Connect with us

Gulf

'ഞാനെന്തിനാണ് കരയുന്നതെന്ന് ചോദിക്കരുത്'

Published

|

Last Updated

ഗള്‍ഫ് ജീവിതം എന്നേക്കുമായി അവസാനിപ്പിച്ച് മടങ്ങിപ്പോകുന്നവരുടെ ചിത്രങ്ങളും “കഥ”കളും ഇവിടുത്തെ പത്രങ്ങളുടെ പ്രാദേശിക താളുകളില്‍ സ്ഥിരമായിരിക്കുന്നു. അനുഭവ തീക്ഷ്ണമായ ജീവിതമാണെങ്കില്‍ പ്രസിദ്ധീകരിക്കാന്‍ പത്രാധിപന്‍മാര്‍ അല്‍പം കൂടുതല്‍ സ്ഥലം അനുവദിക്കാറുണ്ട്. മരണം പോലെ തന്നെ, വലിയൊരു യാഥാര്‍ഥ്യമായി മടക്കയാത്രയെ വായനക്കാര്‍ കാണുന്നു.
അറുപതുകളിലും എഴുപതുകളിലും പെട്രോഡോളര്‍ സ്വപ്‌നം കണ്ട് ധാരാളം ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഗള്‍ഫിലെത്തി. ഇന്ത്യക്കാരായിരുന്നു കൂടുതല്‍; അതും മലയാളികള്‍. അവരില്‍ പലരും എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്ത്, മറ്റുള്ളവരുടെ ജീവിതത്തിലെ ഇരുട്ടകറ്റാന്‍ സ്വയം എരിഞ്ഞ്, നാല്‍പത്, അമ്പത് വര്‍ഷത്തോളം ഗള്‍ഫില്‍ കഴിയുകയും വേറെ വഴിയില്ലാതെ മടങ്ങുകയുമാണ്. എന്തുകൊണ്ട്, നേരത്തെ പ്രവാസം അവസാനിപ്പിച്ചില്ലായെന്ന് ചോദിച്ചാല്‍ ഉത്തരം പലതായിരിക്കും. സ്വന്തമായി വീട്, മക്കളുടെ വിദ്യാഭ്യാസം എന്നിങ്ങനെ പലകാരണങ്ങള്‍. സ്വന്തം നാട്ടില്‍ ജീവിച്ചവര്‍ ഇതൊക്കെ ചെയ്തിട്ടുണ്ടല്ലോയെന്ന മറുചോദ്യം ബാലിശമാണ്. “അത്രയൊന്നും, ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. നാട്ടില്‍ സാധ്യതകള്‍ തുറന്നു കിട്ടിയില്ല.”
എന്തുകൊണ്ട്, രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രവാസം ഉപേക്ഷിച്ചല്ലായെന്ന ചോദ്യവും ഉയരുന്നുണ്ട്. ആനന്ദിന്റെ മരുഭൂമികള്‍ ഉണ്ടാകുന്നത് എന്ന നോവലിലെ ഒരു ഭാഗം സഹായത്തിനെത്തും. “അവരെല്ലാം വേറെ ഏതെങ്കിലും തരത്തിലുള്ള ചങ്ങലകളാല്‍ ബന്ധിതരാണെങ്കിലോ? അല്ലെങ്കില്‍, ഏതെങ്കിലും പ്രലോഭനങ്ങളുടെ ചൂണ്ടലില്‍, ഊരിപ്പോരുവാനുള്ള ശ്രമം ചങ്കുമുറിക്കുകയായിരിക്കുമെന്ന മട്ടില്‍ കൊളുത്തപ്പെട്ടു കിടക്കുകയാണെങ്കിലോ?”
