Connect with us

International

പ്രഥമ ജനാധിപത്യ പാര്‍ലിമെന്റ് ചേര്‍ന്നു; മ്യാന്‍മറിന് ചരിത്ര നിമിഷം

Published

|

Last Updated

നായ്പിഡോ: പട്ടാള ഭരണകൂടത്തെ താഴെയിറക്കിയ മ്യാന്‍മര്‍ പൊതു തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട എം പിമാര്‍ പാര്‍ലിമെന്റില്‍ യോഗം ചേര്‍ന്നു. ജനാധിപത്യ നേതാവ് ആംഗ് സാന്‍ സൂകിയുടെ പാര്‍ട്ടിയില്‍ നിന്നുള്ളവരാണ് പാര്‍ലിമെന്റിലെത്തിയ ഭൂരിപക്ഷം എം പിമാരും. അര നൂറ്റാണ്ടിനിടെ ഇതാദ്യമായി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മ്യാന്‍മറില്‍ സ്വതന്ത്ര തിരഞ്ഞെടുപ്പ് നടന്നത്.
വര്‍ഷങ്ങളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന സൂകിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി(എന്‍ എല്‍ ഡി)യുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ നിമിഷമായാണ് ഇന്നലത്തെ പാര്‍ലിമെന്റ് സമ്മേളനത്തെ വിലയിരുത്തുന്നത്. അമ്പത് വര്‍ഷത്തെ പട്ടാള ഭരണത്തിന് ഇതോടെ അറുതിയാകുകയാണ്. കഴിഞ്ഞ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സൂകിയുടെ പാര്‍ട്ടി 80 ശതമാനം വോട്ട് നേടിയാണ് അധികാരത്തിലേക്ക് വരുന്നത്. രാജ്യത്തൊട്ടാകെ വലിയൊരു മാറ്റത്തിന്റെ പ്രതീതിയാണ് ഉള്ളതെന്ന് വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൂകിയുടെ പാര്‍ട്ടി ഭൂരിപക്ഷം നേടി ശക്തി തെളിയിച്ചിട്ടുണ്ടെങ്കിലും ജനാധിപത്യം ഇപ്പോഴും പൂര്‍ണമാണെന്ന് പറയാനായിട്ടില്ല. വലിയൊരു ശക്തി ഇപ്പോഴും സൈന്യത്തിന്റെ കൈവശമാണ്. പട്ടാള ഭരണകൂടം പതിറ്റാണ്ടുകളായി നടത്തിവരുന്ന തെറ്റായ വ്യവസ്ഥകള്‍ക്ക് പകരം പുതിയൊരു രീതി നടപ്പാക്കുക എന്നതാണ് സൂകിക്ക് മുമ്പിലുള്ള പ്രധാന വെല്ലുവിളി. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും അതിജയിച്ച് രാജ്യത്തെ സൂകി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് മ്യാന്‍മര്‍ ജനതയുടെ വിശ്വാസം.
സൈന്യത്തിന് വലിയ അധികാരം നല്‍കുന്ന നിലവിലെ ഭരണകൂടം പൊളിച്ചെഴുതുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൂകിയുടെ പാര്‍ട്ടി നല്‍കിയ പ്രധാന വാഗ്ദാനം. പാര്‍ലിമെന്റിന്റെ സഭകളില്‍ ഇപ്പോഴും സൈനിക ഭരണകൂടത്തിന്റെ പിന്തുണയുള്ള ഒരു വിഭാഗം ഉണ്ട്. ഇത് സൂകിക്ക് മുമ്പില്‍ വലിയ വെല്ലുവിളിയുയര്‍ത്തും. നാലില്‍ മൂന്ന് ഭാഗവും ഇപ്പോഴും സൈനിക ഭരണകൂടം നാമനിര്‍ദേശം ചെയ്ത് വിജയിച്ചവരാണ്. ഇവര്‍ക്ക് പാര്‍ലിമെന്റില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയും. വലിയ മാറ്റങ്ങള്‍ക്ക് സൂകിയുടെ പാര്‍ട്ടി മുന്നോട്ടുവരുമ്പോള്‍ അവര്‍ വിഘാതം സൃഷ്ടിച്ചേക്കും. അധോസഭയില്‍ എന്‍ എല്‍ ഡി പാര്‍ട്ടിയുടെ അംഗമാണ് സ്പീക്കര്‍ സ്ഥാനത്തുള്ളത്. നിലവിലെ ഭരണഘടനാ ചട്ടം പ്രകാരം സൂകിക്ക് പ്രസിഡന്റാകാന്‍ സാധിക്കില്ല. പ്രസിഡന്റിന്റെ അടുത്ത ബന്ധുക്കള്‍ക്ക് വിദേശപൗരത്വം ഉണ്ടാകാന്‍ പാടില്ലെന്നാണ് ചട്ടം. അവരുടെ മകനും ഭര്‍ത്താവിനും ബ്രിട്ടീഷ് പൗരത്വമുണ്ട്. പ്രസിഡന്റായില്ലെങ്കിലും പുറത്ത് നിന്ന് ഭരണം നിയന്ത്രിക്കാനാണ് സൂകി ശ്രമിക്കുക.

Latest