Connect with us

Ongoing News

അസഹിഷ്ണുതക്കും സാമുദായിക ധ്രുവീകരണത്തിനുമെതിരെ

Published

|

Last Updated

കേരളത്തിന് തനതായ ഒരു സാംസ്‌കാരിക പാരമ്പര്യമുണ്ട്. ഗ്രീക്ക് നഗര രാഷ്ട്രങ്ങളും മധ്യപൗരസ്ത്യ ദേശങ്ങളും മറ്റനേകം നാഗരികതകളുമായി പ്രാക്തന കാലം തൊട്ടേ നടന്ന കൊടുക്കല്‍ വാങ്ങലുകളും സമന്വയത്തിന്റെ ഉദാത്തമായൊരു സാംസ്‌കാരിക പരിസരത്തെ വാര്‍ത്തെടുത്തു. സംഘ കാലത്തെ സാമൂഹിക ക്രമങ്ങളില്‍ അതിന്റെ അനുരണനങ്ങളുണ്ടായിരുന്നു. പെരുമാള്‍ രാജാക്കന്മാരുടെ ഭരണ വ്യവസ്ഥിതിയില്‍ അത് പ്രതിഫലിച്ചിരുന്നു. സ്‌നേഹ സാഹോദര്യവായ്പുകള്‍ കേരളീയ പൊതുജീവിതത്തിന്റെ അടിസ്ഥാന വികാരങ്ങളിലൊന്നായി പരിലസിച്ചു. നാട്ടുരാജാക്കന്മാര്‍ തമ്മില്‍ പോലും തീരാ പകയുടെ കൊടിയ യുദ്ധപരമ്പരകളുണ്ടായില്ല കേരളത്തില്‍. ഇതേ സമവായ്പിന്റെ ഉള്‍തുടിപ്പ് കൊണ്ട് തന്നെയാണ്, ഏറെ പില്‍ക്കാലത്ത്, പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം പോരാട്ടത്തിനാഹ്വാനം ചെയ്തപ്പോള്‍ ഭരണാധികാരിയായ സാമൂതിരി തന്റെ പടയാളികളെ നല്‍കി അതിനെ പ്രബലപ്പെടുത്തിയത്. കൊച്ചിയിലെ മരക്കാര്‍ കുടുംബം സാമൂതിരിയുടെ നാവിക സേനാ തലവന്മാരായതിന്റെ രാഷ്ട്രീയവും മറ്റൊന്നല്ല. വീരപഴശ്ശി സ്വന്തം സൈന്യത്തെ വാര്‍ത്തെടുത്തപ്പോള്‍ നാനാജാതി മതസ്ഥര്‍, ആദിവാസി ഗോത്രവിഭാഗമടക്കം, അതിന്റെ ഈടുറ്റ കണ്ണികളായത് കേരളീയതയിലൂട്ടപ്പെട്ട ജനിതകമായ സ്‌നേഹവായ്പുകള്‍ കൊണ്ട് തന്നെ.
കേരളീയതയുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അഭിശപ്തമാണ് ജാതി. നാടിന്റെ മേല്‍ഗതിയെ തടസ്സപ്പെടുത്തിയത് മാത്രമല്ല, ജാതി ചെയ്ത കുറ്റം. അത് ജനത്തെ നാനാതരത്തില്‍ വേര്‍തിരിക്കുക കൂടി ചെയ്തു. അതുകൊണ്ട് തന്നെയാണ് ജാതിക്കെതിരെയുള്ള പോരാട്ടം മൗലിക പ്രചോദനങ്ങളിലൊന്നായി മാറിയത്. മാനവീയതയായിരുന്നു കേരളത്തിലെ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ മുഖം. ആധുനിക കേരളത്തിന്റെ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരു ജാതിവിരുദ്ധതക്കൊപ്പം മാനവമൈത്രി സന്ദേശവും ഉയര്‍ത്തിപ്പിടിച്ചു. ഐതിഹാസികമായ വൈക്കം സത്യഗ്രഹം സാംസ്‌കാരിക കേരളത്തിന്റെ പുനര്‍നിര്‍ണയത്തില്‍ ചരിത്രപരമായ പങ്ക് വഹിച്ചു. ഫ്യൂഡല്‍ തിയോക്രസിയുടെ ധിക്കാരത്തിന് അത് ആഴത്തില്‍ പരുക്കുകളേല്‍പ്പിച്ചു. ജാതിപ്പകയുടെ കോട്ടകളെയാണ് അത് നിലംപരിശാക്കിയത്. ജന്മിത്തവും ബ്രിട്ടീഷ് മേല്‍ക്കോയ്മയും ഒന്നിച്ചു തീര്‍ത്ത അടിമത്തത്തിന്റെ ആനച്ചങ്ങലകള്‍ക്കെതിരെയുള്ള പ്രഹരമായിരുന്നു മലബാര്‍ കലാപം. അധികാര ദുശ്ശക്തികള്‍ക്കെതിരെയുള്ള ജനകീയ മുന്നേറ്റം എന്നതിനോടൊപ്പം സാമൂഹിക ശ്രേണിയുടെ ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്കിടയില്‍ ഐക്യപ്പെടലുകളുണ്ടാക്കാനും അത് നിമിത്തമായി.
മാനവീയതയിലൂടെയാണ് കേരളീയത പരുവപ്പെട്ടത്. ദേശീയ പ്രസ്ഥാനത്തിന്റെ കാര്യത്തിലും നീതി നിഷേധങ്ങള്‍ക്കെതിരിലുള്ള സമരങ്ങളിലും അത് കൃത്യമായി പ്രതിഫലിച്ചു. കോഴിക്കോട്ടെ ഉപ്പു സത്യഗ്രഹം അതിന്റെ മികച്ച ഉദാഹരണമാണ്. കെ കേളപ്പനും മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബും ടി ആര്‍ കൃഷ്ണ സ്വാമി അയ്യരും പി ഗോവിന്ദപ്പിള്ളയുമായിരുന്നു സമര നേതാക്കള്‍. വിശാലമായൊരു ബഹുസ്വരതയുടെ ഏകധാരാ പ്രവാഹമായി ദേശീയ പ്രസ്ഥാനത്തെ രൂപപ്പെടുത്താന്‍ നേതാക്കന്മാര്‍ക്ക് സാധിച്ചു. എം പി നാരായണ മേനോനും കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരും ഏകോദര സഹോദരങ്ങളെപ്പോലെ ദേശീയ പ്രസ്ഥാനത്തിന്റെ വിജിഗീഷുക്കളായി ഓടിനടന്നത് മറ്റൊരു ചരിത്രം. മുസ്‌ലിം സ്ഥാപനങ്ങള്‍ക്കകത്ത് പോലും നാരായണ മേനോന് പ്രസംഗിക്കാന്‍ പീഠങ്ങളൊരുക്കപ്പെട്ടത് ഉദാത്തമായൊരു പാരസ്പരതയുടെ ചൈതന്യത്തെ കുറിക്കുന്നു. മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനെ ബ്രിട്ടീഷുകാര്‍ കിരാതമായി മര്‍ദിച്ചത് മാപ്പിളമാരോടൊപ്പം ചേര്‍ന്നു നീങ്ങിയെന്ന് പറഞ്ഞ് കൊണ്ടാണ്. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയുമെന്നുള്ള വിഭജനങ്ങളില്ലാതെയാണ് ദേശീയ പ്രസ്ഥാനം വഴി നടന്നത്. കൊച്ചിയിലെ പട്ടിണിപ്പാവങ്ങള്‍ വൈസ്രോയി വെല്ലിംഗ് ടണ്‍ പ്രഭുവിന് നിവേദനം സമര്‍പ്പിക്കാന്‍ പ്രകടനം നടത്തിയത് അവിസ്മരണീയമായ സംഭവമാണ്. കൃഷി ഭൂമിയില്‍ സ്ഥിരാവകാശം ആവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ച്ചിന് നേതൃത്വം നല്‍കിയത് കെ എം എബ്രഹാം മാത്യു മാഞ്ഞൂരാന്‍ തുടങ്ങിയവരായിരുന്നു. പോലീസിന്റെ ക്രൂരമായ മര്‍ദനത്തില്‍ ചിതറിത്തെറിച്ചെങ്കിലും ഒരുമയുടെ നൈതിക മൂല്യങ്ങളൂട്ടിയുറപ്പിക്കാന്‍ ഈ മുന്നേറ്റത്തിന് സാധിച്ചു. തിരുവിതാംകൂറിലെ നിവര്‍ത്തന പ്രക്ഷോഭം പിന്നിട്ട ചരിത്രത്തിലെ സമുജ്ജ്വലമായൊരധ്യായമാണ്. ഈഴവ, മുസ്‌ലിം, ക്രിസ്ത്യന്‍ ഐക്യത്തിന്റെ രാഷ്ട്രീയ നിദര്‍ശനം കൂടിയായിരുന്നു അത്. ഇതര ജനവിഭാഗങ്ങളെ കൂടി വിശ്വാസത്തിലെടുത്തും അവരുടെ അനുഭാവം ആര്‍ജിച്ച് കൊണ്ടുമാണ് നിവര്‍ത്തന പ്രക്ഷോഭവും മുന്നോട്ട് പോയത്.
ആധുനിക കേരളത്തിന്റെ രൂപനിര്‍ണയത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും നിസ്സീമമായ പങ്കാളിത്തം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. സാഹോദര്യത്തിന്റെ ഒരു പൊതുവികാരം ഈ പങ്കാളിത്തത്തിന്റെ ഓരോ ചുവട് വെപ്പിലും അന്തര്‍ലീനമായിരുന്നു. അധിനിവേശ വിരുദ്ധ സമരങ്ങളിലും ഈ സാഹോദര്യ ബോധം ഏറെ പ്രതിഫലിച്ചു. ഏതെങ്കിലും അധീശത്ത ശക്തിയോ അധികാരി വര്‍ഗമോ തീറെഴുതിത്തന്നതല്ല കേരളീയ സമൂഹത്തിന്റെ സവിശേഷമായ അന്തസ്സും അഭിമാന ബോധവും. സ്വാതന്ത്ര്യത്തിന്റെയും സാമൂഹിക നീതിയുടെയും പൊതുബോധത്തിലൂട്ടപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ ഈടുവെപ്പുകളാണ് അതിന്റെ കാതല്‍.
ഏതെങ്കിലും പ്രത്യേക വിഭാഗമല്ല, എല്ലാ വിഭാഗം ജനങ്ങളും അതില്‍ കണ്ണികളാണ്. അയിത്ത ജാതിയായ മാറ്റിനിര്‍ത്തപ്പെട്ടിരുന്നവരും, സാധാരണക്കാരും അല്ലാത്തവരുമൊക്കെ അതിലലിഞ്ഞ് ചേര്‍ന്നിരുന്നു. മാനവീയതയുടെ മഹാ ശക്തി പ്രവാഹമായിട്ടാണ് ചരിത്രത്തില്‍ ഇടം നേടിയിട്ടുള്ളത്. ബ്രിട്ടീഷ് ആധിപത്യ ചരിത്രത്തിലെ കരാള ഭീകരതയായ വാഗണ്‍ ട്രാജഡി ദുരന്തത്തില്‍ മാപ്പിളമാരോടൊപ്പം സഹോദര സമുദായാംഗങ്ങളും ഇരകളാക്കപ്പെട്ടിരുന്നു. സര്‍ സി പിയുടെ കിരാത ഭരണത്തിനെതിരെ തിരുവിതാംകൂറിന്റെ നാനാ ദിക്കുകളിലുമുയര്‍ന്ന ജനകീയ പ്രക്ഷോഭത്തിന് ജാതിയോ മതമോ അല്ല, മനുഷ്യത്വത്തിന്റെ രാഷ്ട്രീയം മാത്രമായിരുന്നു മുഖം. എഴുന്നൂറിലേറെ മനുഷ്യരാണ് വയലാറില്‍ സര്‍ സി പിയുടെ തോക്കുകള്‍ക്കിരയായതെന്നോര്‍ക്കണം.
കാലൂഷ്യത്തിന്റെ വിഷവിത്തുകള്‍ വിതക്കാന്‍ എളുപ്പമാണ്. വിഷപ്പായല്‍ പോലെ പടര്‍ന്നു പരക്കുന്ന അതിന്റെ ദൂഷ്യങ്ങളെയും പ്രത്യാഘാതങ്ങളെയും തടഞ്ഞുനിര്‍ത്താന്‍ പക്ഷേ, എളുപ്പത്തില്‍ സാധിച്ചുകൊള്ളണമെന്നില്ല. വിദ്വേഷ പ്രസംഗങ്ങള്‍ ചീറ്റി ജനത്തെ തമ്മിലടിപ്പിക്കാന്‍ നോക്കുന്നവര്‍ ഇതൊന്നും ഗൗനിക്കുന്നില്ല. വൈരത്തിന്റെ മാനസികാവസ്ഥക്ക് ഒരു തരം ഉന്‍മാദ സ്വഭാവമുണ്ട്. അത് ഒരേ സമയം അത്മപീഡനവും അപരപീഡനവുമാണ്. പീഡന സുഖത്തിന്റെ ഭ്രാന്തമായ രാഷ്ട്രീയത്തിന് ലോകം വളരെയേറെ വില നല്‍കേണ്ടിവന്നിട്ടുണ്ട്. അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്കും മുസ്സോളനിക്കുമൊക്കെ അത്തരത്തിലുള്ള ജനിതക വൈകല്യമുണ്ടായിരുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അപരവിദ്വേഷത്തിന്റെ പുച്ഛവും ക്രോധവും കലര്‍ന്ന വെടിക്കെട്ടുകള്‍ക്ക് കൈയടിക്കുന്നവരാണ് ആലോചിക്കേണ്ടത്, അവ ആത്മനാശത്തിന്റെ ഹരാകിരികളായേക്കുമോയെന്ന്.
ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവായ ചിനോ അച്ച്ബി, വിശ്വപുത്രനായ മാര്‍ട്ടിന്‍ ലൂതര്‍ കിംഗിനെക്കുറിച്ച് പറഞ്ഞത് വെറുപ്പിനെ അതിജയിക്കാനായതാണ് കിംഗിന്റെ ഏറ്റവും വലിയ വിജയമെന്നാണ്. വെറുപ്പിനോളം ഭയപ്പെടേണ്ടതായ മറ്റൊന്നില്ലെന്നായിരുന്നു കിംഗിന്റെ നിലപാട്. വെറുപ്പും വിദ്വേഷവുമാണ് വര്‍ഗീയതയുടെയും വംശീയതയുടെയും വ്യാപന സൂത്രം. വെറുപ്പിന്റെ രാഷ്ട്രീയത്തെയാണ് ഫാസിസം എന്ന് വിളിക്കന്നത്. ഈ ചെല്ലപ്പേരുള്‍ക്കൊള്ളാന്‍ മനസ്സില്ലാത്തവര്‍ ആദ്യം മനസ്സ് വെക്കേട്ടണ്ടത് വെറുപ്പിന്റെ പരസ്യപ്പലകയാകാതിരിക്കാനാണ്.
കേരളം ഉത്തരേന്ത്യയല്ലെന്ന് നമ്മളോര്‍ക്കണം. ബഹുസ്വരതയുടെ നാടാണിത്. പരസ്പരം കൂടിച്ചേര്‍ന്നും ഇടപഴകിയും ഇഴയടുത്തും ജീവിക്കുന്നവരാണ് നമ്മള്‍. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ജാതികളുടെയും മതസമുദായങ്ങളുടെയും കൂറ്റന്‍ മതില്‍ കെട്ടുകളുണ്ട്. നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും തെരുവുകള്‍ക്കും നടവഴികള്‍ക്ക് പോലും ജാതിയും സമുദായവുമുണ്ട്. ഭാഗ്യമെന്ന് പറയാം, ഇവിടെ അങ്ങനെയൊന്നില്ല. പരസ്പരം ഇടകലര്‍ന്ന് ജീവിക്കുന്ന നമുക്കിടയില്‍ അത്തരത്തില്‍ വേറിട്ട് നില്‍പ്പിന്റെ മതിലുകളുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം ഭീകരമായിരിക്കും. അതുകൊണ്ട് തന്നെ അസഹിഷ്ണുതയെയും സാമുദായിക ധ്രുവീകരണത്തെയും ചെറുക്കുക. മാനവീകതയും മനുഷ്യത്വത്തിന്റെയും മതേതരത്വത്തിന്റെയും കാവലായി നില കൊള്ളുക. ഇതാണ് നാളെ തുടങ്ങുന്ന ഐ എന്‍ എല്‍ ജനജാഗ്രതാ യാത്രയുടെ സന്ദേശം.

 

---- facebook comment plugin here -----

Latest