Connect with us

Editorial

റെയില്‍വേ വികസനത്തിന് സംയുക്ത കമ്പനികള്‍

Published

|

Last Updated

റെയില്‍വേ ഭൂപടത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കേരളത്തിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ് റെയില്‍വേ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വേദ്പ്രകാശ് ദുദേജയും സംസ്ഥാന ഗതാഗത സെക്രട്ടറി ശിവശങ്കറും കഴിഞ്ഞ ദിവസം ഒപ്പ് െവച്ച കരാര്‍. സംസ്ഥാനത്തെ റെയില്‍വേ വികസന പദ്ധതികള്‍ക്കായി കേരളത്തിന് 51 ശതമാനവും കേന്ദ്രത്തിന് 49 ശതമാനവും ഓഹരി പങ്കാളിത്തമുള്ള കമ്പനി രൂപവത്കരിച്ചു പ്രവര്‍ത്തിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് കരാര്‍. കൊച്ചി മെട്രോ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന കെ എം ആര്‍ എല്ലിന്റെ മാതൃകയിലായിരിക്കും കമ്പനി പ്രവര്‍ത്തിക്കുക. കേരളത്തിന്റെ ചിരകാല സ്വപനങ്ങളായ കഞ്ചിക്കോട് കോച്ച് ഫാക്ടറി, ശബരി റെയില്‍, സബര്‍ബന്‍ ട്രെയിന്‍ തുടങ്ങിയ പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനി പുതിയ കമ്പനിയുടെ കീഴിലായിരിക്കും.
യാത്രക്കാരുടെ ബാഹുല്യവും ഉപഭോക്തൃ സംസ്ഥാനമെന്ന സവിശേഷതയും പരിഗണിക്കുമ്പോള്‍ അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്നതാണ് റെയില്‍വേ വികസനം. എന്നാല്‍ രാജ്യം നാല് പതിറ്റാണ്ടോളം തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിച്ചപ്പോഴും വിവിധ കൂട്ടുകക്ഷി സര്‍ക്കാറുകള്‍ അധികാരത്തിലിരുന്നപ്പോഴും റെയില്‍വേ വികസനത്തില്‍ കേരളത്തെ പാടേ അവഗണിക്കുകയായിരുന്നു. നിലവില്‍ കേരളത്തിലെ റെയില്‍ പാതയുടെ ദൈര്‍ഘ്യം 1148 കിലോ .മീറ്ററാണ്. കേരള രൂപവത്കരണ വേളയില്‍ സംസ്ഥാനത്തിന്റെ പരിധിയില്‍ 745 കിലോ മീറ്റര്‍ പാതയുണ്ടായിരുന്നുവെന്നും പിന്നീടുള്ള 59 വര്‍ഷത്തിനിടയില്‍ കേവലം 403 കിലോമീറ്റര്‍ മാത്രമാണ് കൂടുതലായി ലഭിച്ചതെന്നുമറിയുമ്പോള്‍ കേന്ദ്ര അവഗണയുടെ ആഴം വ്യക്തമാകും. രാഷ്ട്രീയ സ്വാധീനങ്ങളിലൂടെ അയല്‍സംസ്ഥാനങ്ങള്‍ ഈ രംഗത്ത് വന്‍ കുതിപ്പ് നടത്തിയപ്പോള്‍ കേരളത്തിന്റെ മുറവിളികള്‍ക്ക് നേരെ റെയില്‍വേ വകുപ്പ് മുഖം തിരിക്കുകയായിരുന്നു. മാത്രമല്ല, മറ്റു സംസ്ഥാനങ്ങളുടെ സമ്മര്‍ദഫലമായി കേരളത്തിന് അനുവദിച്ച പദ്ധതികള്‍ പോലും പിന്നീട് വഴിമാറിപ്പോയി.
കേന്ദ്ര സര്‍ക്കാറുകള്‍ മാത്രമല്ല കേരളത്തിന്റെ ഈ ദുരവസ്ഥക്ക് ഉത്തരവാദി. സംസ്ഥാന ഭരണകൂടത്തിന്റെയും എം പിമാരുടെയും അനാസ്ഥയും കാര്യക്ഷമതയില്ലായ്മയും വിമര്‍ശിക്കപ്പെടേണ്ടതുണ്ട്. ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഗണന ലഭ്യമാകും വിധം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിലും സമ്മര്‍ദ തന്ത്രങ്ങളിലൂടെ നേടിയെടുക്കുന്നതിലും സംസ്ഥാന സര്‍ക്കാറുകളും കേന്ദ്ര മന്ത്രിസഭയിലെ കേരളത്തിന്റെ പ്രതിനിധികളും പരാജയമായിരുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞ പോലെ പനമ്പിള്ളി ഗോവിന്ദ മേനോനും ഒ രാജഗോപാലും കേന്ദ്ര മന്ത്രിമാരായിരുന്നപ്പോഴാണ് കേരളം ചെറിയ തോതിലെങ്കിലും പരിഗണിക്കപ്പെട്ടത്. ഇതു സംബന്ധിച്ചു വ്യാപകമായി വിമര്‍ശം ഉയര്‍ന്നതിനെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേ ബജറ്റിന് മുമ്പ് എം പി മാരെ വിളിച്ചുകൂട്ടി ചര്‍ച്ച സംഘടിപ്പിക്കാറുണ്ടെങ്കിലും ഒരു ചടങ്ങെന്നതിലപ്പുറം അതും ഫലവത്താകുന്നില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് അനുവദിക്കുന്ന പുതിയ തീവണ്ടികളിലും മറ്റു പദ്ധതികളിലും ബഹുഭൂരിഭാഗവും തമിഴ്‌നാടും ആന്ധ്രയും കര്‍ണാടകയും പിടിച്ചു വാങ്ങുന്നത് നോക്കി നെടുവീര്‍പ്പിടേണ്ട ഗതികേടിലായിരുന്നു ഇക്കാലമത്രയും കേരളീയര്‍. ഓരോ റെയില്‍വേ ബജറ്റും കേരളം പ്രതീക്ഷയോടെയാണ് കാത്തിരിക്കാറുള്ളതെങ്കിലും നിരാശ മാത്രമായിരിക്കും ഫലം. മാത്രമല്ല വിവിധ പദ്ധതികള്‍ക്കായി റെയില്‍വേ കേരളത്തിന് അനുവദിച്ച തുകകള്‍ യഥാസമയം വിനിയോഗിക്കുന്നതിലും സംസ്ഥാനം വീഴ്ച കാണിക്കുകയുണ്ടായി.
ബജറ്റില്‍ ലഭിക്കുന്ന വിഹിതത്തില്‍ മാത്രം പ്രതീക്ഷ അര്‍പ്പിക്കാതെ സംസ്ഥാനത്തിന് റെയില്‍വേ വികസന പദ്ധതികളുമായി മുന്നോട്ടു പോകാന്‍ അവസരമേകുന്നതാണ് സംയുക്ത സംരഭമെന്ന ആശയം. റെയില്‍ വികസനം, വിഭവ സമാഹരണം. ഭൂമി ഏറ്റെടുക്കല്‍, പദ്ധതി നിര്‍വഹണം, സുപ്രധാന പദ്ധതികളുടെ നിരീക്ഷണം തുടങ്ങിയവക്ക് കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭം തുടങ്ങുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിന്റെ തുടര്‍ച്ചയാണ് നടപടി. മഹാരാഷ്ട്രയും ഒഡീഷയും നേരത്തെ ഇത്തരം കരാറുകളില്‍ ഒപ്പ് വെച്ചിട്ടുണ്ട്. പദ്ധതി വേണ്ട വിധം പ്രയോജനപ്പെടുത്തിയാല്‍ കേരളത്തിന്റെ പല സ്വപ്‌ന പദ്ധതികളും ഏറെ താമസിയാതെ പൂവണിയിക്കാനും റെയില്‍വേ ഭൂപടത്തില്‍ സംസ്ഥാനത്തിന് മികച്ച സ്ഥാനം നേടിയെടുക്കാനുമാകും. സംസ്ഥാനത്തിന് താത്പര്യമുള്ള പദ്ധതികള്‍ നിര്‍ദേശിക്കാനും അംഗീകരിപ്പിക്കാനും സാധിക്കുമെന്നത് പദ്ധതിയുടെ സവിശേഷതയാണ്.
അതേസമയം വികസന പദ്ധതികള്‍ ഏറ്റെടുത്താല്‍ അതിന്റെ ചെറിയ വിഹിതമാണ് കേന്ദ്രവും സംസ്ഥാനവും പങ്കിടുന്നത്. അവശേഷിക്കുന്ന പണം പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായ മേഖല എന്നിവയില്‍ നിന്ന് വായ്പയായോ നിക്ഷേപമായോ സമാഹരിക്കേണ്ടി വരും. ആവശ്യമെങ്കില്‍ സ്വകര്യ സംരംഭകരെയും ഉള്‍െപ്പടുത്താം. തുക വകയിരുത്താനുള്ള കാലതാമസത്താല്‍ മുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ സംസ്ഥാനത്തുണ്ടെന്നിരിക്കെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയ പദ്ധതികള്‍ക്കാവശ്യമായ തുക കണ്ടെത്തുക ശ്രമകരമായിരിക്കും.

Latest