Connect with us

Editorial

ഹോംസ്റ്റേകള്‍ക്ക് നിയന്ത്രണം വേണം

Published

|

Last Updated

നാണക്കേടുണ്ടാക്കുന്ന വിവരങ്ങളാണിപ്പോള്‍ ഹോംസ്റ്റേകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. വിനോദ സഞ്ചാരികള്‍ക്ക് കേരളീയ സംസ്‌കാരത്തെ പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കിയ ഹോംസ്റ്റേകളില്‍ മിക്കതും ഇന്ന് വേണ്ടാത്തരങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. മദ്യം, മയക്കുമരുന്ന്, വേശ്യാവൃത്തി തുടങ്ങി എന്തും ലഭ്യമാണിപ്പോള്‍ ഇത്തരം സ്ഥാപനങ്ങളില്‍. ഫോര്‍ട്ട് കൊച്ചിയിലെ ഗുഡ് ഷെപ്പേര്‍ഡ് ഹോം സ്റ്റേയിലെ പീഡന സംഭവത്തോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയുന്നത്.
വിനോദ സഞ്ചാരികള്‍ക്കും പഠനാവശ്യാര്‍ഥവും ജോലിക്കുമായി എത്തുന്ന പുറംനാട്ടുകാര്‍ക്കും താമസത്തിനായി വീടുകളിലെ മുറികള്‍ വാടകക്ക് നല്‍കുന്ന സമ്പ്രദായമാണ് ഹോംസ്റ്റേ. ഇവിടെ താമസിക്കാനെത്തുന്നവര്‍ക്ക് കേരളീയ കുടുംബാന്തരീക്ഷത്തില്‍ സമാധാനപരമായ ജീവിതവും മിതമായ നിരക്കില്‍ കേരളീയ ഭക്ഷണവും ലഭിക്കുമെന്നതാണിതിന്റെ പ്രത്യേകത. ഗ്രാമങ്ങളില്‍ പോലും സുരക്ഷിതമായി തങ്ങാന്‍ ഒരിടമെന്നതും സവിശേഷതയാണ്. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചക്ക് ഏറെ ഉപകാരപ്പെടുമെന്നതിനാല്‍ നികുതിയിലും മറ്റും സര്‍ക്കാര്‍ വലിയ ഇളവ് നല്‍കുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലും മൂന്നാര്‍, തേക്കടി, വയനാട് തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇത്തരം സ്ഥാപനങ്ങള്‍ ധാരാളം പ്രവര്‍ത്തിക്കുന്നുണ്ട്. വീടുകളുമായി ബന്ധിപ്പിച്ച് ടൂറിസം വകുപ്പ് തന്നെയാണ് ഇവ അനുവദിക്കുന്നത്.
എന്നാല്‍, ടൂറിസം വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും അനുമതിയോടെ നിയമാനുസൃതം പ്രവര്‍ത്തിക്കേണ്ട ഹോംസ്റ്റേകളിലേറെയും നിയമങ്ങള്‍ കാറ്റില്‍ പറത്തിയും അനുമതിയില്ലാതെയുമാണ് പ്രവര്‍ത്തിച്ചുവരുന്നത്. മൂന്നാറില്‍ ബഹുനില ഫ്‌ളാറ്റുള്‍ക്ക് നിയന്ത്രണം വന്നതോടെ റിസോര്‍ട്ട് മാഫിയയുടെ നേതൃത്വത്തില്‍ ഹോംസ്‌റ്റേകള്‍ ധാരാളമായി ഉയര്‍ന്നുവരുന്നുണ്ട്. ആയിരക്കണക്കിന് ഹോംസ്റ്റേകളുണ്ടിപ്പോള്‍ സംസ്ഥാനത്ത്. 800-ഓളം എണ്ണത്തിന് മാത്രമാണ് ഇവയില്‍ അംഗീകാരമുള്ളത്. മറ്റെല്ലാം അനധികൃതവും അസാന്മാര്‍ഗിക കേന്ദ്രങ്ങളും ക്രിമിനലുകളുടെ താവളങ്ങളുമാണ്. ഫോര്‍ട്ട് കൊച്ചിയില്‍ ഗുഡ് ഷെപ്പേര്‍ഡ് ഹോംസ്റ്റേ പീഡന കേസുമായി ബന്ധപ്പെട്ട് പിടിയിലായവരെല്ലാം അനധികൃത ഹോംസ്റ്റേകളുമായി അടുത്ത ബന്ധമുള്ളവരാണ്. ഹോംസ്റ്റേ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ താമസത്തിനെത്തുന്ന വിദേശികളുടെ പാസ്‌പോര്‍ട്ട് അടക്കം, കുഴപ്പക്കാരല്ലെന്ന് തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് പോലീസ് സ്‌റ്റേഷനില്‍ നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അനധികൃത സ്ഥാപനങ്ങള്‍ ഇത് പാലിക്കാറില്ല. മാവോവാദികളും മറ്റു തീവ്രവാദികളും ഉപയോഗപ്പെടുത്താനുള്ള സാധ്യത ഏറെയാണ്.
കുടുംബത്തോടൊപ്പം താമസിക്കുന്നവര്‍ക്ക് അവരുടെ വീടിന്റെ ഒരു ഭാഗം ഹോംസ്റ്റേ നടത്താന്‍ മാത്രമാണ് നിയമാനുസൃതം അനുമതി നല്‍കുന്നതെങ്കിലും പലയിടത്തും വീടുകള്‍ ഒന്നാകെ അനുവദിക്കുന്ന ഏര്‍പ്പാടുണ്ട്. ഏതൊരാള്‍ക്കും വീട് വാടകക്കെടുത്ത് ലോഡ്ജ് മാതൃകയില്‍ ഹോംസ്റ്റേ തുടങ്ങാവുന്ന അവസ്ഥയാണിന്ന്. നികുതി കുറവാണെന്നതിനാല്‍ മറ്റു സംവിധാനങ്ങളെ അപേക്ഷിച്ചു ലാഭകരവുമാണ്. ഇടപാടുകാരെ ആകര്‍ഷിക്കാന്‍ മസാജ് പാര്‍ലറുകളും മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവയില്‍ ലഭ്യമാണത്രെ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമൊക്കെയുണ്ട് ഇത്തരം സ്ഥാപന നടത്തിപ്പുകാരില്‍. കൊച്ചിയില്‍ ബിനാമി പേരില്‍ ഒരു ഡി വൈ എസ് പി മൂന്ന് ഹോംസ്റ്റേകള്‍ നടത്തുന്നുണ്ട്. തിരുനെല്ലി- മാനന്തവാടി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലെ ഒരു ഹോംസ്റ്റേയുടെ ഉടമ പോലീസുദ്യോഗസ്ഥനാണ്്. ഇക്കാരണത്താല്‍ ഈ കേന്ദ്രങ്ങളില്‍ പോലീസ് പരിശോധനക്കുള്ള നീക്കങ്ങളുണ്ടായാല്‍ അത് അട്ടിമറിക്കപ്പെടുന്നു. ഇനി വല്ലപ്പോഴും ബന്ധപ്പെട്ടവര്‍ പോലീസ് പരിശോധനക്ക് ഇറങ്ങിത്തിരിച്ചാല്‍ ടൂറിസത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിനോദസഞ്ചാര വകുപ്പില്‍ നിന്ന് അത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
രാജ്യത്തിന്റെ സുരക്ഷക്ക് വരെ ഭീഷണി സൃഷ്ടിക്കുകയും നികുതി തട്ടിപ്പിന് അവസരമൊരുക്കുകയും ചെയ്യുന്ന അനധികൃത ഹോംസ്റ്റേകള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യമാണ്. അംഗീകൃത ഹോംസ്റ്റേകളില്‍ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന പ്രവണതയും അവസാനിപ്പിക്കണം. ടൂറിസത്തിന്റെ വളര്‍ച്ചക്ക് ഇത്തരം കാര്യങ്ങളില്‍ ചില വിട്ടുവീഴ്ചകള്‍ ആവശ്യമാണെന്ന സര്‍ക്കാറിന്റെ തലതിരിഞ്ഞ നയം തിരുത്തണം. യഥേഷ്ടം മദ്യം മോന്താനും വ്യഭിചാരത്തിനും ബലാത്സംഗത്തിനും സൗകര്യമൊരുക്കിയല്ല ടൂറിസം വളര്‍ത്തേണ്ടത്. രാജ്യത്തിന് മൂല്യാധിഷ്ടിതമായ പാരമ്പര്യവും കേരളത്തിന് ഉന്നതമായ സാംസ്‌കാരിക തന്മയത്വവുമുണ്ട്. അത് മുറുകെ പിടിച്ചു കൊണ്ടായിരിക്കണം എല്ലാ മേഖലകളിലും വികസനത്തിന് പദ്ധതികള്‍ തയ്യാറാക്കേണ്ടത്.

Latest