Connect with us

Gulf

ഗുരുതര സാമ്പത്തിക ആരോപണങ്ങളില്‍ കുരുങ്ങി ജിദ്ദാ ഇന്ത്യന്‍ സ്‌കൂള്‍ മനേജ്‌മെന്റ്

Published

|

Last Updated

ജിദ്ദ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ തെരഞ്ഞെടുക്കപ്പെട്ട മാനേജ്‌മെന്റ് ഭാരവാഹികള്‍ക്കെതിരേ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി വിവിധ സംഘടനകളും രക്ഷിതാക്കളും രംഗത്ത്. സ്‌കൂളിനായി പുതുതായി വാടകക്കെടുത്ത കെട്ടിടത്തെ ചൊല്ലിയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. ഇന്ത്യന്‍ സമൂഹത്തിനു ഊഹിക്കാന്‍ പോലുമാകാത്ത വന്‍ തുകക്ക്, അതും പറഞ്ഞത്ര സൗകര്യമില്ലാത്ത കെട്ടിടം വാടകക്കെടുത്തതിന്റെ പിന്നില്‍ വന്‍ സാമ്പത്തിക ക്രമക്കേടാണ് മാനേജമെന്റും ചെയര്‍മാനും നടത്തിയിട്ടുള്ളതെന്ന് “നവധാര” ഭാരവാഹികള്‍ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

വെറും 1300 കുട്ടികള്‍ക്ക് മാത്രം സൗകര്യമുള്ള കെട്ടിടത്തിനു വര്‍ഷത്തിനു 51 ലക്ഷം റിയാലിനാണു കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. അതും അതില്‍ ഉണ്ടാക്കിയിട്ടുള്ള ക്ലാസ് മുറികളധികവും വിദ്യാര്‍ഥിയൊന്നിനു 1.9 ചതുരശ്രമീറ്റര്‍ എന്ന സിവില്‍ ഡിഫന്‍സ് നിയമം പാലിച്ചിട്ടുമില്ല. മാത്രമല്ല, 4000 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാവുന്ന കെട്ടിടം എന്നായിരുന്നു മാനേജ്‌മെന്റ് പത്ര സമ്മേളനത്തില്‍ അവകാശവാദമുന്നയിച്ചിരുന്നത്. എന്നാല്‍ വെറും 1300 കുട്ടികള്‍ക്ക് മാത്രമാണു കെട്ടിടത്തില്‍ സൗകര്യമുള്ളത്. അതിനാണ് ഈ വന്‍ തുക വാടക കൊടുക്കാന്‍ ധാരണയായിട്ടുള്ളത്.

നിലവില്‍ ഗേള്‍സ് സ്‌കൂള്‍ കെട്ടിടത്തിനു നല്‍കുന്ന വാടകയുടെ പത്തിരട്ടിയിലധികമാണു പുതിയ കെട്ടിടത്തിന്റെ വാടക. 4274 വിദ്യാര്‍ഥിനികള്‍ പഠിക്കുന്ന ഗേള്‍സ് സ്‌കൂള്‍ കെട്ടിടത്തിനു ഇപ്പോള്‍ നല്‍കുന്ന വാര്‍ഷിക വാടക 432000 റിയാലാണ്. അതേസമയം വെറും 1300 കുട്ടികളെ മാത്രം ഉള്‍ക്കൊള്ളുന്ന പുതിയ കെട്ടിടത്തിനു 51 ലക്ഷം റിയാലിനാണു കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. ഈ ഭീമമായ തുക സ്‌കൂളിന്റെ റിസര്‍വ് ഫണ്ട് ദുരുപയോഗം ചെയ്യാനും അഴിമതി നടത്താനുമാണെന്നുമാണു ആരോപണം. മാത്രമല്ല, പുതിയ വാടക നിലവില്‍ വരുന്നതോടെ വിദ്യാര്‍ഥിയൊന്നിനു 400ല്#ധികം റിയാല്‍ വാടകയിനത്തില്‍ മാത്രം വരുമെന്നും കണക്കാക്കപ്പെടുന്നു. ഇത് സ്‌കൂളിന്റെ തകര്‍ച്ചയിലേക്കു വഴിവെക്കുമെന്നും ആശങ്കയുയരുന്നു.

