Connect with us

Ongoing News

പ്രതിഭയും തിലകവുമില്ലെങ്കിലും ഇവര്‍ താരങ്ങള്‍

Published

|

Last Updated

തിരുവനന്തപുരം: കലാതിലകം, പ്രതിഭാ പട്ടങ്ങള്‍ നിര്‍ത്തലാക്കിയതുകൊണ്ട് അറിയപ്പെടാതെ കടന്നു പോകുന്ന നിരവധി കലാകാരന്മാരെയാണ് ഓരോ കലോല്‍സവങ്ങളും ജനിപ്പിക്കുന്നത്. ഈ കലോല്‍സവത്തില്‍ താരങ്ങളായ ചിലരെ പരിചയപ്പെടാം

നീഹാരിക മോഹന്‍
പങ്കെടുത്ത മൂന്ന് ഇനങ്ങളില്‍ രണ്ടെണ്ണത്തിനും ഒന്നാം സ്ഥാനമാണ് ഈ കൊച്ചുമിടുക്കിക്ക്. ഓട്ടന്‍തുള്ളലിലും നങ്യാര്‍കൂത്തിലുമാണ് ഈ വിജയത്തിളക്കം, മോണോ ആക്ടില്‍ എ ഗ്രേഡോഡെ രണ്ടാം സ്ഥാനം. തലശ്ശേരി ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസുകാരിയാണ് നീഹാരിക.
ഒരു വടക്കന്‍ സെല്‍ഫി, മൈ ബിഗ് ഫാദര്‍, ലിവിംഗ് ടുഗതര്‍, പേടിത്തൊണ്ടന്‍ തുടങ്ങിയ സിനിമകളില്‍ നീഹാരിക അഭിനയിച്ചിട്ടുണ്ട്. ദേശീയ ബാലഭവന്റെ ഈ വര്‍ഷത്തെ പുരസ്‌കാര ജേതാവ് കൂടിയാണ് നീഹാരിക. പുന്നോല്‍ സഹകരണ ബേങ്ക് മാനേജര്‍ ടി ടി മോഹനന്റെയും ഷൈനിയുടെയും മകളാണ്.

ഗോപികാ രാജ്
പങ്കെടുത്ത മൂന്ന് നൃത്ത ഇനങ്ങളില്‍ രണ്ടെണ്ണത്തിന് ഒന്നാം സ്ഥാനവും ഒരെണ്ണ്തിന് എ ഗ്രേഡോഡെ മൂന്നാം സ്ഥാനവുമാണ് ഗോപികക്ക്. കുച്ചിപ്പുഡി, കഥകളി എന്നിവയില്‍ ഒന്നാം സ്ഥാനം. മോഹിനിയാട്ടത്തില്‍ മൂന്നാം സ്ഥാനം. പ്രശസ്ത നര്‍ത്തകി നീനാ പ്രസാദിന്റെ ശിഷ്യയാണ് ഗോപിക.
തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. നാല് വയസു മുതലാണ് ഗോപിക നൃത്ത പഠനം തുടങ്ങിയത്. കഥകളിയില്‍ ഗുരു കലാമണ്ഡലം കൃഷ്ണപ്രസാദാണ്. കുച്ചിപ്പുഡിയില്‍ ജയ്കിഷോറാണ് ഗുരു. അച്ഛന്‍ രാജേന്ദ്രന്‍പിള്ള, അമ്മ ജയലക്ഷ്മി.

ധനുഷ് മോഹന്‍
നൃത്ത ഇനങ്ങളില്‍ തന്നെയാണ് ധനുഷ് മോഹനും മാറ്റുരച്ചത്. ഭരതനാട്യത്തിനും നാടോടി നൃത്തത്തിനും എ ഗ്രേഡോഡെ രണ്ടാം സ്ഥാനം. കുച്ചിപ്പുഡിക്ക് എ ഗ്രേഡോഡെ മൂന്നാം സ്ഥാനവും. രണ്ടാം ക്ലാസ് മുതലാണ് ധനുഷ് നൃത്ത പഠനം തുടങ്ങിയത്. കൊല്ലം സെന്റ് അലോഷ്യസ് എച്ച് എസ് എസിലെ എട്ടാം ക്ലാസുകാരനാണ് ധനുഷ്.
ജില്ലയില്‍ നടന്ന ഹയര്‍ അപ്പീലിലൂടെയാണ് ധനുഷ് ഭരതനാട്യ വേദിയിലെത്തി രണ്ടാം സ്ഥാനം നേടിയത്. ലാല്‍കുമാറാണ് ഗുരു. ചന്ദ്രമോഹന്റെയും ബിന്ദുവിന്റെയും മകനാണ്.

അര്‍ച്ചന
കലോല്‍സവം അര്‍ച്ചനക്ക് പുത്തരിയല്ല. മുന്‍ കലോല്‍സവങ്ങളിലും അര്‍ച്ചന താരപ്പകിട്ടോടെയാണ് മടങ്ങിയിട്ടുള്ളത്. ഇക്കുറി ഉറുദു പദ്യം ചൊല്ലലിലും മാപ്പിളപ്പാട്ടിലും ഗസലിലുമാണ് മത്സരിച്ചത്. ഉറുദു പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ടില്‍ മൂന്നാം സ്ഥാനവും ഗസലില്‍ എ ഗ്രേഡും നേടി.
പാലക്കാട് നടന്ന കലോല്‍സവത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയിന്റെ നേടിയത് അര്‍ച്ചനയായിരുന്നു. പാലക്കാട് ആലത്തൂര്‍ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. അധ്യാപകരായ രാമദാസും പ്രീതയുമാണ് മാതാപിതാക്കള്‍.

Latest