Connect with us

Qatar

ടൈഫൂണ്‍ പോര്‍വിമാനങ്ങള്‍ ഖത്വര്‍ വാങ്ങുമെന്ന് ബ്രിട്ടന് പ്രതീക്ഷ

Published

|

Last Updated

ദോഹ: ബ്രിട്ടീഷ് നിര്‍മിത ടൈഫൂണ്‍ പോര്‍വിമാനങ്ങള്‍ ഖത്വര്‍ വാങ്ങുമെന്നാണ് പ്രതീക്ഷയെന്ന് ബ്രിട്ടന്‍. മിഡില്‍ ഈസ്റ്റ്, മിന മേഖലകളിലെ ബ്രിട്ടന്റെ ഏറ്റവും വലി മൂന്നാമത്തെ കയറ്റുമതി വിപണിയാണ് ഖത്വര്‍. യു എ ഇയും സഊദി അറേബ്യയുമാണ് മുന്നിലുള്ളത്. ഖത്വറുമായി ശക്തമായ പ്രതിരോധ, സുരക്ഷാ സഹകരണത്തിന് ബ്രിട്ടന്‍ സന്നദ്ധത പ്രകടിപ്പിച്ചു. നയതന്ത്രം, വ്യാപാരം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ഇരുരാഷ്ട്രങ്ങളും നിലവിലുള്ള പങ്കാളിത്തം ശക്തമാക്കാനും ആഗ്രഹിക്കുന്നതായി പുതിയ ബ്രിട്ടീഷ് അംബാസിഡര്‍ അജയ് ശര്‍മ അറിയിച്ചു.
ഐ എസ് ഭീഷണിയെ തോല്‍പ്പിക്കുക എന്നതിനേക്കാള്‍ വിശാലമായ പ്രതിരോധ, സുരക്ഷാ സഹകരണമാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മേഖലാതല പ്രശ്‌നങ്ങളില്‍ ഖത്വറും ബ്രിട്ടനും ഒന്നിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിരോധത്തില്‍ തങ്ങളുടെ പങ്കാളിയാണ് ഖത്വര്‍. കരുത്തുറ്റ ഈ ബന്ധത്തെ മുന്നോട്ടുകൊണ്ടുപോകാനാണ് ഇഷ്ടപ്പെടുന്നത്. പ്രായോഗികമായി തങ്ങള്‍ ചെയ്യുന്നതും, നിങ്ങള്‍ അത് എങ്ങനെ കൈകാര്യം ചെയ്യുന്നതും തുടങ്ങി രണ്ട് ഘടകങ്ങള്‍ പ്രതിരോധ ബന്ധത്തില്‍ ഉണ്ട്. ശരിയായ പരിശീലനവും ഉപകരണങ്ങളും അവലംബിച്ചാണ് നിങ്ങളുടെ തയ്യാറെടുപ്പ് പ്രതിഫലിക്കുക.
സൈനിക പരിശീലനം വഴി എങ്ങനെ ശേഷി മെച്ചപ്പെടുത്താം എന്നതും പ്രധാനമാണ്. ബ്രിട്ടനിലെ സൈനിക അക്കാദമികളില്‍ നിരവധി ഖത്വരികള്‍ പരിശീലനം നേടിയിട്ടുണ്ട്.
ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യുന്ന ഖത്വരി ഉത്പന്നങ്ങളുടെ മൂല്യം 2014ല്‍ 3.5 ബില്യന്‍ പൗണ്ട് ആയിരുന്നു. 2015ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 30 ശതമാനം വര്‍ധിച്ചു. ഖത്വറിലെ ബ്രിട്ടന്റെ ഏറ്റവും വലിയ വിദേശ നിക്ഷേപക കമ്പനിയാണ് ഷെല്‍. തൊട്ടുപിന്നില്‍ വോഡാഫോണ്‍ ഉണ്ട്. ഇംപീരിയല്‍ കോളജ്, ഷെഫീല്‍ഡ് യൂനിവേഴ്‌സിറ്റി, വെര്‍ജിന്‍ ഹെല്‍ത്ത് ബേങ്ക്, റോള്‍സ് റോയ്‌സ്, ഷെല്‍ തുടങ്ങിയ ബ്രിട്ടീഷ് സ്ഥാപനങ്ങളും കമ്പനികളും ഖത്വര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്കുമായി സഹകരിക്കുന്നുണ്ട്.
ആറ് മാസത്തേക്കാള്‍ കുറയാത്ത കാലാവധിയില്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഖത്വരികള്‍ക്ക് ഇലക്‌ട്രോണിക് വിസ വൈവര്‍ സംവിധാനമുണ്ട്. 2015ല്‍ 34500 ഖത്വരികള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇ വി ഡബ്ല്യു സംവിധാനം കൂടാതെ 11000 വിസ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest