Connect with us

National

അരുണാചല്‍: കേന്ദ്രത്തിന് സുപ്രീം കോടതി വിമര്‍ശം

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രീയ തര്‍ക്കത്തിന്റെ പേരില്‍ അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതി വിമര്‍ശം. ഇത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു. സംസ്ഥാനവുമായി ബന്ധപ്പെട്ട് ഭരണഘടനാ അനിശ്ചിതത്വ വിഷയത്തില്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് കേസില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ഫയല്‍ ചെയ്ത ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസുമാരായ ജെ എസ് ശേഖര്‍, സി നാഗപ്പന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്. കേസ് ഭരണഘടനാ ബഞ്ചും പരിഗണിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി. ഇതിനിടെ സംഭവം വിവാദമായതോടെ രാഷ്ട്രപതി ഭവന്‍ കേന്ദ്രസര്‍ക്കാറിനോട് വിശദീകരണം തേടിയിട്ടുണ്ട്.
അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ജെ പി രാജ്‌ഖൊവക്കും കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. അരുണാചലില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം എന്തിനാണ് തിടുക്കം കാട്ടിയതെന്ന് ചോദിച്ച പരമോന്നത കോടതി ഇത്തരത്തില്‍ തീരുമാനമെടുക്കുമ്പോള്‍ അറ്റോര്‍ണി ജനറലിന്റെ സഹായം തേടേണ്ടിയിരുന്നുവെന്നും ഓര്‍മിപ്പിച്ചു. നേരത്തെ കോടതി ചേര്‍ന്നപ്പോള്‍ അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് ഗവര്‍ണര്‍ 15 മിനിറ്റിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ് നരിമാനും കപില്‍ സിബലുമാണ് ഹാജരായത്.

Latest