Connect with us

Alappuzha

ബഹുമതികള്‍ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കനുസരിച്ച് നല്‍കാനുള്ളതല്ല: കാന്തപുരം

Published

|

Last Updated

ആലപ്പുഴ: രാഷ്ട്രത്തിന്റെ ബഹുമതികളും പുരസ്‌കാരങ്ങളും ഭരണാധികാരികളുടെ താല്പര്യങ്ങള്‍ക്കും രാഷ്ട്രീയ നിലപാടുകള്‍ക്കും അനുസരിച്ച് മാത്രം വിതരണം ചെയ്യേണ്ടതല്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ ഫാറൂഖ് നഈമിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍മജാഗരണയാത്ര സമാപന സമ്മേളനം കായംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രത്തിന്റെ ബഹുമതികള്‍ നല്‍കുന്നത് വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനവും മഹത്വവും വിലയിരുത്തിയാകണം.ഭരിക്കുന്ന പാര്‍ട്ടിയുടെ താല്പര്യങ്ങള്‍ നോക്കി മാത്രം രാഷ്ട്രത്തിന്റെ ബഹുമതികളും പുരസ്‌കാരങ്ങളും വിതരണം ചെയ്യുന്ന രീതിയാണ് ഇന്ത്യയിലുള്ളത്.എല്ലാ കാലത്തും ഇത് നിലനില്‍ക്കില്ലെന്ന് കാന്തപുരം പറഞ്ഞു. നാടിന്റെ പുരോഗതിക്കായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് പകരം ഭരണ-പ്രതിപക്ഷങ്ങള്‍ പ്രതിയോഗികളെ പോലെ പെരുമാറുകയും നാടിന്റെ വികസനം മറക്കുകയും ചെയ്യുന്ന കാഴ്ച നാടിന് ശാപമാണ്.അസഹിഷ്ണുതയുടെ വിത്തുകള്‍ പാകി രാജ്യത്തെ ജനങ്ങളുടെ സൈ്വരജീവിതം തകര്‍ക്കുന്ന നടപടികള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും എതിര്‍ക്കപ്പെടേണ്ടതാണ്.ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാക്കാലത്തും നിലനില്‍ക്കുമെന്നത് വ്യാമോഹം മാത്രമാണ്.ലോകത്ത് ഇസ്ലാം വളര്‍ന്നതും പ്രചരിച്ചതും തീവ്രവാദത്തിലൂടെയോ ഭീകരവാദത്തിലൂടെയോ അല്ല.സമത്വത്തിന്റെയും സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും മതമാണ് ഇസ്ലാമെന്ന് മനസ്സിലാക്കുന്ന ബുദ്ധിജീവികള്‍ അനുദിനം അതിന്റെ വക്താക്കളായി മാറുന്ന കാഴ്ചയാണ് ലോകത്തുള്ളത്.എതിര്‍പ്പുകളെ തൃണവത്ഗണിച്ച് സുന്നികള്‍ പ്രവര്‍ത്തന രംഗത്ത് മുന്നേറണമെന്ന് കാന്തപുരം ആഹ്വാനം ചെയ്തു.