Connect with us

Kozhikode

ചാട്ടത്തില്‍ ലിസബത്ത് മാത്രം

Published

|

Last Updated

കോഴിക്കോട്: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സിന്റെ ജമ്പിനത്തില്‍ രണ്ടിലും കേരളത്തിന്റെ ലിസബത്ത് കരോളിന്‍ ജോസഫിന്റെ സുവര്‍ണ മുദ്ര. മേളയുടെ രണ്ടാം ദിവസം ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം ലോംഗ്ജമ്പില്‍ സ്വര്‍ണം നേടിയ ലിസബത്ത് ഇന്നലെ നടന്ന ഹൈജമ്പിലും സ്വര്‍ണം അണിഞ്ഞു. ദേശീയ റെക്കോര്‍ഡിനൊപ്പമെത്തിയാണ് ലിസബത്ത് ലോങ്ങ്ജംബില്‍ സ്വര്‍ണ്ണം നേടിയത്.നിലവില്‍ 1.67 എന്നതാണ് റെക്കോര്‍ഡ്. ലിസബത്ത് 1.65 ദൂരമാണ് ചാടിയത്.കഴിഞ്ഞ നാലു വര്‍ഷമായി മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ ടോമി ചെറിയാനു കീഴില്‍ പരിശീലനം നടത്തുന്ന ലിസ്ബത്തിന്റെ സ്വപ്‌നം ഒളിമ്പിക്‌സാണ്. പുല്ലൂരാംപാറ കൊല്ലിത്താനം വീട്ടില്‍ സജി അബ്രഹാംലെന്‍സി സജി ദമ്പതികളുടെ മകളാണ് താരം.
സംസ്ഥാന കായികമേളയില്‍ നാല് തവണയായി മത്സരിച്ച ലിസബത്തിന് കഴിഞ്ഞ സംസ്ഥാന കായികമേളയിലാണ് ആദ്യമായി സ്വര്‍ണം നേടാനായത്. റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ലിസ്ബത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഹൈജമ്പില്‍ സ്വര്‍ണവും ലോംഗജമ്പില്‍ വെങ്കലവുമായാണ് താരം റാഞ്ചിയില്‍ നിന്നു മടങ്ങിയത്. റാഞ്ചി മീറ്റില്‍ കേരളത്തിന് ആദ്യത്തെ സ്വര്‍ണം സമ്മാനിച്ചതും ലിസ്ബത്തായിരുന്നു. കഴിഞ്ഞ സംസ്ഥാന മീറ്റില്‍ ട്രിപ്പിള്‍ ജമ്പില്‍ വെങ്കലം നേടിയ താരം തൊട്ടുമുമ്പത്തെ മീറ്റില്‍ ഇതേയിനത്തില്‍ വെള്ളിയും കൈക്കലാക്കിയിരുന്നു.
മഹാരാഷ്ട്രയുടെ സംബീറോ നികിതക്ക് വെള്ളിയും കര്‍ണ്ണാടകയുടെ എസ് ബി സുപ്രിയക്ക് വെങ്കലവും ലഭിച്ചു.കേരളത്തിന്റെ തന്നെ എം ജീഷ്ണ നാലാം സ്ഥാനത്തെത്തി.