Connect with us

National

മാണിയെ വീഴ്ത്താന്‍ ബി ജെ പി; അരസമ്മതവുമായി മാണി

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിലെ നിലവിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ കെ എം മാണിയെ വീഴ്ത്താന്‍ ബി ജെ പി ദേശീയ നേതൃത്വം കരുനീക്കങ്ങള്‍ തുടങ്ങി. മാണിയുടെ മകനും എം പിയുമായി ജോസ് കെ മാണിയും, ബി ജെ പി മന്ത്രിമാരും തമ്മില്‍ ഡല്‍ഹി ഉദ്യോഗ് ഭവനില്‍ നടന്ന കൂടിക്കാഴ്ച ഇതിന്റെ ആദ്യഘട്ടമാണ്. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ഹിന്ദുത്വ നിലപാടിനൊപ്പം ക്രിസ്ത്യന്‍ സമുദായത്തേയും കൂടെ നിര്‍ത്തിയുള്ള ദ്വിമുഖ തന്ത്രത്തിനാണ് ബി ജെ പി രൂപം നല്‍കിയിരിക്കുന്നത്. റബ്ബര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകളാണ് നടന്നതെങ്കിലും രാഷ്ട്രീയപരമായ നീക്കുപോക്കുകളെകുറിച്ച് ചര്‍ച്ച ചെയ്തതായാണ് വിവരം. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുടെ സാന്നിധ്യമാണ് ചര്‍ച്ചക്ക് രാഷ്ട്രീയ മുഖം നല്‍കുന്നത്. എന്നാല്‍ കോട്ടയത്ത് നിരാഹാരം അനുഷ്ഠിച്ചപ്പോള്‍ ആരോഗ്യവിവരം തിരക്കി ഫോണില്‍ ബന്ധപ്പെട്ട നദ്ദ കൂടികാഴ്ചക്ക് ക്ഷണിക്കുകയായിരുന്നുവെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം.
പൂര്‍ണമായും സമ്മതം മൂളിയില്ലെങ്കിലും മാണി വിഭാഗത്തിന് ബി ജെ പി നിലപാടിനോട് അരസമ്മതമാണെന്നാണ് ജോസ് കെ മാണിയുടെ കൂടിക്കാഴ്ച വ്യക്തമാക്കുന്നത്. രണ്ടാം ഘട്ടമായി അടുത്ത ദിവസം കേരളത്തിലെത്തുന്ന ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായുള്ള മാണിയുടെ കൂടിക്കാഴ്ച ഉറപ്പിക്കുന്നതിനുള്ള തിരക്കിലാണ് പാര്‍ട്ടി നേതൃത്വം. അമിത്ഷായുമായി കൂടിക്കാഴ്ചക്ക് തീരുമാനിച്ചിട്ടില്ലെങ്കിലും കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ലെന്ന പ്രതികരണത്തിലൂടെ ജോസ് കെ മാണി അനുനയത്തിന്റെ വാതിലുകളാണ് തുറന്നിട്ടിരിക്കുന്നത്. ഒപ്പം കേരളത്തിലെത്തുന്ന അമിത്ഷാ ക്രിസ്ത്യന്‍ മതമേധാവികളുമായുള്ള കൂടിക്കാഴ്ചയുടെ സാധ്യതകളും തേടുന്നുണ്ട്. പ്രധാനമായും സീറോ മലബാര്‍ സഭയുടെ ഉന്നതരുമായി ചര്‍ച്ച നടത്താനാണ് ബി ജെ പി നേതാവ് ലക്ഷ്യമിടുന്നത്. വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബി ജെ ഡി എസിനെ മുന്നില്‍ നിര്‍ത്തിയുള്ള രാഷ്ട്രീയക്കളിയില്‍ മാണിയെ കൂടി ഉള്‍പ്പെടുത്തി കേരളത്തില്‍ നില ഭദ്രമാക്കാനുള്ള തന്ത്രങ്ങള്‍ക്കാണ് അമിത്ഷാ കരുനീക്കുന്നത്. ഇതിനായാണ് വെള്ളാപ്പള്ളിയുടെയും മാണിയുടെയും തട്ടകമായ മധ്യതിരുവിതാംകൂര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
സഭയുടെ പിന്തുണയോടെ കേരള കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തുകയെന്ന തന്ത്രമാണ് ബി ജെ പി കേന്ദ്ര നേതൃത്വം പയറ്റുന്നത്. വിശ്വഹിന്ദു പരിഷത്ത് നേതാവായ കുമ്മനം രാജശേഖരനെ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനായി നിയോഗിച്ച കേന്ദ്ര നേതൃത്വം തീവ്ര ഹിന്ദുത്വ നിലപാടിലൂന്നിയുള്ള പ്രവര്‍ത്തനമാണ് കേരളത്തിലും ലക്ഷ്യമിട്ടത്. എന്നാല്‍ ഹിന്ദു ജനസംഖ്യയുടെ അനുപാതം കണക്കിലെടുത്ത് ന്യൂനപക്ഷ വോട്ടുകള്‍ കൂടെ നേടിയെടുത്താല്‍ മാത്രമേ നിയമസഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കുകയുള്ളൂവെന്ന തിരിച്ചറിവില്‍ ക്രിസ്ത്യന്‍ സമുദായവുമായി അടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഹിന്ദുത്വത്തിനൊപ്പം മതേതര മുഖവും പ്രദര്‍ശിപ്പിച്ചുള്ള അടവു നയമാണ് ഈ സാഹചര്യത്തില്‍ ബി ജെ പി കേരളത്തില്‍ പ്രാവര്‍ത്തികമാക്കുക. കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയിലും ഈ രീതിയിലുള്ള മിതവാദം ഉയര്‍ത്തിപ്പിടിക്കാനുള്ള തന്ത്രപരമായ നീക്കവും നടത്തുന്നുണ്ട്. എന്‍ ഡി എ സര്‍ക്കാറിന്റെ കാലത്ത് മൂവാറ്റുപുഴയില്‍ നിന്ന് സഭയുടെ പിന്തുണയോടെ എന്‍ ഡി എ സ്ഥാനാര്‍ഥിയായി പി സി തോമസ് ജയിച്ച സാഹചര്യവും ബി ജെ പിക്ക് മുന്നിലുണ്ട്. ഇതേ മാതൃകയില്‍ സഭയുമായി നേരിട്ട് നീക്കുപോക്കുണ്ടാക്കി കേരളത്തില്‍ നിര്‍ണായക ശക്തിയാകാനുള്ള നീക്കമാണ് ബി ജെ പി കേന്ദ്ര നേതൃത്വം പരീക്ഷിക്കുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest