Connect with us

Wayanad

അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് മുന്തിയ പരിഗണന: മന്ത്രി

Published

|

Last Updated

കല്‍പ്പറ്റ: കേരളം മാറ്റത്തിന്റെ പാതയിലാണെന്നും, അതിവേഗം വളരുന്ന കേരളത്തെ ഭാവനാപൂര്‍ണ്ണമായ നടപടികളിലൂടെ കൂടുതല്‍ വികസന മേഖലയിലേക്കെത്തിക്കാന്‍ നവീന വികസന ശൈലിയാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പി കെ ജയലക്ഷ്മി പറഞ്ഞു. അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും പരിഹരിക്കുന്നതിനും മുന്തിയ പരിഗണനയാണ് ഈ സര്‍ക്കാര്‍ നല്‍കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത്, കാരുണ്യ പദ്ധതി, ദുരിതാശ്വാസനിധിയില്‍നിന്നുള്ള ചികില്‍സാ സഹായങ്ങള്‍, പൊതുജനാരോഗ്യ പദ്ധതികള്‍ തുടങ്ങി സാധാരണക്കാരുടെ ജീവിതത്തെ കരുതലോടെ ശ്രദ്ധിക്കുവാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.
കേരളീയ സമൂഹത്തെ കടന്നാക്രമിച്ചുകൊണ്ടിരുന്ന മദ്യാസക്തിയെ കടിഞ്ഞാണിടുന്നതിനുവേണ്ടി ബോധവല്‍ക്കരണ പരിപാടികള്‍ വ്യാപകമാക്കുകയും, മദ്യത്തിന്റെ ലഭ്യത കുറക്കുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയുംചെയ്തു.
വയനാട് ജില്ലയെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. വയനാടിന്റെ സമഗ്ര വികസനത്തിനുവേണ്ടി കാര്യക്ഷമമായി ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാര്‍ഷികവൃത്തിയില്‍ അധിഷ്ഠിതമായ ജീവിതശൈലിയാണ് വയനാട്ടിനുള്ളത്. കാര്‍ഷിക വിളകള്‍ക്ക് മെച്ചപ്പെട്ട വിലകിട്ടിയാല്‍ മാത്രമേ വയനാട്ടുകാരുടെ മനസ്സ് സന്തോഷകരമാവുകയുള്ളൂ. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് തറവില പ്രഖ്യാപിക്കുന്നതുപോലുള്ള നടപടികള്‍ കര്‍ഷകര്‍ക്കുവേണ്ടി ഗവണ്‍മെന്റ് ചെയ്യുന്നുണ്ട്. ജില്ലയുടെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജില്ലയുടെ വികസനത്തിന് ഏറ്റവും പരിഗണന കൊടുക്കേണ്ട ഒരു മേഖല ടൂറിസം രംഗമാണ്. ടൂറിസംമേഖലയിലെ സാധ്യതകളെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയാല്‍ വികസനരംഗത്ത് വലിയ കുതിച്ചുചാട്ടം നടത്താന്‍ സാധിക്കും. സംസ്ഥാനത്തിന്റെ വികസന അജണ്ടയില്‍ ജില്ലക്ക് പ്രമുഖ സ്ഥാനമാണ് ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ നല്‍കുന്നത്. ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നവീനമായ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. പട്ടികവര്‍ഗ്ഗ ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചു യര്‍ത്തുന്നതിന് ഗവണ്‍മെന്റ് കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാ പോലീസ് മേധാവി എം.കെ പുഷ്‌കരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കെ അസ്മത്ത്, എ.ഡി.എം പി.വി.ഗംഗാധരന്‍, സബ് കലക്ടര്‍ ശീറാം സാംബശിവ റാവു, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തളാ ഷണ്‍മുഖന്‍, കല്‍പറ്റ നഗര സഭാദ്ധ്യക്ഷ ബിന്ദു ജോസ്, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest