Connect with us

Gulf

തണുപ്പ് ഉത്സവമാക്കാന്‍ കതാറയില്‍ കുട്ടികളുടെ കൂട്ടം

Published

|

Last Updated

കതാറയിലെ വിന്റര്‍ ഫെസ്റ്റിവലില്‍ നിന്ന്‌

ദോഹ: കതാറയില്‍ ആരംഭിച്ച ശൈത്യകാല ഉത്സവത്തിലേക്ക് കാണികളുടെ സഞ്ചാരം. സ്‌കൂള്‍ ഒഴിവു വേള ആകര്‍ഷകവും വിജ്ഞാനപ്രദവുമാക്കുന്നതിനുള്ള വ്യത്യസ്ത പരപാടികളും കാഴ്ചകളും ഉപാധികളുമാണ് കതാറയില്‍ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും നിരവധി കുട്ടികള്‍ കതാറയിലെത്തുന്നു.
ഖത്വര്‍ ന്യൂസ് ഏജന്‍സിയുടെ കിഡ് വെബ്‌സൈറ്റിനു ഏറെ കാഴ്ചക്കാരുണ്ടന്നും കുട്ടികള്‍ ഏറെ താല്പര്യത്തോടെയാണ് മാധ്യമപ്രവര്‍ത്തനത്തെ കാണുന്നതെന്നും ക്യു എന്‍ എയിലെ ഓഫിസര്‍ ഖദീജ ഹുസൈന്‍ പറഞ്ഞു. മന്ത്രാലയങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ബിസിനസ് കേന്ദ്രങ്ങളും സ്റ്റാളുകളും പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ചൈല്‍ഡ്ഹുഡ് കള്‍ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കളികള്‍, മത്സരങ്ങള്‍, സമ്മാനവിതരണം എന്നിവയും ഖത്വര്‍ ഹെറിറ്റേജ് ആന്‍ഡ് ഐഡന്റിറ്റി സെന്റര്‍ എജുക്കേഷനല്‍ തിയറ്ററിക്കല്‍ ഷോയും കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നു.
ഖത്വറിന്റെ സംസ്‌കാരം പുതുതലമുറയ്ക്കു പരിചയപ്പെടുത്തുന്ന പരിപാടികളാണ് പ്രധാനമായി ഉള്‍കൊള്ളിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. രണ്ട് ആരോഗ്യബോധവത്കരണ സെഷനുകളുമുണ്ട്. ബിന്‍ മുഫ്ത മെഡിക്കല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ശൈത്യകാല രോഗങ്ങളെ കുറിച്ചും തണുപ്പുകാലത്തു പാലിക്കേണ്ട ഭക്ഷണക്രമത്തെക്കുറിച്ചും ബോധവത്കരണം നടത്തുന്നു. അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ശൈത്യ കൈലത്തെ ത്വക് പരിചരണത്തെക്കുറിച്ചു പഠിപ്പിക്കുന്നു. അല്‍ഗാനാസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഫാല്‍ക്കണുകളെ പരിചയപ്പെടുത്തുന്നുണ്ട്. സലൗകി നായകള്‍ ഉപയോഗിച്ചു വേട്ടയാടലും മറ്റു പ്രദര്‍ശനങ്ങളും ശില്‍പശാലകളും അല്‍ഗാനാസ് സംഘടിപ്പിക്കും.
കനാരി വേള്‍ഡ് പെറ്റ് സ്‌റ്റോറിന്റെ നേതൃത്വത്തില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും പ്രദര്‍ശനമുണ്ട്. വിവിധ സാംസ്‌കാരിക ബാന്‍ഡുകളുടെ കലാപരിപാടികള്‍, ബീച്ചില്‍ വിവിധ മല്‍സരങ്ങള്‍, ഫോട്ടോ പ്രദര്‍ശനം, കിഡ്‌സ് വര്‍ക്‌ഷോപ്, മുതിര്‍ന്നവര്‍ക്കായി പെയിന്റിങ് ശില്പശാല, കരകൗശല പ്രദര്‍ശനം തുടങ്ങിയവയും ശരത്കാല ഉത്സവത്തിന് ശരിക്കും വര്‍ണാഭ സമ്മാനിക്കുന്നു. കത്താറ എസ്പ്ലനേഡില്‍ നടക്കുന്ന വിവിധ ആഘോഷ പരിപാടികള്‍ ഈ മാസം 28വരെ തുടരും.

---- facebook comment plugin here -----

Latest