Connect with us

Articles

രാഷ്ട്രീയ നാടകങ്ങളും ചില തമാശകളും

Published

|

Last Updated

ഇതുവരെ കണ്ടതൊന്നും കളിയല്ല മക്കളേ, ഇനി കാണാന്‍ പോകുന്നതാണ് കളി എന്നു തെരുവ് സര്‍ക്കസുകാരന്‍ ആളെ കൂട്ടാന്‍ വിളിച്ചുപറയുന്നത് കേട്ടിട്ടില്ലേ? അത്തരം ഒരു കളിയാണ് കഷ്ടിച്ച് നൂറു ദിവസവും കൂടി കഴിഞ്ഞാല്‍ കേരളം കാണാന്‍ പോകുന്നത്. ഒരു വശത്ത് പരസ്പരം പാര പണിയുന്ന ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, സുധീരന്‍മാരും അവരുടെ അടുക്കളയില്‍ ഉണ്ടും ഉറങ്ങിയും കാലം പോക്കുന്ന കുഞ്ഞാലിക്കുട്ടി കുഞ്ഞുമാണിമാരും. മറു വശത്ത് പഴയതെല്ലാം മറന്ന പിണറായി, വി എസ്, കോടിയേരിമാരും ഒപ്പം ചില ഇടത് നാമധാരികളും. ഉമ്മന്‍ ചാണ്ടിയുടെ 1.9 കോടിയും ആര്യാടന്റെ 40 ലക്ഷവുമെല്ലാം മാളത്തില്‍ നിന്ന് പുറത്ത് ചാടിയവ. ഇനി മാളത്തില്‍ ഒളിച്ചിരിക്കുന്ന വേറെയും ചിലതൊക്കെ ഉണ്ടെന്ന് ചിലരെല്ലാം കവടി നിരത്തി ഗണിച്ചു പറയുന്നു.
ഇതിലൊന്നും കാര്യമിെല്ലന്നേ. ഉമ്മന്‍ ചാണ്ടിയും കെ ബാബുവും മാത്രമല്ല ജോപ്പനും ജിക്കുമോനും തോമസ് കുരുവിളയും എല്ലാം ശുദ്ധാത്മക്കളാണെന്ന് പറയുന്ന ശുദ്ധരില്‍ ശുദ്ധരായ കോണ്‍ഗ്രസുകാരും നമ്മുടെ നാട്ടില്‍ നിരവധിയുണ്ട്. ബാര്‍ കോഴ ഇടപാടിലായാലും സോളാര്‍ കേസിലായാലും ഖജനാവിന് കാര്യമായ നഷ്ടമൊന്നും ഉണ്ടായതായി പ്രതിപക്ഷം പോലും ആരോപിക്കുന്നില്ല. ഖജനാവിന് നഷ്ടം ഉണ്ടാക്കാത്ത തരത്തില്‍ ആര്‍ക്കും ആരെയും പറഞ്ഞ് പറ്റിക്കാനും വല്ലവരുടെയും സമ്പാദ്യത്തില്‍ കൈയിട്ടുവാരി സ്വന്തം ജീവിതത്തിന്റെ തിളക്കം വര്‍ധിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്‍മാരെയും അനുവദിക്കുന്നുണ്ട് എന്നാണ് ചിലര്‍ ചാനല്‍ സ്റ്റുഡിയോകളില്‍ വന്നിരുന്ന് തട്ടിമൂളിക്കുന്നത്. നാല് രൂപ പോലും മുടക്കില്ലാത്ത സാധനം 400 രൂപക്ക് വിറ്റഴിച്ച് സര്‍ക്കാര്‍ ഖജനാവിലേക്ക് ആവശ്യപ്പെട്ട നികുതി അടച്ചതിനു ശേഷമുള്ള കാശ് സ്വന്തം കീശയില്‍ നിക്ഷേപിക്കുന്ന പാവം കള്ള് മുതലാളിമാരില്‍ നിന്ന് ഏതാനും ലക്ഷങ്ങള്‍, അഥവാ കോടികള്‍ അധ്വാനവര്‍ഗ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിന്റെ നേതാവ് കെ എം മാണി സാറോ അംഗത്വ ഫീസായ നാലണ അല്ലാതെ മറ്റു വരുമാന മാര്‍ഗമൊന്നും ഇല്ലാത്ത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിത്യനിദാന ചെലവുകള്‍ക്കായി ഏതെങ്കിലുമൊരു മന്ത്രിയോ കൈപ്പറ്റി എങ്കില്‍ ആര്‍ക്കാണ് ഇത്ര ദണ്ഡം?
