Connect with us

Kozhikode

മുപ്പതോളം മാലപൊട്ടിക്കല്‍ കേസുകളില്‍ പ്രതികളായ രണ്ട് പേര്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ബൈക്കിലെത്തി നിരവധി മാലപൊട്ടിക്കല്‍ കേസുകളില്‍ പ്രതികളായ രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് നടുവട്ടം ആത്തിഫ് മഹല്‍ കെ വി ആദില്‍, വെള്ളയില്‍ ജദീര്‍ അദ്‌നാന്‍ എന്നിവരാണ് സിറ്റി െ്രെകം സ്‌ക്വാഡിന്റെ പിടിയിലായത്. 55 പവന്‍ സ്വര്‍ണാഭരണവും മാല പൊട്ടിക്കാന്‍ ഉപയോഗിച്ച രണ്ട് ബൈക്കുകളും കണ്ടെടുത്തിട്ടുണ്ട്. ജദീര്‍ വണ്ടിയോടിക്കുകയും പിന്നിലിരുന്ന് ആദില്‍ മാല പൊട്ടിക്കുകയുമാണ് പതിവ്. വിവിധ ജില്ലകളിലായി മുപ്പതോളം മാലപൊട്ടിക്കല്‍ കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാന പോലീസിന് തലവേദന സൃഷ്ടിച്ച സംഘത്തെ പിടികൂടാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം സൗത്ത് അസി. കമ്മീഷണര്‍ എ ജെ ബാബു ടൗണ്‍ സി ഐ. ടി കെ അശ്‌റഫും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
സാമാന്യം മോശമല്ലാത്ത കുടുംബ പശ്ചാത്തലമുള്ളവരാണ് രണ്ടു പ്രതികളും. തരക്കേടില്ലാത്ത ജോലിയുണ്ട്. എന്നാല്‍ ആഡംബര ജീവിതം നയിക്കുന്നതിനും ഉല്ലാസ യാത്രകള്‍ നടത്തുന്നതിനുമായാണ് ഇവര്‍ മാലപൊട്ടിക്കാന്‍ ഇറങ്ങിയതെന്ന് സൗത്ത് എ സി. എ ജെ ബാബുവും സി ഐ. ടി കെ അശ്‌റഫും പറഞ്ഞു. നഗരത്തിലെയും സമീപ ജില്ലകളിലെയും നിരവധി വീട്ടമ്മമാരാണ് ഇവരുടെ മോഷണത്തിന് ഇരയായത്. മെച്ചപ്പെട്ട രീതിയില്‍ വസ്ത്രം ധരിച്ച് ബൈക്കുകളില്‍ യാത്ര ചെയ്യുന്ന ഇവരെ കണ്ടാല്‍ ആരും സംശയിക്കുകയില്ല. ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും ഇവരെ പറ്റി നല്ല മതിപ്പായിരുന്നു. ഇവരുടെ ഉല്ലാസ യാത്രകള്‍ പലപ്പോഴും കാശ്മീരും ഗള്‍ഫ് രാജ്യങ്ങള്‍ വരെയെത്തിയിരുന്നു. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയും ഫോണ്‍ ഉപയോഗിക്കാതെയുമാണ് ഇവര്‍ മോഷണത്തിന് ഇറങ്ങിയിരുന്നത്. പ്രധാന പാതകള്‍ക്ക് സമീപമുള്ള ഇടവഴികളാണ് മാല പൊട്ടിക്കാന്‍ തിരഞ്ഞെടുത്തിരുന്നതെന്ന് പോലീസ് പറഞ്ഞു.
അന്വേഷണ സംഘത്തില്‍ ക്രൈംസ്‌ക്വാഡ് എസ് ഐ. കെ പി സെയ്തലവി, സീനിയര്‍ സി പി ഒമാരായ ഒ മോഹന്‍ദാസ്, ടി പി ബൈജു, കെ ആര്‍ രാജേഷ്, എം വി അനീഷ്, കെ പി ഷജുല്‍, ടൗണ്‍ സി ഐ ഓഫീസിലെ എസ് ഐ പ്രിയന്‍ബാബു, സാബുനാഥ്, ഷിജിനാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

---- facebook comment plugin here -----

Latest