Connect with us

Kerala

മന്ത്രി കെ ബാബു രാജി പിൻവലിച്ചു; കെ എം മാണിക്കും ക്ഷണം

Published

|

Last Updated

കൊച്ചി/തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച കെ ബാബു രാജി തീരുമാനം പിന്‍വലിച്ചു. വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ യു ഡി എഫ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാജി പിന്‍വലിച്ചത്. പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം തൃപ്പൂണിത്തുറയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോടതിവിധി കാത്തിരിക്കാതെ രാജിവച്ചൊഴിയാന്‍ താന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നുവെന്ന് ബാബു പറഞ്ഞു. യു ഡി എഫ് യോഗം കഴിഞ്ഞശേഷം മുഖ്യമന്ത്രി ഫോണില്‍ വിളിച്ചാവശ്യപ്പെട്ടതിനു ശേഷമാണ് ബാബു രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ബാബു നല്‍കിയ രാജിക്കത്ത് സ്വീകരിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിന് ഇന്നലെ ചേര്‍ന്ന യു ഡി എഫ് കക്ഷി നേതാക്കളുടെ യോഗം അംഗീകാരം നല്‍കുകയായിരുന്നു. ഇതോടൊപ്പം കെ എം മാണിക്ക് മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നതിനുള്ള രാഷ്ട്രീയാനുമതി നല്‍കാനും യോഗം തീരുമാനിച്ചു. മാണിയോട് മന്ത്രിസഭയിലേക്ക് മടങ്ങിവരണമെന്ന ആവശ്യം മുന്നോട്ടുവെക്കാനും യോഗം തീരുമാനിച്ചതായി കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു.
ബാബുവിന്റെ രാജി സ്വീകരിക്കുകയോ ബാബു രാജിയില്‍ ഉറച്ചുനില്‍ക്കുകയോ ചെയ്താല്‍ അത് ഉമ്മന്‍ ചാണ്ടിക്ക് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് തീരുമാനം. രാജി അംഗീകരിച്ചിരുന്നുവെങ്കില്‍ കോടതിയുടെ പരാമര്‍ശം വന്നയുടനെ രാജിവച്ച ബാബുവിന്റെ പാത പിന്തുടരാന്‍ മുഖ്യമന്ത്രിയും ബാധ്യസ്ഥനാകുമായിരുന്നു. ബാബുവിനെ മാത്രം മടക്കിക്കൊണ്ടുവരാനുള്ള തീരുമാനമെടുത്താല്‍ പ്രധാന ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്നതിനാലാണ് മാണിയെയും മന്ത്രിസഭയിലേക്ക് തിരികെ വിളിക്കാന്‍ യു ഡി എഫ് തീരുമാനിച്ചത്.
ഇക്കാര്യത്തില്‍ മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ് ഇനി തീരുമാനമെടുക്കേണ്ടത്. മടങ്ങിവരാന്‍ എന്തെങ്കിലും നിയമ തടസ്സം ഉണ്ടോയെന്ന് അവര്‍ പരിശോധിച്ച് തീരുമാനമെടുക്കും. കോടതിവിധിയെ തുടര്‍ന്ന് ബാബുവിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നെങ്കിലും ഹൈക്കോടതിയില്‍ നിന്ന് രണ്ട് മാസം സ്റ്റേ ലഭിച്ച സാഹചര്യത്തില്‍ രാജിക്ക് പ്രസക്തിയില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്.
അതേസമയം, മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമില്ലാത്ത പ്രതിച്ഛായ തനിക്ക് വേണ്ടെന്നാണ് തീരുമാനമെന്ന് ബാബു പറഞ്ഞു. രാജി പ്രഖ്യാപിച്ച സാഹചര്യം ഇപ്പോള്‍ ഇല്ല. പാര്‍ട്ടി തീരുമാനമാണ് വലുത്. വ്യക്തിപരമായ പ്രതിച്ഛായയുടെ പിറകെ താന്‍ ഇതേവരെ പോയിട്ടില്ല, ഇനി പോകുകയുമില്ല. പ്രതിച്ഛായയുടെ തടവറയില്‍ കഴിയുന്ന ഒരു പൊതുപ്രവര്‍ത്തകനല്ല താന്‍. അത്തരമൊരു പ്രതിച്ഛായ വേണമെന്ന പിടിവാശിയോ ആഗ്രഹമോ ഇല്ല. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മുന്നണിയുടെയും കോണ്‍ഗ്രസിന്റെയും മുഖ്യമന്ത്രിയുടെയും തീരുമാനങ്ങളെ മാനിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുളള ബാധ്യതയുണ്ട്. അതുകൊണ്ട് വ്യക്തിപരമായ യശസ്സിനെ മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കാനാകില്ലെന്നും ബാബു പറഞ്ഞു.
മുഖ്യമന്ത്രിയും ആര്യാടനും രാജിവെക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണോ രാജി പിന്‍വലിച്ചതെന്ന ചോദ്യത്തിന് പ്രസക്തിയില്ല. കെ എം മാണി തിരിച്ചു വരുന്നത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും ബാബു പറഞ്ഞു.