Connect with us

Kannur

ക്ഷേമ പെന്‍ഷന്‍: 504 കോടി കുടിശ്ശിക അടുത്ത മാസം ആറിന് നല്‍കും: മന്ത്രി കെ സി ജോസഫ്

Published

|

Last Updated

കണ്ണൂര്‍: വിവിധ ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ കുടിശ്ശികയായ 504 കോടി രൂപ ഫെബ്രുവരി ആറിന് ജില്ലകളില്‍ നടക്കുന്ന ചടങ്ങുകളില്‍ വിതരണം ചെയ്യുമെന്ന് ഗ്രാമ വികസന മന്ത്രി കെ സി ജോസഫ് അറിയിച്ചു. കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പി ആര്‍ ചേംബറില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ അന്ന് രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്ഷേമ പെന്‍ഷന്‍ വിതരണം നിര്‍വഹിക്കും. മറ്റു ജില്ലകളില്‍ ജില്ലാ ചുമതലയുള്ള മന്ത്രിമാരായിരിക്കും പരിപാടികളില്‍ പങ്കെടുക്കുക. ഫെബ്രുവരി മുതല്‍ എല്ലാ ക്ഷേമ പെന്‍ഷനുകളും ഗുണഭോക്താക്കളുടെ ബേങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കുന്നതുപോലെ 15-ാം തീയതിക്കകം പെന്‍ഷന്‍ ബേങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കും. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പെന്‍ഷനുകള്‍ വിതരണം ചെയ്യാനുള്ള 504 കോടി രൂപ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സര്‍ക്കാര്‍ പോസ്റ്റ് ഓഫീസുകളെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പോസ്റ്റ് ഓഫീസുകളിലെ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഈ തുക വിതരണം ചെയ്തില്ല. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതോടെ തുക സര്‍ക്കാര്‍ തിരിച്ചെടുക്കുകയായിരുന്നു. ഇതാണ് ജില്ലകളില്‍ പ്രത്യേക ചടങ്ങുകളില്‍ വിതരണം ചെയ്യുന്നത്; മന്ത്രി കെ സി ജോസഫ് പറഞ്ഞു.

Latest