Connect with us

National

ബാബരി ദുരന്തം റാവുവിന്റെ വലിയ ഭരണ പരാജയമെന്ന് പ്രണാബിന്റെ 'ഓര്‍മക്കുറിപ്പുകള്‍'

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി മസ്ജിദിന്റെ തകര്‍ച്ച തടയാന്‍ കഴിയാതിരുന്നത് ഒരു രാഷ്ട്രത്തലവനെന്ന നിലയില്‍ അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ ഏറ്റവും വലിയ ഭരണ പരാജയമായിരുന്നെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി (ദ ടര്‍ബുലന്റ് ഇയേഴ്‌സ്: 1980-96) എന്ന പ്രണബിന്റെ ഓര്‍മക്കുറിപ്പുകളുടെ രണ്ടാം ഭാഗത്തിലാണ് ബാബരി മസ്ജിദുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളുള്ളത്. 1980 മുതല്‍ 1996വരെയുള്ള വിവിധ സാഹചര്യങ്ങളെക്കുറിച്ചാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുത്.
ഈ സംഭവം രാജ്യത്തിനകത്തും പുറത്തുമുള്ള മുസ്‌ലിംകളുടെ വികാരത്തെ ആഴത്തില്‍ വ്രണപ്പെടുത്തിയെന്ന് പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. മസ്ജിദിന്റെ തകര്‍ച്ച വ്യക്തമായൊരു ചതിയായിരുന്നു. അപമാനഭാരത്താല്‍ ഒരോ ഇന്ത്യക്കാരന്റെയും തലതാഴ്ന്ന സംഭവമായിരുന്നു അത്. സഹിഷ്ണുതയോടും സഹവര്‍ത്തിത്വത്തോടും വിവിധ മതവിഭാഗങ്ങള്‍ ഒന്നിച്ചു കഴിഞ്ഞിരുന്ന നാടെന്ന ഇന്ത്യയുടെ പ്രതിച്ഛായയാണ് അതോടെ തകര്‍ന്നുവീണത്. ബാബരി മസ്ജിദ് തകര്‍ത്ത നടപടി അങ്ങേയറ്റത്തെ വിശ്വാസ വഞ്ചന ആയിരുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഒരു ദേവാലയം തകര്‍ത്ത നടപടി അവിവേകവും താന്തോന്നിത്തവുമായിരുന്നു.
നൂറ്റാണ്ടുകളായി മതസംഘര്‍ഷം നിലനില്‍ക്കുന്ന ജറൂസലമില്‍ പോലും ഒരു മുസ്‌ലിം പള്ളിക്ക് ബാബരി മസ്ജിദിന്റെ അവസ്ഥയുണ്ടായിട്ടില്ലെന്ന് ഒരു പ്രമുഖ മുസ്‌ലിം രാജ്യത്തിലെ മന്ത്രി പിന്നീട് തന്നോട് പറഞ്ഞിരുന്നു. മസ്ജിദ് തകര്‍ക്കുന്നത് തടയാന്‍ കഴിയാതിരുന്നത് നരസിംഹറാവുവിന്റെ ഏറ്റവും വലിയ പരാജയമായിരുന്നു. പിന്നീടൊരിക്കല്‍ നരസിംഹറാവുവിനെ കണ്ടുമുട്ടിയപ്പോള്‍ താന്‍ പൊട്ടിത്തെറിച്ചു. ബാബരി മസ്ജിദ് സംഭവത്തിലെ അപകടത്തെക്കുറിച്ച് പറഞ്ഞുതരാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ലേയെന്ന് താന്‍ ചോദിച്ചെങ്കിലും അദ്ദേഹം നിശ്ശബ്ദനായിരുന്നു. ഉത്തര്‍പ്രദേശിലെ സ്ഥിതിഗതി ശരിക്ക് മനസ്സിലാക്കാതെ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു എടുത്ത തീരുമാനങ്ങളാണ് രാജ്യത്തിന് അപമാനകരമായത്. പ്രണാബ് തന്റെ പുസ്തകത്തില്‍ പറയുന്നു.
1992 ഡിസംബര്‍ ആറിന് താന്‍ ബോംബെയിലായിരുന്നപ്പോഴാണ് ദുഃഖകരമായ ആ സംഭവമുണ്ടായത്. അന്ന് പ്ലാനിംഗ് കമ്മീഷനില്‍ തന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായിരുന്ന ജയറാം രമേശാണ് ഫോണില്‍ വിളിച്ച് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വിവരം പറഞ്ഞത്. തനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അത്തരമൊരു കെട്ടിടം എങ്ങനെ തകര്‍ക്കാനാണെന്ന് ജയറാം രമേശിനോട് ആവര്‍ത്തിച്ച് ചോദിച്ചു. അദ്ദേഹം മുഴുവന്‍ സംഭവങ്ങളും എനിക്ക് വിവരിച്ച് തന്നു. അന്നു തന്നെ ഞാന്‍ ഡല്‍ഹിയിലേക്ക് മടങ്ങി. മഹാരാഷ്ട്ര ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് സംരക്ഷണത്തോടെയായിരുന്നു തന്റെ യാത്രയെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഒപ്പം ബാബരി ദുരന്തത്തിലേക്ക് നയിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നീക്കത്തെയും പ്രണബ് കുമാര്‍ വിമര്‍ശിക്കുന്നുണ്ട്. അയോധ്യയിലെ ക്ഷേത്ര വാതിലുകള്‍ തുറന്നു കൊടുക്കാനുള്ള മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ തീരുമാനം തെറ്റായിരുന്നെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.”1986ല്‍ രാമജന്മ ഭൂമി ക്ഷേത്ര സ്ഥലം തുറന്നു കൊടുക്കാനുള്ള കണക്കുകൂട്ടല്‍ തെറ്റായിരുന്നു. അത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ആളുകള്‍ക്ക് തോന്നിയിരുന്നു.
അതേസമയം പുസ്തകത്തില്‍ പ്രണബ് സഞ്ജയ് ഗാന്ധിയുടെ ചില നീക്കങ്ങളെ പ്രശംസിക്കുന്നുണ്ട്.

Latest