Connect with us

Gulf

മരുഭൂമിയെ മറികടന്ന് അവര്‍ വന്നു; താണ്ടിയത് 1300 കിലോമീറ്റര്‍

Published

|

Last Updated

ദോഹ: ആയിരത്തി മൂന്നൂറു കിലോമീറ്റര്‍ മരുഭൂമിയിലൂടെ നടന്നും ഒട്ടകപ്പുറമേറിയും അവര്‍ ദോഹയിലെത്തി. വന്നത് ഒമാനിലെ സലാലയില്‍നിന്ന്. ബൃട്ടീഷ് പര്യവേഷകന്‍ മാര്‍ക് ഇവന്‍ ഒമാന്‍ സ്വദേശികളായ മുഹമ്മദ് അല്‍ സദ്ജലിയും ആമിര്‍ അല്‍ വഹൈബി എന്നിവരാണ് മിന്നല്‍ വേഗത്തില്‍ ഭൂഗണ്ഡങ്ങള്‍ മുറിച്ചു കടക്കാന്‍ കഴിയുന്ന കാലത്ത് 49 ദിവസത്തെ സാഹസിക സഞ്ചാരത്തിന് തയാറായത്.
ദോഹയിലെത്തിയ യാത്രികരെ യുവജന സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വരവേറ്റു. ഖത്വര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍ താനിയാണ് ഇവരെ സ്വീകരിച്ചത്. ഡിസംബര്‍ 10നാണ് സലാലയില്‍ നിന്നും സംഘം യാത്ര തിരിച്ചത്. വെല്ലുവിളികള്‍ നിറഞ്ഞ മരുഭൂമിയിലൂടെയായിരുന്നു യാത്ര. ഒമാന്‍, സഊദി മരുഭൂമികളിലൂടെയായിരുന്നു യാത്ര. റുബ്ഹുല്‍ ഖാലി അഥവാ ഒഴിഞ്ഞ സ്ഥലം എന്നറിയപ്പെടുന്ന മരുഭൂമിയാണ് ഇവര്‍ യാത്രക്കു തിരഞ്ഞെടുത്ത് ചരിത്രത്തില്‍ ഇടം പിടിച്ചത്. 85 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സലാലയില്‍നിന്നും മനുഷ്യര്‍ മരുഭൂമി താണ്ടി ദോഹയിലെത്തുന്നത്.
ബ്രിട്ടീഷ് ഗവേഷകന്‍ ബെര്‍ട്രാം തോസമസിന്റെ പാത പിന്തുടര്‍ന്നാണ് ഈ സംഘവും യാത്ര ചെയ്തത്. നേരത്തേ മരുഭൂമി മുറിച്ചു കടക്കാന്‍ ശ്രമിച്ചവര്‍ക്ക് ജീവാപായം സംഭവിക്കുകയോ അപകടത്തില്‍ പെടുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ സഞ്ചാരം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് മാര്‍ക് ഇവന്‍ ബി ബി സി ന്യൂസിനോടു പറഞ്ഞു. 54കാരനാണ് ഇവന്‍. നൂറുകണക്കിനാളുകള്‍ ചേര്‍ന്നാണ് സലാലയില്‍ നിന്നും ഇവരെ യാത്രയയച്ചത്. ഏഴു ആഴ്ചയെടുക്കുന്ന യാത്രക്കു വേണ്ട ഭക്ഷ്യ സാധനങ്ങള്‍ കരുതിയിരുന്നു. ഏതാനും പേര്‍ കൂടി ആദ്യ ദിവസങ്ങളില്‍ കൂടെയുണ്ടായിരുന്നു. യാത്രയില്‍ പ്രാദേശിക ഗോത്ര സമൂഹങ്ങള്‍ സഞ്ചാരികള്‍ക്ക് സ്വീകരണവും വിശ്രമസൗകര്യവുമൊരുക്കിക്കൊടുത്തു. ആടുകളെയും ഒട്ടകങ്ങളെയും അറുത്ത് വിഭവങ്ങളൊരുക്കിയായിരുന്നു സ്വീകരണം.

Latest