45 വര്‍ഷം മുമ്പ് പായക്കപ്പലില്‍ ദുബൈയിലെത്തിയ ഒരാളെ ഈയിടെ കണ്ടു. തൃശൂര്‍ സ്വദേശിയാണ്. പ്രീഡിഗ്രി (അക്കാലത്തെ പ്ലസ്ടു) കഴിഞ്ഞ് എന്ത് ചെയ്യണമെന്നറിയാതെ, കുഴങ്ങി നില്‍ക്കുമ്പോഴാണ് പായക്കപ്പലില്‍ ആളുകള്‍ അറേബ്യന്‍ നാടുകളിലേക്ക് പോകുന്നുണ്ടെന്നറിഞ്ഞത്. വീട്ടില്‍ പ്രാരാബ്ധങ്ങളായിരുന്നു. ആ അന്തരീക്ഷത്തില്‍ നിന്ന് രക്ഷപ്പെടണമെന്നേ മോഹിച്ചുള്ളൂ. “പലരില്‍ നിന്നും പണം കടം വാങ്ങി, ഇരുട്ടിന്റെ മറവില്‍ പായക്കപ്പല്‍ കയറി. ആദ്യമായാണ് കടല്‍ കാണുന്നത്. കടല്‍ കാറ്റും പായക്കപ്പലിന്റെ ഉലച്ചിലും ഓക്കാനമുണ്ടാക്കി. കപ്പലിന്റെ മുകള്‍ തട്ടില്‍ ആകാശം നോക്കികിടന്നു. രാത്രിയുടെ കമ്പളത്തില്‍ മുത്തുമണികള്‍ വാരി വിതറിയ പോലെ നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങി. അറിയാതെ ഉറക്കത്തിലേക്ക് വഴുതി. പകല്‍ തെളിയുമ്പോള്‍ വിശപ്പും ദാഹവും കഠിനമായി. കുറച്ച് കഞ്ഞിയും അച്ചാറും കിട്ടി. വിശപ്പടങ്ങിയില്ല. കണ്ണടച്ച് വീണ്ടും കിടന്നു. ചിലര്‍, ഛര്‍ദിച്ച് അവശരായി. ദിവസങ്ങള്‍ പോകെ, കഞ്ഞിയുടെ അളവ് കുറഞ്ഞുവന്നു. വലിയ വട്ടളത്തില്‍ അരി വെന്തുവരുന്നത് കാത്ത് നൂറോളം പേര്‍. വേവുന്നതിന് മുമ്പേ തിളക്കുന്ന വെള്ളത്തിലേക്ക്, ഒരു പിടിവറ്റിനുവേണ്ടി വീണവര്‍ ഏറെ.”
ഖോര്‍ഫുക്കാനിലെ തീരത്തേക്ക് നീന്തിക്കയറിയപ്പോള്‍ ഭൂമിയില്‍ കാലുറക്കുന്നില്ല. ഈന്തപ്പന മരച്ചുവട്ടില്‍ വീണു. ബോധം തിരിച്ചുകിട്ടിയപ്പോള്‍, നോക്കെത്താദൂരത്തോളം മണല്‍പരപ്പ്, വേച്ചു വേച്ച് നടന്നു. പനിയും ക്ഷീണവും കാരണം കപ്പലില്‍ മരിച്ച രണ്ടു പേരുടെ മുഖം മനസിലേക്ക് കടന്നു വന്നു. കൂടെ കപ്പിത്താന്റെ ഓര്‍മപ്പെടുത്തലും. മനസ് തളര്‍ന്നാല്‍ എല്ലാം കൈവിട്ടുപോകും. മനസിന് ഊര്‍ജം നല്‍കിയാല്‍, ശരീരത്തിന് ഗുണം ചെയ്യും. മരണത്തെ, അല്‍പകാലത്തേക്കെങ്കിലും അകറ്റി നിര്‍ത്താം.
ഏതോ വാഹനത്തില്‍ ദുബൈയിലെത്തി. ഊരും പേരുമറിയാത്ത ഒരാളുടെ കാരുണ്യം കൊണ്ട് ജോലികിട്ടി. വഴികാണിച്ചുതന്ന ആളെ പിന്നീടൊരിക്കലും കാണാന്‍ സാധിച്ചില്ല. ഓരോ പ്രാവശ്യം നാട്ടിലേക്ക് പോകാനൊരുങ്ങുമ്പോള്‍, ബസാറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ അയാളെ ഓര്‍ക്കും. ഇപ്പോള്‍, തിരിച്ചു വരവില്ലാത്ത യാത്രക്കൊരുങ്ങുമ്പോഴും അയാളുടെ ചിരിക്കുന്ന മുഖം മനസിലുണ്ട്. അയാള്‍ തന്ന, സുലൈമാനിയുടെ മധുരം നാവിലുണ്ട്.
ജീവിതം പല വഴികളിലൂടെ ഒഴുക്കിയവരും പ്രവാസം അവസാനിക്കുമ്പോള്‍ ഒരൊറ്റ തണലാണ് ആഗ്രഹിക്കുന്നത്. കുറച്ചുകാലം, നാട്ടില്‍ പ്രകൃതിയുമായി ഇണങ്ങി ജീവിക്കണം. പുഴയും പാടവും പച്ചപ്പും അനുഭവിക്കണം. ടി വി കൊച്ചു ബാവയുടെ ഒരു കഥാപാത്രം ചെയ്യുന്നത് പോലെ, പായല്‍ പിടിച്ച കുളത്തിലിറങ്ങി കൈക്കുടന്നയില്‍ ജലമെടുത്ത്, ഇതുമാത്രമാണ് സത്യമെന്ന് ആത്മഗതം ചെയ്യണം.
