Connect with us

Kozhikode

കായിക മാമാങ്കത്തിന് കോഴിക്കോട് ഒരുങ്ങി

Published

|

Last Updated

കോഴിക്കോട്: കായിക കൗമാരത്തിന്റെ ദേശീയോത്സവത്തിന് മെഡിക്കല്‍ കോളജിലെ ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയം ഒരുങ്ങി. നാളെ മുതല്‍ അഞ്ച് നാള്‍ കോഴിക്കോടിന് കായിക മാമാങ്കത്തിന്റെതാണ്. മേളയുടെ അവസാന വട്ട ഒരുക്കത്തിലാണ് സംഘാടകര്‍. ഗ്രൗണ്ടിലെ അറ്റകുറ്റപ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗ്യാലറികളും പ്രാക്ടീസ് നടത്താനുള്ള ഗ്രൗണ്ടും ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിക്കഴിഞ്ഞു.
അനിശ്ചിതങ്ങള്‍ക്കൊടുവിലായിരുന്നു കേരളത്തിന് ദേശീയ സ്‌കൂള്‍ കായികമേള ലഭിച്ചതും കോഴിക്കോടിനെ വേദിയായി തിരഞ്ഞെടുത്തതും. ചുരുങ്ങിയ സമയം മാത്രമായിരുന്നു ഒരുക്കത്തിന് ലഭിച്ചത്. എന്നാല്‍ അത്രയും ദിവസങ്ങള്‍ക്കകം തന്നെ മികച്ച ഒരുക്കങ്ങള്‍ നടത്താന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. സംസ്ഥാന സ്‌കൂള്‍ കായികമേള ഗംഭീരമായി സംഘടിപ്പിച്ചതിന്റെ പരിചയവും കൂട്ടായ്മയുടെ ആത്മവിശ്വാസവുമായിരുന്നു കോഴിക്കോടിടിന്റെ കൈമുതല്‍.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അവരുടെ തൃപ്തിക്കനുസരിച്ചുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗര പരിധിക്കകത്ത് തന്നെ അവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തി. അഞ്ച് ക്ലസ്റ്ററുകള്‍ ആയി തിരിച്ചാണ് താമസ സൗകര്യം ഒരുക്കിയത്. സിറ്റി,നടക്കാവ്, തൊണ്ടായട് ബൈപ്പാസ്, മെഡിക്കല്‍ കോളേജ്, കുറ്റിക്കാട്ടൂര്‍ എന്നിങ്ങനെയാണ് ക്ലസ്റ്ററുകള്‍. താമസത്തിന് 26 സെന്ററുകളുണ്ട്. 303 മുറികളിലായി 3000 കുട്ടികള്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ട്. ഓരോ താമസ സ്ഥലത്തും മൂന്ന് വീതം അധ്യാപകര്‍ക്ക് മേല്‍നേട്ടമുണ്ടാകും. പുറമെ പോലീസ്, സ്റ്റുഡന്റ് പോലീസ്, എന്‍ സി സി, സ്‌കൗട്ട് തുടങ്ങിയവരുമുണ്ടാകും. വിവിധ സംസ്ഥാനങ്ങളിലുള്ള കുട്ടികളോട് ഇടപെടുന്നതിന് ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പരിജ്ഞാനമുള്ളവരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.
രണ്ടായിരത്തിലേറെ കായിക താരങ്ങള്‍ മേളയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 1105 താരങ്ങള്‍ എത്തിച്ചേര്‍ന്നു. ഉത്തരാഖണ്ഡില്‍ നിന്നുള്ള സംഘമാണ് ആദ്യമെത്തിയത്. കോഴിക്കോട്ടെത്തിച്ചേരുന്ന ടീമംഗങ്ങള്‍ക്ക് അവര്‍ താമസത്തിനായി എത്തുന്ന സ്‌കൂളുകളില്‍ ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. ദേശീയ ഗെയിംസ് പോലെ ദേശീയ സ്‌കൂള്‍ കായിക മേളയും ഗ്രീന്‍ പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി ശുചിത്വ മിഷന്‍ 20 വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഗ്രൗണ്ടിലും പരിസരങ്ങളിലും പ്ലാസ്റ്റിക്കുകള്‍ ഉപേക്ഷിക്കാന്‍ അനുവദിക്കില്ല. പ്ലാസ്റ്റിക്ക് കുപ്പികളും ബാഗുകളും മറ്റും കൊണ്ടുവരുന്നവരില്‍ നിന്ന് നിശ്ചിത തുക ഈടാക്കി പ്രവേശന കവാടത്തില്‍ വളണ്ടിയര്‍മാര്‍ വാങ്ങി വെക്കും. തിരിച്ച് പോകുമ്പോള്‍ പണവും പ്ലാസ്റ്റിക് കുപ്പികളും തിരിച്ചു വാങ്ങാം.
ദേശീയ കായികമേളക്ക് വന്‍ സുരക്ഷാ സന്നാഹമാണ് സിറ്റി പോലിസ് ഒരുക്കുന്നത്. ഗ്രൗണ്ട്, താമസ സ്ഥലം, ഭക്ഷണ സ്ഥലം എന്നിവിടങ്ങളില്‍ പോലീസ് സാന്നിധ്യമുണ്ടാകും. സി സി ടി വി സംവിധാനവും ഗ്രൗണ്ടിലൊരുക്കിയിട്ടുണ്ട്. താരങ്ങള്‍ക്ക് താമസ സ്ഥലത്ത് നിന്ന് ഗ്രൗണ്ടിലെത്താനും തിരിച്ച് താമസ സ്ഥലത്തെത്താനുമായി വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 50 ബസുകള്‍ ഇതിനായി ഓടുന്നുണ്ട്. ഓരോ സംസ്ഥാനങ്ങള്‍ക്കും ഓരോ താമസ സ്ഥലമാണ് ഒരുക്കുന്നത്. അവര്‍ക്കുള്ള ഭക്ഷണം അവിടെ തന്നെ പാചകം ചെയ്യാനും കഴിക്കാനുമുള്ള സംവിധാനമുണ്ട്. കുടിവെള്ള വിതരണത്തിനും വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേളക്ക് ഭക്ഷണമൊരുക്കുന്നത് പ്രശസ്ത പാചകക്കാരനായ പഴയിടം മോഹനന്‍ നമ്പൂതിരിയാണ്. കേരള ഭക്ഷണത്തോടൊപ്പം ഉത്തരേന്ത്യന്‍ വിഭവങ്ങളുമുണ്ടാകും. മേള നടക്കുന്ന സ്ഥലത്ത് അഞ്ച് ഇ ടോയ്‌ലെറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. മത്സരം നടക്കുന്ന ഗ്രൗണ്ടും പ്രാക്ടീസ് ചെയ്യാനുള്ള സ്ഥലവും താമസ സ്ഥലവും സമീപത്ത് തന്നെയായതിനാല്‍ മേളയില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് വലിയ ആശ്വാസമാകും. കായികമേളയുടെ ഭാഗമായി ദീപശിഖാ പ്രയാണം ഇന്നലെ വൈകിട്ട് ഒളിമ്പ്യന്‍ പി ടി ഉഷ പഠിച്ച പയ്യോളി തൃക്കോട്ടൂര്‍ യു പി സ്‌കൂളില്‍ നിന്നാരംഭിച്ചു. ഇന്ന് വൈകിട്ട് മൂന്നിന് നടക്കാവ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം അഞ്ച് മണിക്ക് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലെത്തിച്ചേരും.

---- facebook comment plugin here -----

Latest