Connect with us

National

മോദി സര്‍ക്കാറിന് ഇന്ദിരാ സര്‍ക്കാറിന്റെ ഗതി വരും: യശ്വന്ത് സിന്‍ഹ

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹ. ഗോവയില്‍ നടന്ന ഡിഫിക്കല്‍റ്റ് ഡയലോഗ് കോണ്‍ഫറന്‍സിലാണ് സിന്‍ഹ രൂക്ഷ വിമര്‍ശം നടത്തിയത്. “മറ്റുള്ളവരോട് അസഹിഷ്ണുതയോടെ പെരുമാറുന്ന അദ്ദേഹത്തിന് ജനങ്ങള്‍ ചുട്ടമറുപടി നല്‍കും. ആ മറുപടിക്ക് അധികകാലം കാത്തുനില്‍ക്കേണ്ടി വരില്ല” എന്നായിരുന്നു നരേന്ദ്ര മോദിയുടെ പേരെടുത്ത് പറയാതെ സിന്‍ഹ വിമര്‍ശിച്ചത്.
ഇപ്പോഴത്തെ ഭരണ നേതൃത്വം ഞാന്‍, എന്റെ, എനിക്ക് എന്നിങ്ങനെയാണ് സംസാരിക്കുന്നത്. അതില്‍ ചര്‍ച്ചക്കും കൂടിയാലോചനക്കും പ്രസക്തിയില്ല. അത്തരക്കാര്‍ക്ക് അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാ ഗാന്ധി അനുഭവിച്ചത് തന്നെയായിരിക്കും ഗതിയെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാല്‍, പ്രസ്താവന വിവാദമായതോടെ സ്വന്തം വാക്കുകള്‍ വിഴുങ്ങി സിന്‍ഹ രംഗത്തെത്തി. തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും മോദിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് സിന്‍ഹ പിന്നീട് പ്രതികരിച്ചത്.
“ചില പിഴവുകള്‍ ഉണ്ടെങ്കിലും എല്ലായിടത്തും ചര്‍ച്ചക്ക് സാഹചര്യമുള്ളതാണ് ഇന്ത്യന്‍ ജനാധിപത്യം. അതാണ് ഇന്ത്യയുടെ ശക്തി. എന്നാല്‍, നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണ്. നമ്മള്‍ ഇതിനെക്കുറിച്ച് ബോധവാന്മാരാകണം. ചര്‍ച്ചകളിലും ആശയ സംവാദത്തിലും വിശ്വസിക്കാത്തവരെ നാം തൂത്തെറിയുക തന്നെ വേണം. ചര്‍ച്ചകളെ അവഗണിക്കുന്ന സര്‍ക്കാറിന് അടിയന്തരാവസ്ഥ കാലത്തെ അനുഭവം ഉണ്ടാകും. 1977ല്‍ കോണ്‍ഗ്രസ് സര്‍ക്കാറിന് സംഭവിച്ചത് എന്താണെന്ന് കണ്ടതാണ്. എതിരഭിപ്രായം പ്രകടപ്പിക്കാന്‍ കഴിയുക എന്നതാണ് ജനാധിപത്യത്തെ ഏറ്റവും മികച്ചതാക്കുന്നത്. വാജ്പയ് സര്‍ക്കാര്‍ ചര്‍ച്ചകളിലൂടെയാണ് നടപടികള്‍ മുന്നോട്ടു കൊണ്ടുപോയിരുന്നത്.” ഇങ്ങനെ പോകുന്നു സിന്‍ഹയുടെ ഡിഫിക്കല്‍റ്റ് ഡയലോഗ് കോണ്‍ഫറന്‍സിലെ പ്രസംഗം. എന്നാല്‍, അടിയന്തരാവസ്ഥയെക്കുറിച്ച് പറഞ്ഞതിന് വര്‍ത്തമാനകാലവുമായി ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം പിന്നീട് തിരുത്തുകയായിരുന്നു.