കെ ജി സ്‌കൂള്‍ കെട്ടിടത്തിനു ഇപ്പോള്‍ നല്‍കുന്ന വാടക 9 ലക്ഷം റിയാലാണ്. 2469 കുട്ടികളാണ് അതില്‍ പഠിക്കുന്നത്. അതിനെ അപേക്ഷിച്ചും പുതിയ കെട്ടിടത്തിന്റെ വാടക എത്രയോ കൂടുതലാണ്. 4970 വിദ്യാര്‍ഥികള്‍ പഠിക്കുന്ന ബോയ്‌സ് സ്‌കൂള്‍ കെട്ടിടം മാത്രമാണു വാടകയില്ലാതെ സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ വാടക നിലവില്‍ വരുന്നതോടെ ആകെ 64,32,000 റിയാലാണ് വാടകയിനത്തില്‍ മാത്രം വരിക. സ്‌കൂളിന്റെ ഭാവിയെ അസ്ഥിരപ്പെടുത്തി കീശ വീര്‍പ്പിക്കുന്ന തസ്‌കര സംഘത്തെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കളും വിവിധ സംഘടനകളും.

പുതിയ കെട്ടിടത്തിനു രണ്ടു വര്‍ഷത്തെ വാടക (ഒരു കോടി രണ്ടു ലക്ഷം റിയാല്‍) ഒരുമിച്ചു നല്‍കാന്‍ എടുത്ത മാനേജ്‌മെന്റ് തീരുമാനവും ദുരൂഹമാണ്. പുതിയ കെട്ടിടം നേരില്‍ കണ്ടു വിലയിരുത്താന്‍ സംഘടനാ പ്രതിനിധികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും അവസരം നല്‍കാമെന്ന് പറ്ഞ്ഞ മാനേജ്‌മെന്റ് പിന്നീട് അതിനായി സമീപ്പിച്ചവരെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അനുവദിക്കാതിരുന്നതും ദുരൂഹവും സംശയാസ്പദവുമാണ്. അപേക്ഷിക്കുന്ന മുഴുവന്‍ പേര്‍ക്കും അഡ്മിഷന്‍ നല്‍കാമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ച മാനേജ്‌മെന്റ് ഇന്ത്യന്‍ സമൂഹത്തെ വഞ്ചിക്കുക കൂടി ചെയ്തിരിക്കയാണെന്നും “നവധാര” ഭാരവാഹികള്‍ ആരോപിച്ചു. ഈ അധ്യയന വര്‍ഷത്തില്‍ 422 കുട്ടികള്‍ക്ക് പിന്‍ വാതിലിലൂടെ അഡ്മിഷന്‍ നല്കി ഒരു വിഭാഗം രക്ഷിതാക്കളേയും, ചില സംഘടനാ ഭാരവാഹികളെയും മാനേജ്‌മെന്റ് കയ്യിലെടുത്തു നാവടക്കുകയും ചെയ്തുവെന്നും ആരോപണം ഉയര്‍ന്നിരിക്കുന്നു.

പുതിയ സ്‌കൂള്‍ കെട്ടിടത്തിനു ഉണ്ടാക്കിയ താല്‍ക്കാലിക കരാര്‍ ഡിസംബറില്‍ കാലാവധി അവസാനിച്ചിട്ടും കരാറില്‍ നിന്ന് പിന്മാറാന്‍ അവസരം ഉണ്ടായിട്ടും അതുമായി മുന്നോട്ടു പോകാനുള്ള തീരുമാനം വന്‍ വെട്ടിപ്പ് നടത്താന്‍ മാത്രമാണെന്നും, സ്‌കൂളിനെ തകര്‍ക്കുന്ന ഈ നടപടിക്കെതിരില്‍ സൗദി വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ടു നിയമ നടപടി സ്വീകരിക്കാനൊരുങ്ങുന്നതായും “നവധാര” അറിയിച്ചു.

