Connect with us

Kerala

ക്വാറികളില്‍ പരിസ്ഥിതി ആഘാത പഠനം: ഉത്തരവ് സര്‍ക്കാര്‍ അട്ടിമറിച്ചു

Published

|

Last Updated

കണ്ണൂര്‍:കരിങ്കല്‍ ക്വാറികള്‍ക്ക് പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെയുള്ള നടപടികള്‍ ദുര്‍ബലമായതോടെ സംസ്ഥാനത്ത് അനധികൃത കരിങ്കല്‍ ക്വാറികള്‍ വ്യാപകമായി.
2012ന് ശേഷമുള്ള ക്വാറികള്‍ക്കാണ് പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കാതെ 2015 വരെ നീട്ടിക്കൊടുക്കുകയാണ് ചെയ്തത്. ഇതിനെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിച്ച ഹൈക്കോടതി പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമാക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതും മുഖവിലക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ കരിങ്കല്‍ ക്വാറി ജനകീയ പ്രക്ഷോഭ സമിതി കണ്‍വീനര്‍ ഇ മനീഷ് സിറാജിനോട് പറഞ്ഞു.
സംസ്ഥാനത്ത് ചെറുതും വലുതുമായ നിരവധി ക്വാറികളാണ് ചട്ടങ്ങള്‍ കാറ്റില്‍പറത്തി പ്രവര്‍ത്തിക്കുന്നത്.
മൂന്ന് വര്‍ഷം കഴിഞ്ഞ ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് കോടതിവിധി ഉണ്ടായിട്ടും ഇതും കാര്യക്ഷമമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. വേനല്‍ രൂക്ഷമായിക്കൊണ്ടിരിക്കെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ കണക്കിലെടുക്കാതെ ക്വാറി മുതലാളിമാരുടെയും രാഷ്ട്രീയ ലോബിയുടെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ സ്വീകരിക്കുന്ന ഈ അനുകൂല നിലപാട് കേരളത്തെ കൊടും വരള്‍ച്ചയിലേക്കും കൃഷി നാശത്തിലേക്കും കൊണ്ടെത്തിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കെ എം സി ആര്‍ ചട്ടങ്ങളില്‍ പറഞ്ഞിട്ടുള്ള നിബന്ധനകള്‍ പലതും പാലിക്കാതെയാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്.
നിബന്ധനകള്‍ ലംഘിച്ചാല്‍ ക്വാറികള്‍ നിരുപാധികം അടച്ചുപൂട്ടണമെന്ന് ചട്ടത്തില്‍ പറയുന്നുണ്ടെങ്കിലും ഇത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാതെയാണ് പണമടച്ചവര്‍ക്കെല്ലാം മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് അനുമതി നല്‍കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നോട്ട് വെക്കുന്ന നിബന്ധനകളും എക്‌സ്‌പ്ലോസീവ് നിര്‍ദേശങ്ങളും ഭൂരിപക്ഷം ക്വാറികളും പാലിക്കുന്നില്ലെന്ന് പരിസ്ഥിതി സംഘടനകള്‍ ഇത് സംബന്ധിച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പുഴയുടെ ഉറവസ്ഥാനങ്ങളിലും തോടുകളിലും ചെങ്കുത്തായ മലഞ്ചെരുവിലും ജനവാസമേഖലയിലും കൃത്യമായ പരിശോധനകള്‍ ഇല്ലാതെയാണ് ക്വാറികള്‍ക്ക് അനുമതി നല്‍കുന്നത്. ക്വാറികള്‍ ജനജീവിതം ദുസ്സഹമാക്കുമ്പോഴും രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ കാരണം ഇതിനെതിരെയുള്ള നടപടികള്‍ പലപ്പോഴും ദുര്‍ബലമാകുകയാണ്.
കാസര്‍കോട് ജില്ലയില്‍ 200ലേറെ കരിങ്കല്‍ ക്വാറികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായാണ് കണക്കുകള്‍. മതിയായ സുരക്ഷാ സംവിധാനമോ മാനദണ്ഡമോ ഇല്ലാതെയാണ് ഇവയുടെ പ്രവര്‍ത്തനം. കൂടാതെ 50ലധികം ക്രഷറുകളും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്.
എല്ലാ ക്വാറികളിലും സ്‌ഫോടക വസ്തു ഉപയോഗിച്ചാണ് പാറ പൊട്ടിക്കുന്നത്. മഴക്കാലത്ത് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന അധികാരികളുടെ നിര്‍ദേശം പാലിക്കാതെയാണ് ഭൂരിപക്ഷം ക്വാറികളും പ്രവര്‍ത്തിക്കുന്നു. ജനങ്ങളെ ഭീതിയിലാക്കുന്നതിന് പുറമെ വ്യാപക പരിസ്ഥിതി നാശവും കുടിവെള്ള സ്രോതസ്സുകളുടെ നഷ്ടവും ഇടയാക്കുന്ന വിധമാണ് ക്വാറികളുടെ പ്രവര്‍ത്തനം.
കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ പെട്ട തൃപ്പങ്ങോട്ടൂര്‍, കുന്നോത്ത്പറമ്പ് പഞ്ചായത്തുകളിലാണ് അനധികൃത ക്വാറികള്‍ വ്യാപകമായിരിക്കുന്നത്. പാരിസ്ഥിതികാനുമതി ഇല്ലാത്ത ഒരു കരിങ്കല്‍ ക്വാറികളും ജില്ലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ലെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിലപാടെങ്കിലും ബാഹ്യസമ്മര്‍ദങ്ങള്‍ മൂലം ഇത് നടപ്പാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

 

രമേശന്‍ പിലിക്കോട്‌

Latest