Connect with us

International

ഹിറ്റ്‌ലറുടെ മരണം ആത്മഹത്യയല്ല; ബ്രസീലില്‍ 95 വയസ്സുവരെ ജീവിച്ചുവെന്ന്

Published

|

Last Updated

ലണ്ടന്‍: അഡോള്‍ഫ് ഹിറ്റ്‌ലറുടെ മരണത്തെ സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. നേരത്തെയുള്ള ചരിത്ര വിവരണങ്ങള്‍ പ്രകാരം 1945 ഏപ്രില്‍ 30ന് ബെര്‍ലിനിലെ ഒരു ബങ്കറില്‍ വെച്ച് ഹിറ്റ്‌ലര്‍ സ്വയം വെടിവെച്ച് മരിച്ചെന്നാണ് പറയപ്പെടുന്നതെങ്കിലും ബ്രസീലില്‍ 95 വയസ്സ് വരെ അദ്ദേഹം ജീവിച്ചിരുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. “ഹിറ്റ്‌ലര്‍ ഇന്‍ ബ്രസീല്‍- ഹിസ് ലൈഫ് ആന്‍ഡ് ഡെത്ത്” എന്ന സിമോനി റെനീ ഗ്വറീറോ ഡയാസ് എഴുതിയ പുതിയ പുസ്തകത്തിലാണ് ഈ കണ്ടെത്തലുകള്‍ ഉള്ളത്. പാരഗ്വയില്‍ നിന്ന് അര്‍ജന്റീന വഴി ആണ് ഇദ്ദേഹം ബ്രസീലിലേക്ക് കടന്നതെന്നും അവിടെ മാട്ടോ ഗ്രോസോ എന്ന പട്ടണത്തില്‍ അദ്ദേഹം 95 വയസ്സുവരെ ജീവിച്ചിരുന്നുവെന്നും പുസ്തകം അവകാശപ്പെടുന്നു. ഇതിന് തെളിവായി മരിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ് തന്റെ ഗേള്‍ഫ്രണ്ട് കൂട്ടിന്‍ഗയുമായി നില്‍ക്കുന്ന ഹിറ്റ്‌ലറുടെ ഫോട്ടോയും ഗ്രന്ഥകാരന്‍ നല്‍കുന്നുണ്ട്. 95 വയസ്സുവരെ ജീവിച്ചിരുന്നെങ്കില്‍ ഹിറ്റ്‌ലറുടെ മരണം 1984ലായിരിക്കും. അഡോള്‍ഫ് ലെയ്പ്‌സിഗ് എന്ന പേരിലാണ് ഹിറ്റ്‌ലര്‍ സ്വയം പരിചയപ്പെടുത്തിയിരുന്നതെന്നും ജര്‍മന്‍കാരനായ വൃദ്ധന്‍ എന്ന നിലക്കാണ് പ്രദേശവാസികള്‍ ഇദ്ദേഹത്തെ കണ്ടിരുന്നതെന്നും പുസ്തകത്തിലുണ്ട്. വത്തിക്കാനിലെ ഒരു സുഹൃത്ത് നല്‍കിയ മാപ്പ് പ്രകാരം കുഴിച്ചിടപ്പെട്ട രഹസ്യനിധി അന്വേഷിച്ചു കണ്ടുപിടിക്കാനാണ് ഹിറ്റ്‌ലര്‍ ഇവിടെ തമ്പടിച്ചതെന്നും സിമോനി റെനീ ഗ്വറീറോ ഡയാസ് എഴുതുന്നു. അഡോള്‍ഫ് ലെയ്പ്‌സിഗ് എന്ന വ്യക്തിയുടെ ഭൗതിക ശരീരം ഡി എന്‍ എ ടെസ്റ്റിന് വിധേയമാക്കിയാല്‍ തന്റെ വാദങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെടുമെന്നും ഗ്രന്ഥകാരന്‍ പറയുന്നു.

Latest