പുതിയ കെട്ടിടത്തിലേക്ക് പ്രവേശനം നടത്തുമെന്ന് പറയുന്ന എണ്ണം 1300 ആയിരിക്കെ ബില്‍ഡിംഗ് ഫണ്ടായി ലഭിക്കുക 9,75,000 റിയാലില്‍ താഴെ ആയിരിക്കും. അടുത്ത വര്‍ഷം ഈ ഇനത്തില്‍ ഒന്നും ലഭിക്കാനുമില്ല. വസ്തുത ഇതായിരിക്കെ പൊരുത്തപ്പെടാത്ത കണക്കുമായി വരുന്ന മാനേജ്‌മെന്റ് ഉന്നമിടുന്നത് റിസര്‍വ് ഫണ്ട് മാത്രമാണു. അടുത്ത വര്‍ഷം മുതല്‍ ഭീമമായ ഫീസ് വര്‍ദ്ധന വരുത്താതെ കഴിയാത്ത അവസ്ഥ ബോധപൂര്‍വ്വം ഉണ്ടാക്കുകയും ചെയ്യുന്നു. രക്ഷിതാക്കളുടെ പിരടിയില്‍ ആ ഭാരം കൂടി കയറ്റി വെക്കാനാണ് പദ്ധതി. സ്‌കൂളിന്റെ കരുതല്‍ ധനം ധൂര്‍ത്തടിക്കാനും, സ്ഥാപനത്തിന്റെ സാമ്പത്തിക സുരക്ഷ അസ്ഥിരപ്പെടുത്താനും മാത്രം കാരണമാകുന്ന പുതിയ തീരുമാനം തിരുത്തിയേ മതിയാകൂ, “നവധാര” ഭാരവാഹികള്‍ പറഞ്ഞു. പുതിയ കെട്ടിടത്തിനു നല്‍കാന്‍ ധാരണയായ വന്‍ വാടകത്തുക, സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം ഉണ്ടാക്കാന്‍ മാത്രം വലുതാണെന്നും അവര്‍ പറഞ്ഞു.

നിലവിലുള്ള കമ്മറ്റിയുടെ കാലാവധിക്ക് ശേഷം മാത്രം പുതുക്കേണ്ട ബസ് കോണ്ട്രാക്റ്റ് ധൃതി പിടിച്ചു അതേ കോണ്ട്രാക്ട്ടര്‍ക്ക് 5 വര്‍ഷത്തേക്ക് കൂടി നല്‍കിയ നടപടിയും ദുരൂഹവും ചട്ട വിരുദ്ധവുമാണ്. അതുപോലെ അധ്യാപക നിയമനത്തിന് ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്യാന്‍ നിയോഗിക്കപ്പെട്ട അക്കാദമിക് സബ് കമ്മറ്റിയെ നോക്കുകുത്തിയാക്കി നിയമനം നടത്തിയ ചെയര്‍മാനും സംഘവും ചെയ്തത് അധികാര ദുര്‍വിനിയോഗവും സ്വജന പക്ഷപാതവുമാണെന്നും “നവധാര” ആരോപിച്ചു.

സ്‌കൂളിനെ തകര്‍ക്കുന്ന മാനേജ്‌മെന്റിന്റെ പുതിയ തീരുമാനത്തിനെതിരെ രക്ഷിതാക്കളില്‍ നിന്നും ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും വന്‍ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും “നവധാര” ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ നാസര്‍ അരിപ്ര, ഗഫൂര്‍ ചുങ്കത്തറ, കെ വി നാസര്‍, പ്രവീണ്‍ കണ്ണൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Latest