Connect with us

First Gear

ഖത്വര്‍ മോട്ടോര്‍ ഷോക്ക് വര്‍ണാഭമായ തുടക്കം

Published

|

Last Updated

ഖത്വര്‍ മോട്ടോര്‍ഷോയില്‍ നിന്ന്‌

ദോഹ: വേഗവും വര്‍ണവും സാങ്കേതികമികവും മേളിച്ച റോഡിലെ രാജാക്കന്‍മാരുടെയും റാണിമാരുടെ കാഴ്ചകള്‍ക്കു തുടക്കം. ഇന്നലെ ഉച്ച കഴിഞ്ഞാണ് ദോഹ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ ഖത്വര്‍ മോട്ടോര്‍ഷോക്ക് തുടക്കമായത്. പുതുതായി തുറന്ന ദോഹ എക്‌സിബിഷന്‍ സെന്റര്‍ ഇതാദ്യമായാണ് മോട്ടോര്‍ ഷോക്ക് വേദിയാകുന്നത്. നേരത്തേ ഖത്വര്‍ നഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രദര്‍ശന നടന്നു വന്നത്.
നാല്‍പതു കാര്‍ കമ്പനികലാണ് ഈ വര്‍ഷത്തെ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 35 പ്രദര്‍ശകരാണുണ്ടായിരുന്നത്. എന്നാല്‍ ബെന്റ്‌ലി, ബുഗാട്ടി, ലംബോര്‍ഗിനി തുടങ്ങിയ പ്രമുഖ കമ്പനികളുടെ അസാന്നിധ്യമുണ്ടെന്ന് കാര്‍ പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ പുതിയ വാഹനങ്ങളൊന്നും ഇല്ലാത്തതു കൊണ്ടാണ് ചില കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കാത്തതെന്ന വിശദീകരണവുമുണ്ട്. അതേസമയം ആദ്യമായി ഖത്വറല്‍ നിര്‍മിക്കുന്ന സ്‌പോര്‍ട്‌സ് കാര്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രഥമ പ്രദര്‍ശനം മേളയെ ശ്രദ്ധേയമാക്കുന്നു. ഓഡി, നിസ്സാന്‍, ഇന്‍ഫിനിറ്റി, റിനോള്‍ട്ട് തുടങ്ങിയ കമ്പനികളുടെ സാന്നിധ്യമുണ്ട്. ജര്‍മന്‍ ലക്ഷ്വറി ഓട്ടോമോമൈബല്‍ കമ്പനിയായി ഓഡി മൂന്നു വാഹനങ്ങളാണ് അവതരിപ്പിക്കുന്നത്.
motor show qatar 2ദോഹ ഓഡിയുടെ പ്രധാന വിപണിയാണെന്നും അതുകൊണ്ടാണ് കാറുകള്‍ പുറത്തിറക്കാന്‍ ദോഹ തിരഞ്ഞെടുത്തതെന്നും ഓഡി മിഡില്‍ ഈസ്റ്റ് പി ആര്‍ മാനേജര്‍ ഖാലിദ് അല്‍ സാബി പറഞ്ഞു. ഈ കാറുകള്‍ ദുബൈ മോട്ടോര്‍ഷോയിലും പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. സാലിഹ് അല്‍ ഹമദ് അല്‍ മനാ ആന്‍ഡ് കമ്പനിയാണ് നിസ്സാന്‍, റിനോള്‍ട്ട്, ഇന്‍ഫിനിറ്റി തുടങ്ങിയ കാറുകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. നിസ്സാന്റെ നിസ്‌മോ, റിനോള്‍ട്ടിന്റെ ക്ലിയോ ആര്‍ എസ് സ്‌പോര്‍ട്ട് തുടങ്ങിയ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു. ഈ കാറുകള്‍ രണ്ടു മാസത്തിനകം ഖത്വറില്‍ വില്‍പ്പനക്കെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സ്‌പോര്‍ട്‌സ് കാര്‍ വിഭാഗത്തില്‍ ഫെറാരി കമ്പനി ഫെറാരി 488 സ്‌പൈഡര്‍ പ്രദര്‍ശിപ്പിക്കുന്നു. ഈ വര്‍ഷം വാഹന പ്രേമികള്‍ക്കായി ഫാന്‍ സോണ്‍ തുറസ്സായി സ്ഥലത്ത് സജ്ജമാക്കിയ ഈ സോണ്‍ വാഹനങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കും. വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ ഉച്ച കഴിഞ്ഞ് നാലു മുതല്‍ രാത്രി പത്തു വരെയും വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചക്ക് ഒന്നു മുതല്‍ രാത്രി പത്തു വരെയും തിങ്കളാഴ്ച ഉച്ചക്ക് ഒന്നു മുതല്‍ രാത്രി എട്ടു വരെയുമാണ് പ്രദര്‍ശനം.

Latest