Connect with us

Kozhikode

കോംട്രസ്റ്റ് വീവിംഗ് ഫാക്ടറിയോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ പൊങ്കാല സമരം

Published

|

Last Updated

കോഴിക്കോട്: മാനാഞ്ചിറ കോംട്രസ്റ്റ് വീവിംഗ് ഫാക്ടറിയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ ഫാക്ടറി പരിസരത്ത് പൊങ്കാല സമരം.
ഫാക്ടറി അടച്ചുപൂട്ടിയിട്ട് ഏഴ് വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. 2009 ഫെബ്രുവരി ഒന്ന് മുതല്‍ ആക്ഷന്‍ കമ്മിറ്റി ആരംഭിച്ച സമരത്തെ തുടര്‍ന്ന് അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്ഥാപനം ഏറ്റെടുക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2012 ജൂലൈ 25ന് സ്ഥാപനം ഏറ്റെടുക്കുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് ഐക്യകണ്‌ഠേന പാസാക്കി ബില്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ചു. മൂന്നര വര്‍ഷം പിന്നിട്ടിട്ടും ബില്ലിന് കേന്ദ്ര അനുമതി ലഭ്യമാക്കാന്‍ വ്യവസായ വകുപ്പ് ആര്‍ജവം കാണിക്കാത്ത സ്ഥിതിയാണുള്ളത്. പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന ഈ അലംഭാവത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് പൊങ്കാല സമരം നടത്തിയത്.
കോംട്രസ്റ്റ് ജീവനക്കാരി റീന പി പൊങ്കാല അടുപ്പിലേക്ക് തീപകര്‍ന്ന് സമരം ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഇ സി സതീശന്‍, രക്ഷാധികാരി കെ സി രാമചന്ദ്രന്‍, ചെയര്‍മാന്‍ കെ ഗംഗാധരന്‍, ഇ കെ ഗോപാലകൃഷ്ണന്‍, ബിജു ആന്റണി, പി വിജയന്‍, പി ശിവപ്രകാശ് സംബന്ധിച്ചു.

Latest