Connect with us

National

നഗരം ശുചീകരിക്കാന്‍ മന്ത്രിമാര്‍ ചൂലുമായി തെരുവില്‍

Published

|

Last Updated

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ഡല്‍ഹി നഗര ശുചീകരണ തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് മാലിന്യമയമായ നഗരം ശുചീകരിക്കാന്‍ ആം ആദ്മി മന്ത്രിമാര്‍ ചൂലുമായി നേരിട്ട് നഗരത്തിലിറങ്ങി. വേതന തര്‍ക്കത്തെ തുടര്‍ന്ന് ശുചീകരണ തൊഴിലാളികള്‍ പണിമുടക്കിയതോടെ ഒരാഴ്ചയായി നഗരത്തില്‍ മാലിന്യം കുമിഞ്ഞുകൂടിയിരിക്കുകയാണ്.
മന്ത്രിമാരും എം എല്‍ എമാരും നിയമസഭാ സ്പീക്കറും ഇന്നലെ തെരുവിലിറങ്ങി. തൊഴിലാളികളെത്താത്തതിനാല്‍ കുന്നുകൂടി കിടക്കുന്ന ചപ്പുചവറുകള്‍ തൂത്തുവൃത്തിയാക്കിയായിരുന്നു സമരത്തെ മന്ത്രിമാര്‍ നേരിട്ടത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ടൂറിസം മന്ത്രി കപില്‍ മിശ്ര, എം എല്‍ എ വിജേന്ദ്ര ഗാര്‍ഗ്, സ്പീക്കര്‍ രാം നിവാസ് ഗോയല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. എന്നാല്‍, ചിലയിടങ്ങളില്‍ വൃത്തിയാക്കാനെത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ മുനിസിപ്പാലിറ്റി ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചു. മനീഷ് സിസോദിയ പര്‍പട്ഗഞ്ചിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ ടൂറിസം മന്ത്രി കപില്‍ മിശ്ര കാരാവല്‍ നഗറിലെ പ്രവര്‍ത്തനങ്ങള്‍ നയിച്ചു.
സമരം ചെയ്യുന്ന ജീവനക്കാര്‍ കഴിഞ്ഞ ദിവസം മൂന്ന് ലോഡ് മാലിന്യങ്ങള്‍ ട്രക്കുകളില്‍ കൊണ്ടുവന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസിന് മുന്നില്‍ തള്ളിയിരുന്നു. മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്ക് പകരം ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് മുന്‍കൈയെടുത്ത് നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാരും പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനിലെ ജീവനക്കാരാണ് ശമ്പള കുടിശ്ശിക വിതരണം അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബി ജെ പി ഭരിക്കുന്ന ഈ മൂന്ന് മുനിസിപ്പാലിറ്റികളിലെയും തൊഴിലാളികള്‍ കഴിഞ്ഞ ബുധനാഴ്ച മുതലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. എന്നാല്‍, ഫണ്ട് അനുവദിക്കാതെ ഡല്‍ഹി സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുകയാണെന്നാണ് ബി ജെ പി വാദം.
സമരം ചെയ്യുന്ന ജീവനക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അതിനുള്ള പണം സര്‍ക്കാര്‍ അനുവദിച്ചിട്ടും ബന്ധപ്പെട്ട മുനിസിപ്പാലിറ്റികള്‍ അത് വിതരണം ചെയ്യാത്തതാണ് അവരെ സമരത്തിലേക്ക് നയിക്കാനിടയാക്കിയതെന്നും എ എ പി കുറ്റപ്പെടുത്തി.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest