ്തരിച്ചു

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന് മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹാജരായി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് അഴിമതിക്കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ ഒരു മുഖ്യമന്ത്രിയില്‍നിന്ന് മൊഴിയെടുക്കുന്നത്. നടപടികള്‍ ഒറ്റ ദിവസംകൊണ്ട് പൂര്‍ത്തിയാക്കണമെന്നുള്ളതുകൊണ്ടാണ് മൊഴിയെടുപ്പും ക്രോസ് വിസ്താരവും മണിക്കൂറുകള്‍ നീണ്ടത്. രാത്രി ഒരു മണിയോടെ വിസ്താരം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പുറത്തിറങ്ങി.

കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയ മുഖ്യമന്ത്രി വിശദമായ സത്യാവാങ്മൂലവും സമര്‍പ്പിച്ചു. സോളാര്‍ ഇടപാടില്‍ സര്‍ക്കാറിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന് കമ്മീഷന് മുന്നിലും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രി ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ ഹാജരാകുന്നത്.
ക്രഷര്‍ ഉടമ ശ്രീധരന്‍ നായരോടൊപ്പം സരിത എസ് നായരെ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ കണ്ടെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീധരന്‍ നായരെ കണ്ടതു ശരിയാണ്. ക്രഷര്‍ ഉടമകളുടെ സംഘടന ആവശ്യപ്പെട്ടതനുസരിച്ചാണ് അനുമതി നല്‍കിയത്. ഈ സമയത്ത് സരിത സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നോ എന്ന് തനിക്കറിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ മൊഴി. ശ്രീധരന്‍ നായര്‍ കാണാന്‍ വന്ന സമയത്ത് സരിത അവിടെ ഉണ്ടായിരുന്നുവെന്ന് തെക്കന്‍ മേഖലാ എ ഡി ജി പി. എ ഹേമചന്ദ്രന്റെ മൊഴിയില്‍ ഉള്ളതായി കമ്മീഷന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഓഫീസിനകത്തും പുറത്തും വഴിയിലും വെച്ച് താനാളുകളോട് സംസാരിക്കാറുണ്ടെന്നും ആരൊക്കെ വന്നുവെന്ന് കൃത്യമായി അറിയില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നല്‍കാന്‍ ആഗ്രഹമുണ്ടെന്ന് സരിത അറിയിച്ചിരുന്നു. അവര്‍ പണം തരികയും ചെയ്തു. ഇതിന് മുഖ്യമന്ത്രിയുടെ ലെറ്റര്‍ ഹെഡില്‍ നന്ദി അറിയിച്ചു. എന്നാല്‍, ഈ ലെറ്റര്‍ഹെഡ് പിന്നീട് ദുരുപയോഗം ചെയ്തു. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ സരിത തന്നെ കാണാന്‍ അനുവാദം ചോദിച്ചിരുന്നതായികമ്മീഷന് തോമസ് കുരുവിള മൊഴി നല്‍കിയത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. അവിടെ വെച്ച് സരിതയെ കണ്ടിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
അതേസമയം, സോളാര്‍ കേസില്‍ പൊതുതാത്പര്യം പരിഗണിച്ചില്ലെന്ന് പറഞ്ഞ കമ്മീഷന്‍, വിശദമായ അന്വേഷണം നടന്നോ എന്നും പരാതികള്‍ കേന്ദ്രീകരിച്ചാണോ അന്വേഷണം നടന്നതെന്നും മുഖ്യമന്ത്രിയോട് ചോദിച്ചു. സോളാര്‍ തട്ടിപ്പിലെ എല്ലാ കേസുകളും സമഗ്രമായി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, എ ഡി ജി പി ഹേമചന്ദ്രന്റെ മൊഴിയും മുഖ്യമന്ത്രി പറയുന്നതും തമ്മില്‍ വൈരുധ്യമുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇതേപ്പറ്റിയുള്ള കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കിയില്ല.
അതേസമയം, സോളാര്‍ കമ്മീഷന് മുമ്പാകെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സത്യവാങ്മൂലവും സമര്‍പ്പിച്ചു. ബിജു രാധാകൃഷ്ണന്‍ തന്നെ കണ്ടത് വ്യക്തിപരമായി പരാതി പറയാനാണ്. അതിലെ ഉള്ളടക്കം വെളിപ്പെടുത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.