അപ്പനപ്പൂപ്പന്‍മാരുടെ കാലം തൊട്ടേ തട്ടിപ്പും വെട്ടിപ്പും കുലത്തൊഴിലായി സ്വീകരിച്ചു സ്വരൂപിച്ച പണത്തിന്റെ കണക്കും ചോദിച്ച് പറന്നു നടക്കുന്ന ഇന്‍കം ടാക്‌സ് കഴുകന്‍മാരുടെ കണ്ണുവെട്ടിച്ച് അല്‍പസ്വല്‍പം വല്ലതും സോളാര്‍ വൈദ്യുതി ഉത്പാദനം എന്ന നൂതന കച്ചവട സംരംഭത്തില്‍ മുതലിറക്കി ഇരട്ടി ലാഭം കൊയ്യാം എന്നു പ്രതീക്ഷിച്ച മാന്യന്‍മാരായ ചില ഭാഗ്യന്വേഷികളില്‍ നിന്നു പണം പറ്റി ഒരു പങ്ക് എത്തേണ്ടിടത്ത് എത്തിച്ചതിന്റെ പേരില്‍ ആ പാവം സരിത രാധകൃഷ്ണന്‍മാരെ ഈ മാധ്യമങ്ങള്‍ ഇങ്ങനെ വേട്ടയാടേണ്ട വല്ല കാര്യവും ഉണ്ടോ? ഈ ഭൂമി മലയാളത്തില്‍ വേറെ ആര്‍ക്കാണ് ഇത്തരം ജോലികള്‍ ഇത്ര ഭംഗയായി ചെയ്യാന്‍ കഴിയുക?
ഉമ്മന്‍ ചാണ്ടിക്കും ബാബു മന്ത്രിക്കും മാണി സാറിനും ജീവിക്കാന്‍ ഇത്തരം കറപുരണ്ട കാശിന്റെയൊന്നും ആവശ്യമില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്? പക്ഷേ, അവര്‍ നയിക്കുന്ന ജനാധിപത്യ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കന്‍മാര്‍ ഇങ്ങ് പാറശാല മുതല്‍ അങ്ങ് ഡല്‍ഹി വരെ പടര്‍ന്ന് പന്തലിച്ച് കിടക്കുകയല്ലേ . ഇവരില്‍ ഭൂരിപക്ഷത്തിനും കൃത്യമായ നിയമാനുസൃത വരുമാനമൊന്നും ഇല്ല. ദേശീയതല, സംസ്ഥാനതല നേതാക്കന്‍മാര്‍ ഓരോ കേന്ദ്രത്തിലും വന്നിറങ്ങുമ്പോള്‍ അവരുടെ പെട്ടിയും ചുമന്ന് സഞ്ചിയും തൂക്കി പിന്നാലെ കൂടി ജനങ്ങളെ കൂടെക്കൂട്ടി പാര്‍ട്ടികള്‍ മുന്‍കൂര്‍ ആവിഷ്‌കരിച്ചിട്ടുള്ള വാര്‍ഷിക ആചാരനുഷ്ഠാനങ്ങള്‍ കൃത്യമായി നിറവേറ്റാന്‍ ഈ പ്രാദേശിക നേതാക്കന്‍മാര്‍ ചെലവഴിക്കുന്ന അധ്വാനശേഷിയെക്കുറിച്ച് ഈ മാധ്യമങ്ങള്‍ക്ക് വല്ലതും അറിയാമോ?
ഇത്തരം ചില താഴേത്തട്ട് വേലകള്‍ കൂടാതെ ഇന്നത്തെ കാലത്ത് ഇന്ത്യയില്‍ എവിടെ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാണ് പിടിച്ചുനില്‍ക്കാന്‍ കഴിയുക? ആ നിലക്ക് ഖജനാവിന് നഷ്ടം വരാത്ത ഏതുതരം പിടിച്ചുപറികളും നിയമവിധേയമാക്കാവുന്നതേയുള്ളൂ. കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ പിണറായി വിജയന് എതിരായുള്ള ലാവലിന്‍ അഴിമതി കേസ് കുത്തിപ്പൊക്കിയത് പിണറായിയോ അദ്ദേഹത്തിന്റെ പര്‍ശ്വവര്‍ത്തികളോ സ്വന്തം നിലയില്‍ എന്തെങ്കിലും നേട്ടം വരുത്തി എന്ന് ആരോപിച്ചു കൊണ്ടല്ല. പിന്നെയോ, ഖജനാവിന് നഷ്ടംവന്നിരിക്കുന്നു എന്ന ആക്ഷേപത്തെ മുന്‍നിര്‍ത്തിയാണ്.
