Connect with us

National

മഅ്ദനിയുടെ ആവശ്യം എന്‍ ഐ എ കോടതി തള്ളി

Published

|

Last Updated

ബെംഗളൂരു: വിചാരണ ഏകീകരിക്കണമെന്നുള്ള മഅ്ദനിയുടെ ആവശ്യം ബെംഗളൂരു എന്‍ ഐ എ കോടതി തള്ളി. വിചാരണ അറുപത് ശതമാനം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ കേസുകള്‍ ഏകീകരിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. രാജിവെച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് പകരം പ്രോസിക്യൂട്ടറെ നിയമിച്ച് ഈ രീതിയില്‍ മുന്നോട്ട് പോകുന്നതാണ് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചു.
കേസുകള്‍ ഈ ഘട്ടത്തില്‍ ഏകീകരിച്ച് പുതിയ കേസായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിസ്താരം പൂര്‍ത്തിയാക്കിയ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ട സാഹചര്യമുണ്ടാകും. ഇത് വിചാരണ ഇനിയും വൈകിക്കും. രണ്ട് വര്‍ഷം വരെ സമയമെടുക്കുമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദവും കോടതി ശരിവച്ചു. എന്നാല്‍ രാജിവെച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് പകരം പ്രോസിക്യൂട്ടറെ നിയമിച്ച് ഇതേ രീതിയില്‍ വിചാരണ മുന്നോട്ട് പോയാല്‍ ഒരു വര്‍ഷവും മൂന്ന് മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാകാം. അതിനാല്‍ ഈ രീതിയില്‍ വിചാരണ മുന്നോട്ട് പോകുന്നതാണ് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായകമെന്ന് പ്രത്യേക ജഡ്ജി ശിവണ്ണ പറഞ്ഞു. 2008 ജൂലൈ 25ന് ബെംഗളൂരുവിലെ എട്ട് ഇടങ്ങളിലായി നടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഒന്‍പത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതിപ്പട്ടികയും, സാക്ഷികളും എല്ലാ കേസുകളിലും സമാനമായതിനാല്‍ വിചാരണ ഒരുമിച്ച് നടത്തണമെന്നാണ് കേസിലെ 31ആം പ്രതിയായ അബ്ദുന്നാസര്‍ മഅ്ദനി ആവശ്യപ്പെട്ടത്.കഴിഞ്ഞ 14ാം തീയതി ഈ ആവശ്യവുമായി സുപ്രീം കോടതിയില്‍ ഹരജി നല്‍കിയപ്പോള്‍ വിചാരണ കോടതിയെ സമീപിക്കാനായിരുന്നു മേല്‍ക്കോടതി നിര്‍ദേശം. ഇതേ തുടര്‍ന്നാണ് മഅ്ദനിയുടെ അഭിഭാഷകര്‍ വിചാരണ കോടതിയില്‍ ഹരജി നല്‍കിയത്.
കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി പി സീതാറാം രാജിവെച്ച സാഹചര്യത്തില്‍ ബെംഗളൂരു പോലീസ് അസിസ്റ്റാന്‍ഡ് കമ്മീഷണര്‍ ശ്യാംപാല്‍ യാദവാണ് മഅ്ദനിയുടെ ആവശ്യത്തിനെതിരെ കര്‍ണാടക സര്‍ക്കാറിന് വേണ്ടി തടസ്സവാദം എഴുതി സമര്‍പ്പിച്ചത്. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം മൂന്ന് മാസം സമയമെടുക്കുമെന്ന് കര്‍ണാടകം സുപ്രീം കോടതിയെ അറിയിക്കും. വിചാരണത്തടവുകാരനായ മഅ്ദനിയുടെ ആവശ്യപ്രകാരമാണ് കേസ് പൂര്‍ത്തിയാക്കാനെടുക്കുന്ന സമയം അറിയിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.

Latest