Connect with us

Wayanad

ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ നിയമന നടപടികള്‍ അനിശ്ചിതത്വത്തില്‍

Published

|

Last Updated

മാനന്തവാടി: ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ജില്ലാ ആശുപത്രിയിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്കുള്ള നിയമന നടപടികള്‍ അനിശ്ചിതത്വത്തിലായി. കൂടിക്കാഴ്ച കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ലിസ്റ്റ് തയ്യാറാക്കുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാത്തതതാണ് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കിയിരിക്കുന്നത്.
24 തസ്തികയിലേക്കാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കൂടിക്കാഴ്ചക്ക് ഹാജരാകാനായി ഉദ്യോഗാര്‍ഥികള്‍ക്ക് അറിയിപ്പ് ലഭിച്ചത്. നവംബര്‍ 23,24 തീയതികളിലായി നടന്ന കൂടിക്കാഴ്ചയില്‍ 280 ഓളം പേര്‍ പങ്കെടുത്തിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. പ്രായം കഴിയാനായവര്‍, വിധവകള്‍, മിശ്രവിവാഹിതര്‍, വികലാംഗര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കാനായിരുന്നു നിര്‍ദേശം. താല്‍ക്കാലിക നിയമനമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തുമെന്നതിനാല്‍ ലിസ്റ്റില്‍ കയറിപ്പറ്റാന്‍ ശക്തമായ സമ്മര്‍ദ്ദങ്ങളാണ് ഉണ്ടായിരുന്നത്. നിയമനം നല്‍കുന്നതിനായി എം എല്‍ എ ഉള്‍പ്പെടെയുള്ള രാഷ്്ട്രീയ നേതാക്കള്‍ ലക്ഷങ്ങള്‍ കൈപറ്റിയതായും വ്യാപക ആരോപണങ്ങളുണ്ടായിരുന്നു.
ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞ ഉടനെയുണ്ടായ ഡി എം ഒ ഡോ.ശശിധരന്റെ ആത്മഹത്യയാണ് കാര്യങ്ങള്‍ തകിടം മറിച്ചത്. ലിസ്റ്റ് സംബന്ധിച്ച് പിന്നീട് യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല. പഴയ ലിസ്റ്റ് മരവിപ്പിച്ച് പുതിയ കൂടിക്കാഴ്ച നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് യാതൊരു നടപടിയുമുണ്ടായില്ല. ഡി എം ഒ ചുമതലയേറ്റ ശേഷം ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഓഫീസ് ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും ഡി എം ഒ ആയി ആശാദേവി ചുമതലയേറ്റ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമൊന്നും ഉണ്ടായിട്ടില്ല.
നിയമനം ലഭിച്ച് കഴിഞ്ഞ് മാസങ്ങള്‍ കൊണ്ട് തന്നെ പ്രമോഷന്‍ ലഭിക്കുന്ന തസ്തിക ആയതിനാല്‍ തന്നെ കൂടുതല്‍ പേര്‍ക്ക് ജോലിയും ലഭിക്കും. എന്നാല്‍ അധികൃതരുടെ അനാസ്ഥകാരണം നിരവധി പേരുടെ തൊഴില്‍ അവസരമാണ് നഷ്ടപ്പെടുന്നത്. അതെ സമയം ലിസ്റ്റിന്റെ പേരില്‍ വിലപേശല്‍ നടത്തുന്ന ഓഫീസ് ജീവനക്കാരാണ് നിയമന നടപടികള്‍ വൈകിക്കുന്നതെന്നും ആരോപണമുണ്ട്.