ഖജനാവ് ആണ് പരബ്രഹ്മം. അതിനൊരു പരുക്കും സംഭവിക്കരുത്. പുറമെ പറഞ്ഞു കേള്‍ക്കുന്നത് അനുസരിച്ച് കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മില്‍ മറ്റൊരു അഭിപ്രായവ്യത്യാസം നിലവില്ല. തത്കാലം ഇവര്‍ തമ്മില്‍ കോണ്‍ഗ്രസിലെ നാലണ അംഗത്വവും ബി ജെ പിയുടെ മിസ്ഡ് കോള്‍ അംഗത്വവും തമ്മില്‍ അത്രയൊന്നും വ്യത്യാസമില്ല. ബി ജെ പി അംഗത്വത്തിന് മിസ്ഡ് കോള്‍ അടിച്ചു കാത്തുനില്‍ക്കുന്ന ധാരാളം കോണ്‍ഗ്രസുകാര്‍ ആ പാര്‍ട്ടിയിലുണ്ട്. ഉള്ളില്‍ കാവിയും പുറമെ ഖാദിയും ധരിച്ചു നില്‍ക്കുന്ന ഇത്തരം ഭിക്ഷാംദേഹികള്‍ ഇന്നല്ലെങ്കില്‍ നാളെ അവരെത്തേണ്ടിടത്തെത്തും. കോണ്‍ഗ്രസില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യമില്ല, പ്രസിഡന്റിനെ നൂലേല്‍ കെട്ടിയിറക്കുന്നു എന്നൊക്കെ വാദിക്കുന്ന കോണ്‍ഗ്രസിന്റെ മുഖ്യ പ്രതിയോഗിയായ ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റായി കുമ്മനം രാജശേഖരന്‍ അവരോധിക്കപ്പെട്ടതെങ്ങനെയെന്ന് നമ്മള്‍ കണ്ടു. കേരളത്തില്‍ ബി ജെ പി കെട്ടിപ്പടുക്കുന്നതിന് ഊണും ഉറക്കവും ഒക്കെ പരിത്യജിച്ച് അഹോരാത്രം പണിയെടുത്തവര്‍ വെള്ളം കോരികളും വിറകുവെട്ടുകാരുമൊക്കെയായി മാറിയിരിക്കുന്നു. അവരുടെ തലക്കു മുകളിലൂടെയാണ് ഇന്നലെ വരെ അമ്പലപ്പറമ്പിലെ തീവ്രവാദ പ്രാസംഗികനായിരുന്ന കുമ്മനം അധ്യക്ഷ പദവിയിലെത്തിയിരിക്കുന്നത്. അതാണ് മോഹന്‍ ഭാഗവത് എന്ന ആര്‍ എസ് എസ് നേതാവിന്റെ പുതിയ രാഷ്ട്രീയ പരീക്ഷണം. ശ്രീനാരായണീയരെ ലക്ഷ്യമിട്ട് വെള്ളാപ്പള്ളിയെ പാട്ടിലാക്കിയതു പോലെ പെരുന്നയിലെ സുകുമാരന്‍ നായരേ ഒപ്പം ചേര്‍ക്കാന്‍ കഴിയുമോ എന്നതായിരുന്നു മോഹന്‍ ഭാഗവതിന്റെ അടുത്ത പരീക്ഷണം. ഈഴവനേയും നായരേയും മാത്രമല്ല മെത്രാന്മാരേയും കണ്ണൂരെ മാര്‍ക്‌സിസ്റ്റ് ഹിന്ദുക്കളെയും സ്വന്തം ചിറകിന്റെ തണലില്‍ ചേര്‍ത്തുനിര്‍ത്താന്‍ കഴിയുമോ എന്ന പരീക്ഷണവും മോഹന്‍ ഭാഗവത്, കുമ്മനം, വെള്ളാപ്പള്ളി സംയുക്ത സംരംഭത്തിന്റെ പരീക്ഷണശാലയില്‍ കൊണ്ടുപിടിച്ചു നടക്കുന്നു. അതിന്റെ ആദ്യ ചുവടുവെച്ചായിരിക്കുമല്ലോ വെള്ളാപ്പള്ളി, നടേശന്‍ ടീം ക്ലിമ്മീസ് കതോലിക്കാ ബാവയെ സന്ദര്‍ശിച്ച് പാദ പൂജ നടത്തിയത്. ക്ലീമ്മീസ് ബാവയുടെ മന്നം സ്തുതിയും മതേതര സുവിശേഷവും മാത്രമല്ല മാര്‍ക്‌സിസ്റ്റ് നേതൃത്വവുമായി സന്ധിയുണ്ടാക്കാന്‍ മോഹന്‍ ഭാഗവത് ക്ഷണപത്രം അയച്ചതും ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍ ലക്ഷ്യമിടുന്ന സാമുദായിക ധ്രുവീകരണ രാഷ്ട്രീയ നേട്ടങ്ങളിലേക്കുള്ള ചുവടുവെ പ്പായി ആശങ്കപ്പെടുന്നു മുസ്‌ലിം സമൂഹം.