പക്ഷേ, ജീവന്‍ വെടിയുവോളം കെട്ടുപാടുകള്‍ അവസാനിക്കുന്നില്ല. സ്വന്തം ഇഷ്ടങ്ങളെ നിരന്തരം ആട്ടിയോടിച്ച മാനസികാവസ്ഥയുള്ള ഗള്‍ഫ് മലയാളി അപ്പോഴും അസ്വസ്ഥനാകും.
ഇതിനിടയില്‍ ഇന്ത്യക്കാരെക്കാള്‍ പരിതാപകരമാണ് ഫലസ്തീനികളുടെ അവസ്ഥ എന്ന് അറിയുക. അവരില്‍ ഭൂരിപക്ഷം പേര്‍ക്കും തിരിച്ചുപോകാന്‍ രാജ്യമില്ല. അവരുടെ ഭൂമി ഇപ്പോള്‍ ഇസ്‌റാഈലിന്റെ കൈവശമാണ്. 1948ലും 1962ലും ഇസ്‌റാഈല്‍ അധിനിവേശം നടത്തിയപ്പോള്‍, പലരും നാടും വീടും വിട്ട് ഗള്‍ഫിലെത്തിയിരുന്നു. ഭൂരിപക്ഷം പേരും ജോര്‍ദാന്‍, സിറിയ മേല്‍ വിലാസത്തില്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചു. അവര്‍ക്ക് പക്ഷേ, ജോര്‍ദാനില്‍ വേരുകളില്ല. സിറിയയാണെങ്കില്‍ ആഭ്യന്തര സംഘര്‍ഷങ്ങളുടെ പിടിയിലുമാണ്. ഈയിടെ ഇബ്‌റാഹീം ഷഹീല്‍ എന്നു പേരുള്ള ഒരാള്‍ 52 വര്‍ഷത്തിനു ശേഷം ജന്മനാട്ടില്‍ എത്തിയതിന്റെ റിപ്പോര്‍ട്ട് എ ബി സി ന്യൂസിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജന്മനാടായ സകറിയ ഇപ്പോള്‍ ഇസ്‌റാഈലിന്റെ അധീനതയിലാണ്. അയാള്‍ എ ബി സി ലേഖകനോട് പറഞ്ഞു. “ലോകത്ത് ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് സകറിയയാണ്.” താന്‍ കളിച്ചുവളര്‍ന്ന നാട് ഒരിക്കല്‍കൂടി കാണണമെന്ന അയാളുടെ ആഗ്രഹം എ ബി സി ന്യൂസ് സാധ്യമാക്കി.
1948ല്‍ ആയിരക്കണക്കിന് ഫലസ്തീനികളാണ് സകറിയ വിട്ടത്. “കണ്‍മുന്നില്‍ പലരും കൊല്ലപ്പെടുന്നത് കണ്ടപ്പോള്‍, കുടുംബസമേതം വീടും നാടും വിട്ട് ഓടിപ്പോകുകയായിരുന്നു. ഒരാഴ്ചക്കകം മടങ്ങിയെത്താമെന്നായിരുന്നു പ്രതീക്ഷ.”
അയാള്‍ എ ബി സി ന്യൂസ് ലേഖകന് പഴയ സ്ഥലങ്ങള്‍ ഓരോന്നും കാണിച്ചുകൊടുത്തു. ഇതാ ഇവിടെയായിരുന്നു എന്റെ വീട് എന്നുമാത്രമെ പറയാന്‍ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും അയാള്‍ വിങ്ങിപ്പൊട്ടി. ഇപ്പോള്‍ വീട് ഇസ്‌റാഈല്‍ പൗരന്റെ അധീനതയിലാണ്.
“ഞാനെന്തിനാണ് കരയുന്നതെന്ന് നിങ്ങള്‍ എന്നോട് ചോദിക്കരുത്. എന്റെ ഹൃദയം അത്രമാത്രം തകര്‍ന്നിരിക്കുന്നു.” അയാള്‍ക്ക് മറ്റൊന്നും പറയാന്‍ കഴിഞ്ഞില്ല.

Latest