Connect with us

International

സിക്ക വൈറസ്: ലോകാരോഗ്യ സംഘടന യോഗം ചേര്‍ന്നു

Published

|

Last Updated

ജനീവ: സിക്ക വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ആലോചന നടത്താന്‍ ലോകാരോഗ്യ സംഘടന ജനീവയില്‍ യോഗം ചേര്‍ന്നു. കൊതുകുകള്‍ പരത്തുന്ന സിക്ക വൈറസ് തെക്കെ അമേരിക്കന്‍ രാജ്യങ്ങളിലെ നവജാത ശിശുക്കളില്‍ മാരകമായ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നുവെന്ന യു എന്‍ ആരോഗ്യ ഏജന്‍സിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന യോഗം ചേരുന്നത്. ഈ മേഖലകളില്‍ ഈ വര്‍ഷം 40 ലക്ഷം പേര്‍ക്ക് സിക്ക വൈറസ് ബാധിച്ചതായാണ് ലോകാരോഗ്യ സംഘടന കരുതുന്നത്. സിക്ക വൈറസിനെ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കാനായി ചേര്‍ന്ന യോഗത്തില്‍ ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്ഥര്‍, രോഗം ബാധിച്ച രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍, ആഗോളതലത്തില്‍നിന്നുള്ള വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു. അടച്ചിട്ട മുറികളിലാണ് യോഗം ചേര്‍ന്നത്. യോഗം തീരുമാനം ഇതുവരെ പുറത്തുവിട്ടിട്ടില്ല. 11,000 പേര്‍ മരിച്ച എബോള രോഗം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ലോകാരോഗ്യ സംഘടന പ്രതികരിക്കാന്‍ വൈകിയെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിക്ക വൈറസിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ലോകാരോഗ്യ സംഘടനക്ക് മേല്‍ സമ്മര്‍ദമുണ്ട്. സിക്ക വൈറസ് രോഗം ഏറെ ഭീതിപരത്തിയിരിക്കുന്നത് ബ്രസീലിലാണ്. ഇവിടെ 270 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3,448 പേര്‍ക്ക് രോഗം ബാധിച്ചതായും സംശയമുണ്ട്. ബ്രസീല്‍ കഴിഞ്ഞാല്‍ രോഗബാധിതര്‍ ഏറെയുള്ള രാജ്യം കൊളംബിയയാണ്. ഇവിടെ രണ്ടായിരത്തിലധികം ഗര്‍ഭിണികള്‍ക്ക് രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതിന് പുറമെ എക്വഡോര്‍, എല്‍ സാല്‍വദോര്‍, ജമൈക്ക എന്നിവിടങ്ങളിലും രോഗം വ്യാപിക്കുകയാണ്. ലോകത്തിന്റെ മറ്റ് മേഖലകളിലേക്കും രോഗം വ്യാപിക്കുന്നുണ്ട്.

Latest