Connect with us

International

കാലാവധി തീര്‍ന്നാല്‍ സ്ഥാനമൊഴിയുമെന്ന് പാക് സൈനിക ജനറല്‍ റഹീല്‍ ശരീഫ്

Published

|

Last Updated

ഇസ്‌ലാമാബാദ്: മൂന്ന് വര്‍ഷത്തെ തന്റെ കാലാവധി കഴിഞ്ഞാല്‍ സൈനിക ജനറല്‍ സ്ഥാനത്ത് നിന്ന് വിരമിക്കുമെന്ന് പാക് സൈനിക ജനറല്‍ റഹീല്‍ ശരീഫ്. നവംബറിലാണ് ഇദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്. പാക്കിസ്ഥാനിലെ മുന്‍ സൈനിക മേധാവികളെല്ലാം കാലാവധി കഴിയാറാകുമ്പോള്‍ സ്ഥാനം നീട്ടിത്തരണമെന്ന് ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ആ പാരമ്പര്യത്തെ നിരാകരിച്ചുകൊണ്ടാണ് പാക്കിസ്ഥാനില്‍ വലിയ സ്വാധീനമുള്ള റഹീല്‍ ശരീഫ് സ്വയം വിരമിക്കുമെന്ന് പ്രഖ്യാപിച്ചത്.
2003ലാണ് സൈനിക ജനറലായി റഹീല്‍ സ്ഥാനമേറ്റെടുക്കുന്നത്. ഇതേതുടര്‍ന്ന് പാക് സൈന്യം അഫ്ഗാനിലെ അതിര്‍ത്തിയിലെ തീവ്രവാദ സംഘങ്ങള്‍ക്കെതിരെ കനത്ത ആക്രമണം നടത്തിയിരുന്നു. തീവ്രവാദി ആക്രമണങ്ങളില്‍ പൊറുതിമുട്ടിയ പാക് ജനത ഈ നടപടിയെ സ്വാഗതം ചെയ്തു. പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ രാജ്യത്ത് പ്രക്ഷോഭം ഉണ്ടായപ്പോള്‍ റഹീല്‍ ശരീഫ് അദ്ദേഹത്തിന് പിന്തുണ നല്‍കി രംഗത്തെത്തി. അതോടൊപ്പം തന്നെ ദേശീയ സുരക്ഷ, വിദേശ നയം എന്നീ വിഷയങ്ങളില്‍ സൈനിക നിലപാട് ഉറപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഫ്ഗാന്‍ താലിബാന്‍ സമാധാന ചര്‍ച്ചയില്‍ താലിബാന്‍ തീവ്രവാദികളെ സമാധാന ചര്‍ച്ചയുടെ വഴിയിലേക്ക് കൊണ്ടുവരുന്നതിലും റഹീലിന് നല്ല പങ്കുണ്ട്.