“എന്നും എന്റെ ചിറകിന്റെ കീഴില്‍ നിന്ന് നിന്റെ വയറു നിറയ്ക്കാം എന്ന് തോന്നുന്ന തോന്നലു വേണ്ടാ, നിന്റെ ജീവിതം നിന്‍ കാര്യം മാത്രം” എന്ന കടമ്മനിട്ടയുടെ കോഴി എന്ന കവിതയില്‍ തള്ളക്കോഴി, കോഴിക്കുഞ്ഞിനോട് പറയുന്ന മുന്നറിയിപ്പിന്റെ ഭാഷയില്‍ മലപ്പുറത്തേയും പാലായിലേയും കൊല്ലത്തേയുമൊക്കെ കോണ്‍ഗ്രസുകാര്‍ യഥാക്രമം ലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍ എസ് പി നേതൃത്വങ്ങളോട് പറഞ്ഞു തുടങ്ങിയതിന്റെ ഫലമാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു ഫലങ്ങളില്‍ കണ്ടത്. അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പിലും ഇത് തന്നെ ആവര്‍ത്തിച്ചേക്കുമോയെന്ന ആശങ്ക കുഞ്ഞാലിക്കുട്ടി സാഹിബിനെയും കെ എം മാണിയെയും ഷിബു ബേബി ജോണിനെയും മാത്രമല്ല സാക്ഷാല്‍ എം പി വീരേന്ദ്ര കുമാറിനെയും അലട്ടുന്നുണ്ട്. ഈ അലട്ടല്‍ മാറ്റിത്തരണമെന്ന നിവേദനം ആയിരിക്കണം, കോണ്‍ഗ്രസിലെ ഗ്രൂപ്പു പോരവസാനിപ്പിക്കണം എന്ന മുറവിളിയുടെ അകമ്പടിയോടെ ഘടകകക്ഷി നേതാക്കള്‍ സോണിയാ മാഡത്തിന് മുമ്പില്‍ സമര്‍പ്പിച്ചത്. നിവേദനത്തിന് ഫലമുണ്ടായി. സംസ്ഥാന ഭരണത്തിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിലേക്കു പോയ നിവേദനം പിതൃശൂന്യമെന്ന് പ്രഖ്യാപനം വന്നു. ഈ പിതൃരഹിത ശിശുവിന്റെ ജനനത്തെ കുറിച്ചുള്ള അന്വേഷണം കെ പി സി സി ഓഫീസിലെ ചവറ്റുകൊട്ടയിലേക്ക് തള്ളപ്പെട്ടു. ഉമ്മന്‍ ചാണ്ടി, സുധീരന്‍, രമേശ് ചെന്നിത്തല ത്രിമൂര്‍ത്തികളെ വിളിച്ചു സോണിയ കണ്ണുരുട്ടി പേടിപ്പിച്ചു. 24 മണിക്കുറിനുള്ളില്‍ മൂന്നു പേരും ഒരുമിച്ചു നിന്നു ചിരിച്ചു കെട്ടിപ്പിടിച്ചു ഫോട്ടോ എടുക്കാനും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു പത്രസമ്മേളനം വിളിക്കാനും ആജ്ഞാപിച്ചു.
