Connect with us

Gulf

മരുന്നു വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

Published

|

Last Updated

ദോഹ: രാജ്യത്ത് ലഭ്യമായ 4800ലേറെ മരുന്നുകളുടെ വിവരങ്ങള്‍ ഇനി ഓണ്‍ലൈനില്‍ ലഭ്യം. ഖത്വര്‍ നാഷനല്‍ ഫോര്‍മുലറി (ക്യു എന്‍ എഫ്) എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് തുടങ്ങിയതോടെ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മരുന്നുവിവരങ്ങള്‍ ഓണ്‍ലൈനിലും (www.qnf.qa) മൊബൈല്‍ ആപ്പ് വഴിയും അറിയാം.
തെളിവ് അടിസ്ഥാനത്തില്‍ മികച്ച രോഗീ പരിചരണം സാധ്യമാകുമെന്നതിനാല്‍ ക്ലിനിക്കല്‍ സ്റ്റാഫുകള്‍ക്കും മരുന്നുവിവരം അന്വേഷിക്കാന്‍ സാധ്യമാക്കിയത് മികച്ച ചുവടുവെപ്പാണെന്ന് എസ് സി എച്ച് മെഡിക്കല്‍ അഫയേഴ്‌സ് അസി. സെക്രട്ടറി ജനറല്‍ ഡോ. സ്വാലിഹ് അലി അല്‍ മര്‍റി പറഞ്ഞു. മരുന്നുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാണ്. എങ്ങനെയാണ് മരുന്ന് തിരയേണ്ടത് എന്നതുസംബന്ധിച്ച പരിശീലന വീഡിയോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മരുന്നുകുറിക്കുക, വിതരണം ചെയ്യുക, മേല്‍നോട്ടം വഹിക്കുക തുടങ്ങിയവക്കുള്ള സമയവും ചെലവും കുറക്കുന്നതാണ് ഇത്. മരുന്നുകള്‍ സുരക്ഷിതമായും കൃത്യമായും ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്താനും ഇതുകൊണ്ട് സാധിക്കുമെന്ന് ഫാര്‍മസി, ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് ഡയറക്ടര്‍ ഡോ. ആഇശ അല്‍ അന്‍സാരി പറഞ്ഞു. മരുന്ന് ലഭ്യതയെ സുതാര്യമാക്കുകയും തെറ്റുകളും ആശയക്കുഴപ്പവും കുറക്കാന്‍ സഹായിക്കുകയും വേഗം തീരുമാനമെടുക്കാന്‍ സാധിക്കുകയും ചെയ്യും.
ആപ്പ് സംവിധാനമുള്ളതിനാല്‍ ഇന്റര്‍നെറ്റ് പോലും ആവശ്യമില്ലാതെ മരുന്നുവിവരം അറിയാം. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് എപ്പോള്‍ വേണമങ്കിലും മരുന്നുവിവരം അറിയാം. അതേസമയം, നേരിട്ടുള്ള മരുന്നുകുറിക്കലിനോ പരിശോധനക്കോ പകരമുള്ള സംവിധാനമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മരുന്നുകളുടെ ലഭ്യതയെ സംബന്ധിച്ച വിവരങ്ങള്‍ മാത്രമാണ് ലഭിക്കുക. അതേസമയം, രോഗങ്ങള്‍ക്ക് എപ്പോഴും ഡോക്ടറെ സമീപിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. പൊതുജനങ്ങളില്‍ അന്വേഷണത്വര വര്‍ധിപ്പിക്കുകയും ആരോഗ്യത്തെ സംബന്ധിച്ച് എപ്പോഴും ശ്രദ്ധാലുക്കളാക്കുകയും ചെയ്യാന്‍ ഇത് സഹായിക്കും. ഓരോ രോഗിക്കും പ്രത്യേകമായി സുരക്ഷിതവും കാര്യക്ഷമതയുമുള്ള മരുന്ന് തിരയാനും കണ്ടുപിടിക്കാനും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഫാര്‍മസിസ്റ്റുകളെയും എളുപ്പം സഹായിക്കുന്ന ആപ്പാണിതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എം ഡി ഡോ. ഹനാന്‍ അല്‍ കുവാരി പറഞ്ഞു. പി എച്ച് സി സി ഫാമിലി മെഡിസിന്‍ മോഡലിനും പ്രാഥമിക ചികിത്സ ആവശ്യമുള്ള രോഗികള്‍ക്കും ഏറെ ഉപകാരപ്പെടും. വിദ്യാഭ്യാസ രംഗങ്ങളിലും ഗ്രാജ്വേഷന് ശേഷമുള്ള ക്ലിനിക്കല്‍ പ്രാക്ടീസ് വേളയിലും ഇത് വളരെ പ്രധാനപ്പെട്ടതാണെന്ന് ഖത്വര്‍ യൂനിവേഴ്‌സിറ്റി അസോസിയേറ്റ് ഡീന്‍ ഡോ. മുഹമ്മദ് ഇസ്സാം ദിയബ് പറഞ്ഞു.