Connect with us

Kerala

നദിയില്‍ ചാടിയ പെണ്‍കുട്ടിയെ ഒപ്പം ചാടി രക്ഷിച്ച എസ്.ഐയെ പ്രശംസിച്ച് ഡി.ജി.പി

Published

|

Last Updated

തിരുവനന്തപുരം: നദിയില്‍ ചാടിയ പെണ്‍കുട്ടിയെ കൂടെ ചാടി സാഹസികമായി രക്ഷിച്ച എസ്.ഐക്ക് ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ പ്രശംസ. ഇതാണ് കേരള പോലീസിന്റെ യഥാര്‍ത്ഥ മുഖം എന്ന തലക്കെട്ടിലാണ് ജീവന്‍ പണയംവെച്ച പെണ്‍കുട്ടിയെ രക്ഷിച്ച ഗ്രേഡ് അസി. സബ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിനെ ഡി.ജി.പി ഫേസ്ബുക്കിലൂടെ പ്രശംസിച്ചത്.
ഞായറാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടി കരമന പാലത്തിന് സമീപമുള്ളതായി വിവരം ലഭിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും പെണ്‍കുട്ടി നദിയില്‍ ചാടിയ വിവരമാണ് ഉദ്യോഗസ്ഥര്‍ അറിയുന്നത്. ഉടന്‍തന്നെ എസ്.ഐ സജീഷ്‌കുമാര്‍ നദിയിലേക്ക് എടുത്തുചാടി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു.
പോലീസ് വാനില്‍ തന്നെയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. രക്ഷാപ്രവര്‍ത്തനം നടത്തിയ സജീഷ് കുമാറിന് 3000 രൂപ കാഷ് അവാര്‍ഡും ഡി.ജി.പി പ്രഖ്യാപിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം……

ഇതാണു കേരള പോലീസിന്റെ യഥാര്‍ത്ഥ മുഖം.
ഇന്നലെ (31/01/2016) വൈകുന്നേരേം 6.30 മണിയോടെ തിരുവനന്തപുരം മണക്കാട് ഭാഗത്തു നിന്നും 20 വയസ് പ്രായമുള്ള ഒരു പെണ്‍കുട്ടി വീട്ടില്‍ നിന്നും പുറത്തു പോയതിനു ശേഷം കാണ്മാനില്ല എന്ന പരാതി തിരുവനന്തപുരം ഫോര്‍ട്ട് പി എസില്‍ ലഭിക്കുകയുണ്ടായി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ രാത്രി 10.30 മണിയോടെ ടി പെണ്‍കുട്ടിയെ കരമന പാലത്തിനു സമീപത്ത് കാണപ്പെട്ടൂ എന്ന വിവരം പോലീസ് കട്രോള്‍ റൂമില്‍ ലഭിച്ചു. ഉടന്‍തന്നെ ടി വിവരം പോലീസ് കട്രോള്‍ റൂമില്‍ നിന്നും CRV 6 (Control Room Vehicle) വാഹനത്തെ അറിയിക്കുകയും, സ്ഥലത്തെത്തിയ പോലീസ് സംഘം പെണ്‍കുട്ടി നദിയില്‍ ചാടിയതറിഞ്ഞ് CRV 6 കമാണ്ടര്‍ ശ്രീ സജീഷ് കുമാര്‍ (ഗ്രേഡ് അസി.സബ് ഇന്‍സ്‌പെക്ടര്‍) നദിയില്‍ എടുത്തു ചാടി അതി സാഹസികമായി പെണ്‍കുട്ടിയെ രക്ഷിച്ച് പോലീസ് വാഹനത്തില്‍ തന്നെ ആശൂപത്രിയില്‍ എത്തിക്കുകയുണ്ടായി. ഈ സമയോചിതവും, സുധീരവുമായ രക്ഷാപ്രവര്‍ത്തനം നടത്തിയ ശ്രീ. സജീഷ്‌കുമാറിന് 3000/ രൂപ ക്യാഷ് അവാര്‍ഡ് നല്‍കുവാന്‍ സംസ്ഥാന പോലീസ്‌മേധാവി തീരുമാനിച്ചു.

Latest