Connect with us

Gulf

യൂറോപ്പിനെക്കാള്‍ അതിശൈത്യം ഹാഇലില്‍

Published

|

Last Updated

റിയാദ്: രാജ്യത്തെ വിവിധ മേഖലകളില്‍ അനുഭവപ്പെടുന്ന തണുപ്പ് 48 മണിക്കൂര്‍ സമയത്തേക്ക് കൂടി നീണ്ടു നില്‍ക്കുമെന്നും താപനിലയില്‍ നേരിയ മാറ്റം അതിനു ശേഷമേ ഉണ്ടാവുകയുള്ളൂവെന്നും നിലവില്‍ ഹായില്‍ ഭാഗത്ത് യൂറോപ്പിനെക്കാള്‍ തണുപ്പാണ് അനുഭവപ്പെടുന്നതെന്നും അല്‍ ഖസീം യൂനിവേഴ്‌സിറ്റിയിലെ ജോഗ്രഫിക് വിഭാഗം പ്രഫസറും കാലാവസ്ഥാ നിരീക്ഷകനുമായ ഡോക്ടര്‍ അബ്ദുല്ലാ അല്‍മുസ്‌നദ് അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ വടക്കു ഭാഗത്തും മധ്യത്തില്‍ നിന്നും കിഴക്ക് വടക്ക് ഭാഗങ്ങളിലും ഇപ്പോഴും മൂടല്‍ മഞ്ഞ് വ്യാപകമായി കാണുന്നു. അടുത്ത ചൊവ്വാഴ്ച വരെ റിയാദില്‍ താഴ്ന്ന ഡിഗ്രിയായിരിക്കും താപനിലയെന്നും അദ്ദേഹം പറഞ്ഞു. 1992 ലാണ് റിയാദില്‍ ഇതുപോലെ സീറോ ഡിഗ്രി താപനില എത്തിയത്. എന്നാല്‍ ഇന്നലെ പ്രഭാതത്തില്‍ ഹായിലിലെ താപനില മൈനസ് ആറു ഡിഗ്രിയാണ് ഏഴുമണിക്ക് പത്തു ഡിഗ്രിയിലും താഴെ മാത്രം. അഥവാ ഫ്രിഡ്ജിനകത്ത് കയറിയിരിക്കുന്നതാണ് പുറത്തിറങ്ങുന്നതിനേക്കാള്‍ ഭേദമെന്നും അദ്ദേഹം പറഞ്ഞു.

സമുദ്ര നിരപ്പില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്നത് കൊണ്ടാവാം രാജ്യത്തെ വടക്കന്‍ മേഖലകളില്‍ വെച്ച് ഏറ്റവും കൂടുതല്‍ തണുപ്പ് ഹായിലില്‍ അനുഭവപ്പെടുന്നതെന്നും 800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ത്വുറൈഫ് നഗരത്തിലും ഇതുപോലെ തണുപ്പ് ഉണ്ടെന്നും അബ്ദുല്ലാ അല്‍മുസ്‌നദ് അഭിപ്രായപ്പെട്ടു. ഇത്തരം സ്ഥലങ്ങളില്‍ തണുപ്പിന്റെ കാഠിന്യം മൂലം വെള്ളം ഐസ് കട്ടയായി മാറുമ്പോള്‍ പത്ത് ശതമാനത്തോളം അധികസ്ഥലം ആവശ്യമാണെന്നും അതുകൊണ്ടാണ് വാട്ടര്‍ പൈപ്പുകള്‍ പൊട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest