Connect with us

Sports

റെക്കോര്‍ഡുകളുടെ തോഴരായി മലയാളി താരങ്ങള്‍

Published

|

Last Updated

കോഴിക്കോട്: പോളില്‍ കുത്തി വായുവില്‍ ഉയര്‍ന്ന് പൊങ്ങി റെക്കോര്‍ഡിലേക്കുള്ള മരിയയുടെ പറന്നിറക്കം, പരുക്കേറ്റ് വീണിട്ടും ജൂനിയര്‍ ഹൈജമ്പ് ചാമ്പ്യന്‍പട്ടം സ്വന്തം പേരില്‍ കുറിച്ച് അനന്തു, ആതിഥേയര്‍ കാഴ്ചക്കാരായ അതിവേഗ ട്രാക്കില്‍ മിന്നല്‍ പിണര്‍ തീര്‍ത്ത് കന്നഡ- തമിഴ് താരങ്ങളുടെ കുതിപ്പ്, അവസാന അങ്കത്തിലും സ്വര്‍ണം കൊയ്ത് ജൂനിയര്‍ ഒളിമ്പ്യന്‍ നീനയുടെ രാജകീയ മടക്കം… രാജ്യത്തിന്റെ കായിക സ്വപ്‌നങ്ങളില്‍ വര്‍ണം വിതറുന്ന ഒരുകൂട്ടം പ്രകടനങ്ങള്‍ക്കാണ് ദേശീയ സ്‌കൂള്‍ ഗെയിംസിന്റെ മൂന്നാം ദിനത്തില്‍ ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ശരവേഗത്തില്‍ കുതിച്ച് എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ ലീഡോടെ കര്‍ണാടകയുടെ മനീഷ് ദേശീയ സ്‌കൂള്‍ മീറ്റിലെ വേഗമേറിയ താരമായി. തമിഴ്‌നാടിന്റെ തമിഴ് ശൈല്‍വിയാണ് വേഗമോറിയ വനിത. വേഗത്തിന്റെ മത്സരത്തില്‍ കേരളം തീര്‍ത്തും നിരാശപ്പെടുത്തി. ഒരു സ്വര്‍ണവും ഒരു വെങ്കലവും മാത്രമാണ് നൂറ് മീറ്ററില്‍ ആതിഥേയര്‍ക്ക് ലഭിച്ചത്.
ആകെയുള്ള 95 മത്സരങ്ങളില്‍ 44 എണ്ണം പൂര്‍ത്തിയായപ്പോള്‍ 139 പോയിന്റുമായി കേരളം കുതിപ്പ് തുടരുകയാണ്. ഇരുപത് സ്വര്‍ണവും 11 വെള്ളിയും ആറ് വെങ്കലവുമാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്. നിലവിലെ അവസ്ഥയില്‍ 19ാം ദേശീയ കിരീടം ലക്ഷ്യംവെക്കുന്ന കേരളത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പോലും സന്ദര്‍ശകര്‍ക്ക് കഴിഞ്ഞിട്ടില്ല. നാല് സ്വര്‍ണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവുമായി 36 പോയിന്റുള്ള മഹാരാഷ്ട്ര രണ്ടാമതും ഒരു സ്വര്‍ണവും ഏഴ് വെള്ളിയും മൂന്ന് വെങ്കലവുമായി പഞ്ചാബ് മൂന്നാം സ്ഥാനത്തുമുണ്ട്. 28 പോയിന്റുമായി ഉത്തര്‍പ്രദേശ്, 27 പോയിന്റുമായി ഹരിയാന, 25 പോയിന്റുമായി ഡല്‍ഹി എന്നിവരാണ് യഥാക്രമം പിന്നിലുള്ളത്.
അഞ്ച് മീറ്റ് റെക്കോര്‍ഡുകളാണ് ഇന്നലെ പിറന്നത്. ഇതില്‍ നാലും മലയാളി താരങ്ങള്‍ സ്വന്തമാക്കി. 1500 മീറ്ററില്‍ മലയാളി താരങ്ങളായ അബിത മേരി മാനുവല്‍, ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ അനുമോള്‍ തമ്പി, സീനിയര്‍ വനിതാ പോള്‍വാട്ടില്‍ മരിയ ജയ്‌സന്‍, ജൂനയര്‍ ഹൈജമ്പില്‍ അനന്തു, ജൂനിയര്‍ ഷോട്ട്പുട്ടില്‍ ഹരിയാനയുടെ സത്യവാന്‍ എന്നിവരാണ് ദേശീയ റെക്കോര്‍ഡ് മറികടന്നത്.

Latest