ഇതിനിടയിലാണ് കൊല്‍ക്കത്തയില്‍ സമാപിച്ച സി പി എം പ്ലീനത്തില്‍ നിന്നു ബംഗാള്‍ സഖാക്കളുടേതായി ഉയര്‍ന്നുവന്ന പുതിയ ഒരു നിര്‍ദേശം. ബി ജെ പിയേയും തൃണമൂലിനേയും നേരിടാന്‍ ഇടതുപക്ഷ സഖാക്കള്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുക. തികച്ചും അവസരോചിതമായ ഈ നിര്‍ദേശത്തെ കേരള ഘടകത്തിനുള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങള്‍ കോണ്‍ഗ്രസും സി പി എമ്മും ചേര്‍ന്ന് പങ്കിട്ടെടുത്താല്‍ പോലും ഈ രണ്ടു കക്ഷികള്‍ക്കും ഒന്നും നഷ്ടപ്പെടാന്‍ പോകുന്നില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ ഇതൊന്ന് പരീക്ഷിച്ചു നോക്കിയാല്‍ ഒരുപക്ഷേ, സി പി എമ്മിന് ബംഗാള്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞേക്കും. കേരളത്തില്‍ അതിന്റെ ഫലമായി ചിലപ്പോള്‍ ബി ജെ പി സഖ്യം നിയമസഭയില്‍ അക്കൗണ്ട് തുറന്നെന്നു വരാം. അതിലെന്താണിത്ര കുഴപ്പം? കാര്യങ്ങള്‍ നേരെ ചൊവ്വേ ഉരുത്തിരിഞ്ഞുവരാന്‍ ഇതു സഹായകമായേക്കും. നിയമസഭയില്‍ അക്കൗണ്ട് തുറക്കാതെ ക്ഷേത്രങ്ങളുടെ മറപിടിച്ചും ജാതിക്കുറ് മുതലെടുത്തും യു ഡി എഫ്, എല്‍ ഡി എഫ് കക്ഷികളുമായി ഒളിസേവ നടത്തി വോട്ടുകച്ചവടം ചെയ്യുന്ന ബി ജെ പി തന്ത്രത്തെക്കാള്‍ എത്ര ഭേദമായിരിക്കും അവരെ അവരായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത്? കോണ്‍ഗ്രസിന്റെയും സി പി എമ്മിന്റെയും സഖ്യകക്ഷികളുടെ മുഖംമൂടി രാഷ്ട്രീയം ഇതോടെ അവസാനിക്കും. തരം പോലെ അപ്പുറത്തും ഇപ്പുറത്തും ആടിക്കളിക്കുന്നവര്‍ക്കും നയം വ്യക്തമാക്കേണ്ടി വരും. ഒന്നുകില്‍ ആദര്‍ശരാഷ്ട്രീയം അല്ലെങ്കില്‍ സാമുദായിക രാഷ്ട്രീയം. രണ്ടിന്റെയും നടുക്കു നിന്നുകൊണ്ടുള്ള ചാഞ്ചാട്ടത്തിനറുതിവരുത്തേണ്ടത് ഒരടിയന്തരാവശ്യമാണ്.
ഭരണഘടന വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള കൂട്ടായ ആലോചനകളും വികസന തന്ത്രങ്ങളും ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കാര്യങ്ങളില്‍ ഇവിടുത്തെ മുഖ്യ രാഷട്രീയ കക്ഷികള്‍ക്കുള്ള കാഴ്ചപ്പാട് ജനങ്ങളോട് തുറന്നുപറയാന്‍ ഇത്തരം ഒരു ഐക്യം നിലവില്‍ വരുന്നതോടെ അവര്‍ നിര്‍ബന്ധിതരാകും. നേതൃപരമായ തന്‍പ്രമാണിത്തവും ഓരോ നേതാവും ജനിച്ചുവളര്‍ന്ന സമുദായത്തെ മുന്‍നിര്‍ത്തിയുള്ള സാമുദായിക വിലപേശല്‍ രാഷട്രീയവും ഇതോടെ മന്ദീഭവിക്കും. സാമുദായിക നേതാക്കള്‍ നടത്തിവരുന്ന പിന്‍വാതില്‍ രാഷ്ട്രിയ പ്രവര്‍ത്തനം അവസാനിപ്പിച്ച് അവര്‍ അവരുടെ സമുദായ സമുദ്ധാരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കട്ടെ. ബഹുസ്വര സംസ്‌കൃതിയുടെയും പരമതസഹിഷ്ണുതയുടെയും ശക്തമായ ഒരു പാരമ്പര്യം നിലനില്‍ക്കുന്ന കേരളം പോലുള്ള ഒരു നാട്ടില്‍- ബി ജെ പിയും ആര്‍ എസ് എസും പ്രചരിപ്പിക്കുന്ന ന്യൂനപക്ഷ വിരുദ്ധതയും അസഹിഷ്ണുതയുടെ രാഷ്ട്രീയവും ഒന്നും അത്ര എളുപ്പമൊന്നും ക്ലച്ചുപിടിക്കാന്‍ പോകുന്നില്ല.
(കെ സി വര്‍ഗീസ്- 9446268581)

Latest