Connect with us

Wayanad

പാഴ് വസ്തു വ്യാപാരികള്‍ക്ക് ശുചിത്വ മിഷന്‍ രജിസ്‌ട്രേഷന്‍ നല്‍കും

Published

|

Last Updated

കല്‍പ്പറ്റ: ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ജില്ലയിലെ വിവിധ പാഴ് വസ്തു വ്യാപാരികള്‍/ശേഖരിക്കുന്ന വ്യക്തികള്‍ എന്നിവര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കി സംസ്ഥാനത്ത് പാഴ്‌വസ്തു ശേഖരണം, വിപണനം നടത്തി വരുന്നവരെ ഖരമാലിന്യ പരിപാലന മേഖലയില്‍ ഔപചാരികമായി ബന്ധിപ്പിച്ച് പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കും.
നിലവിലെ സാഹചര്യത്തില്‍ മണ്ണില്‍ ലയിക്കാത്ത പ്ലാസ്‌ററിക്ക് പോലുളള ഉത്പന്നങ്ങള്‍ ശേഖരിക്കുന്നതിനോ, കൈമാറുന്നതിനോ ഉളള സാഹചര്യം വളരെ കുറവാണ്. മനുഷ്യനും പ്രകൃതിക്കും വെല്ലുവിളി ഉയര്‍ത്തുന്ന പ്ലാസ്റ്റിക്ക്, ഇ-വേസ്റ്റ് തുടങ്ങിയ അജൈവ മാലിന്യങ്ങളെ തരംതിരിച്ച് ശേഖരിക്കുന്നതിനും പുന:ചംക്രമണം ചെയ്യുന്നതിനും ഊന്നല്‍ നല്‍കുന്ന വ്യാപാരികള്‍ക്ക്/ശേഖരിക്കുന്ന വ്യക്തികള്‍ക്ക് ആണ് രജിസ്‌ട്രേഷന്‍ നല്‍കുന്നത്.
അജൈവ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുമ്പോഴും കത്തിക്കുമ്പോഴും ഇവ വിവിധ മാരക രോഗങ്ങള്‍ക്കും, അന്തരീക്ഷ മലിനീകരണത്തിനും, വായു-ജല-മണ്ണ് എന്നിവ മലിനമാകുന്നതിനും കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ അജൈവ മാലിന്യ ശേഖരണത്തിന് പാഴ്‌വസ്തു വ്യാപാരികളുടെ/ശേഖരിക്കുന്ന വ്യക്തികളുടെ സഹകരണത്തോടെ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാന ശുചിത്വമിഷന്റെ അംഗീകാരത്തോടെ രജിസ്റ്റര്‍ ചെയ്ത വ്യാപാരികളെ ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും റസിഡന്റ്‌സ് അസോസിയേഷനുകളുമായും വ്യാപാരി സംഘടനകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് അവസരം ഒരുക്കും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി വിവിധ സുരക്ഷാ പദ്ധതികളില്‍ ഉള്‍പ്പെടുത്തും.
രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന രജിസ്‌ട്രേഷന്‍ ഘട്ടത്തില്‍ അടിസ്ഥാന വിവരങ്ങള്‍ നിശ്ചിത ഫോര്‍മാറ്റില്‍ ഫെബ്രുവരി 6 നകം ശുചിത്വ മിഷന്‍ കല്‍പ്പറ്റ ഓഫീസില്‍ ലഭിക്കണം. ജില്ലയിലെ മുഴുവന്‍ പാഴ്‌സ്തു വ്യാപാരികള്‍/ ശേഖരിക്കുന്ന വ്യക്തികള്‍ എന്നിവര്‍ പ്രസ്തുത പ്രക്രിയയുടെ ഭാഗമായി രജിസ്‌ട്രേഷന്‍ നടപടികളുമായി സഹകരിക്കണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 04936 203223.