Connect with us

National

റബറിന്റെ ഇറക്കുമതി നിരോധം നീട്ടുമെന്ന്് ഉറപ്പ് ലഭിച്ചുവെന്ന് ജോസ് കെ മാണി

Published

|

Last Updated

ന്യൂഡല്‍ഹി: റബര്‍ ഇറക്കുമതിക്കുള്ള താത്കാലിക നിരോധം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി ജോസ് കെ മാണി എം പി അറിയിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മലാ സീതാരാമനുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രം ഉറപ്പ് നല്‍കിയത്.
ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമെത്തിക്കാന്‍ വില സ്ഥിരതാ ഫണ്ടായി 500 കോടി അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.നികുതിയില്ലാതെയുള്ള ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ താത്കാലിക നിരോധമാണ് ഒരു വര്‍ഷത്തേക്ക് നീട്ടുമെന്ന് ഉറപ്പ് നല്‍കിയത്. നിലവില്‍ നികുതി ഇല്ലാതെ റബര്‍ ഇറക്കുമതി ചെയ്യാന്‍ കഴിയുന്ന അഡ്വാന്‍സ്ഡ് ഓതറൈസേഷന്‍ സ്‌കീം പ്രകാരമുള്ള ഇറക്കുമതിക്ക് അടുത്തമാസം 31 വരെ കേന്ദ്ര സര്‍ക്കാര്‍ താത്കാലിക നിരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഏപ്രില്‍ മുതല്‍ നിരോധം നീക്കുന്നത് റബര്‍ വിലയിടിവ് കൂടുതല്‍ രൂക്ഷമാക്കുമെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വാദം പരിഗണിച്ചാണ് ഒരു വര്‍ഷത്തേക്ക് കൂടി നിരോധം തുടരാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതെന്ന് ജോസ് കെ മാണി പറഞ്ഞു.
എന്നാല്‍ നികുതി നല്‍കി തന്നെ വന്‍കിട വ്യവസായികള്‍ക്ക് കുറഞ്ഞ വിലക്ക് റബര്‍ ഇറക്കുമതി ചെയ്യാമെന്നിരിക്കെ, മുന്‍കൂര്‍ ഓതറൈസേഷന്‍ സ്‌കീം പ്രകാരമുള്ള റബര്‍ ഇറക്കുമതി നിരോധനം നിലവിലെ പ്രതിസന്ധിക്ക് കാര്യമായ മാറ്റമുണ്ടാകില്ലെന്നും മറുവാദമുണ്ട്.
അതേസമയം കേരളത്തിലെ കാര്‍ഷിക മേഖലയിലെ പ്രശ്‌നം ചര്‍ച്ച ചെയ്ത കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ ചുമതല കൂടിയുള്ള കേന്ദ്ര ആരോഗ്യമന്ത്രി പങ്കെടുത്തത് ശ്രദ്ധേയമായി. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശിക കക്ഷികളുമായി ബി ജെ പി നടത്തുന്ന ചര്‍ച്ചകളുടെ കൂടി ഭാഗമായാണ് ജെ പി നദ്ദയുടെ ഇടപെടലെന്ന സൂചനയെങ്കിലും ഇക്കാര്യം നിഷേധിച്ച ജോസ് കെ മാണി നദ്ദയുടെ സാന്നിധ്യത്തില്‍ അസ്വാഭാവികത ഇല്ലെന്നും, കര്‍ഷകരുട പ്രശ്‌നങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും വ്യക്തമാക്കി. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ബി ജെ പിയുടെ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി തന്നെയാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

---- facebook comment plugin here -----

Latest