Connect with us

National

ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ;ഇടക്കാല വി സിയും അവധിയില്‍ പ്രവേശിച്ചു

Published

|

Last Updated

ഹൈദരാബാദ്: രോഹിത് വെമുല എന്ന ദളിത് ഗവേഷക വിദ്യാര്‍ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് ചുമതലയേറ്റ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഇടക്കാല വൈസ് ചാന്‍സലര്‍ ഡോ. വിപിന്‍ ശ്രാവാസ്തവയും അവധിയില്‍ പ്രവേശിച്ചു. രോഹിതിന്റെ ആത്മഹത്യക്ക് ശേഷമുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ അപ്പാ റാവു പോദിലെ അവധിയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് വിപിന്‍ ശ്രീവാസ്തവ ചുമതലക്കാരനായ ഇടക്കാല വി സിയായി എത്തിയത്. ഇദ്ദേഹത്തിനെതിരെയും വിദ്യാര്‍ഥികളുടെ പ്രതിഷേധം രൂക്ഷമായിരുന്നു. ശ്രീവാസ്തവയും അവധിയില്‍ പ്രവേശിച്ചതോടെ തൊട്ടടുത്ത മുതിര്‍ന്ന പ്രൊഫസര്‍ ഡോ. എം പെരിയസാമിയാകും പുതിയ ഇടക്കാല വൈസ് ചാന്‍സലര്‍. അതേസമയം, എന്തുകൊണ്ടാണ് താന്‍ അവധിയില്‍ പ്രവേശിക്കുന്നത് എന്ന് ശ്രീവാസ്തവ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിപിന്‍ ശ്രീവാസ്തവയെ വൈസ് ചാന്‍സലറുടെ ചുമതലക്കാരനാക്കി നിയമിക്കുന്നതിനെ വിദ്യാര്‍ഥികള്‍ എതിര്‍ത്തിരുന്നു. രോഹിതിന്റെ ആത്മഹത്യയിലേക്ക് നയിച്ച സര്‍വകലാശാലാ സബ് കമ്മിറ്റിയുടെ മേധാവിയായിരുന്നു ശ്രീവാസ്തവ. മാത്രമല്ല, 2008ല്‍ മറ്റൊരു ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യക്കിടയാക്കിയ സംഭവത്തിലും ഇദ്ദേഹം ആരോപണവിധേയനാണെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Latest