Connect with us

International

അഴിമതി: മലേഷ്യന്‍ പ്രധാനമന്ത്രിയെ കുറ്റവിമുക്തനാക്കി; വ്യാപക പ്രതിഷേധം

Published

|

Last Updated

നജീബ് റസാഖ്‌

നജീബ് റസാഖ്‌

ക്വലാലംപൂര്‍: മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെതിരെയുള്ള അഴിമതി കേസില്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ബേങ്ക് അക്കൗണ്ടില്‍ 681 മില്യന്‍ ഡോളര്‍ നിക്ഷേപിച്ച കേസിലായിരുന്നു ഇദ്ദേഹത്തിനെതിരെ അന്വേഷണം നടന്നിരുന്നത്. എന്നാല്‍ ഇദ്ദേഹത്തെ കുറ്റവിമുക്തമാക്കിയ നടപടിക്കെതിരെ വ്യാപകമായ അമര്‍ഷം ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ബേങ്ക് അക്കൗണ്ടില്‍ എത്തിയ 681 മില്യന്‍ ഡോളര്‍ സഊദി രാജകുടുംബത്തില്‍ നിന്ന് സ്വകാര്യ വ്യക്തി നല്‍കിയ സ്വകാര്യ സംഭാവനയായിരുന്നുവെന്നും ഇതില്‍ അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നജീബ് റസാഖ് നിയമിച്ച അറ്റോര്‍ണി ജനറല്‍ പ്രഖ്യാപിച്ചു. മലേഷ്യന്‍ അധികൃതരില്‍ നിന്ന് ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാനുള്ള സാധ്യതകള്‍ ഇതോടെ ഇല്ലാതായിരിക്കുകയാണ്. എന്നാല്‍ പ്രതിപക്ഷവും അഴിമതിവിരുദ്ധ സംഘടനകളും ഈ വിധിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ നടത്തിയ വെള്ളപൂശലിന്റെ ഭാഗമായാണ് നജീബ് റസാഖിനെ കുറ്റവിമുക്തമാക്കിയതെന്ന് അവര്‍ ആരോപിക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ളൊരു സംഭാവനയെ കുറിച്ചറിയില്ലെന്നാണ് സഊദി സര്‍ക്കാറിന്റെ നിലപാട്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് 681 മില്യന്‍ ഡോളര്‍ നജീബ് റസാഖിന്റെ വ്യക്തിപരമായ ബേങ്ക് അക്കൗണ്ടിലെത്തിയ വിവരം പുറത്താകുന്നത്. ഇതേ തുടര്‍ന്ന് ഇതിന്റെ വിശദീകരണം നല്‍കുന്നതില്‍ അദ്ദേഹം പലപ്പോഴും പരാജയപ്പെട്ടു. ആദ്യം ഇത്തരമൊരു സംഖ്യയെ കുറിച്ച് അദ്ദേഹം നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെങ്കിലും പശ്ചിമേഷ്യയിലെ ഒരാള്‍ സംഭാവന നല്‍കിയതെന്ന് പിന്നീട് മാറ്റിപ്പറയുകയായിരുന്നു.

Latest