Connect with us

Gulf

സ്വകാര്യമേഖലകളില്‍ ആഴ്ചയില്‍ രണ്ട് ദിവസം അവധി; തീരുമാനം ശുറാ കൗണ്‍സില്‍ അംഗീകരിച്ചു

Published

|

Last Updated

റിയാദ്: സ്വകാര്യ തൊഴില്‍ മേഖലകളില്‍ ആഴ്ചയില്‍ തൊഴില്‍ സമയം 40 മണിക്കൂറാക്കി ചുരുക്കിക്കൊണ്ട് നേരെത്തെ എടുത്ത തീരുമാനം നടപ്പാക്കുവാന്‍ ഇന്ന് ചേര്‍ന്ന ശൂറാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇത് സംബന്ധമായി അനുകൂലിച്ചും പ്രതികൂലിച്ചും നടന്ന നിരവധി ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടാണ് കൗണ്‍സിലിന്റെ ഈ തീരുമാനം ഇതോടെ സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം അവധി ലഭിക്കും.
തൊഴില്‍ നിയമത്തിലെ 98, 99, 100, 104 ഖണ്ധികകള്‍ ഭേതഗതി ചെയ്തു കൊണ്ട്, മാനവ വികസന മന്ത്രാലയം തെയ്യാറാക്കിയ റിപ്പോര്ട്ടിന്മേല്‍ നടന്ന ചര്‍ച്ചക്കൊടുവിലാണു ശൂറാ കൗണ്‍സിലിന്റെ ഈ തീരുമാനം വന്നത്.
സ്വകാര്യ തൊഴില്‍ മേഖലകളിലെ തൊഴില്‍ സമയം 40 മണിക്കൂറാക്കി ചുരുക്കണമെന്നും മിനിമം വേതനം 6000 റിയാല്‍ ആക്കണമെന്നും ശൂറാ കൗണ്‍സില്‍ അംഗം ഡോക്ടര്‍ ഫഹദ് ബിന്‍ ജുമുഅ വാദിച്ചപ്പോള്‍ വാരാന്ത്യ അവധി രണ്ട് ദിവസം ആക്കുന്നത് സ്വദേശികള്‍ക്ക് ജീവിതച്ചിലവു കൂട്ടുമെന്നും കൂടാതെ വിദേശികള്‍ ഒഴിവു ദിവസങ്ങളില്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടുമെന്നും അങ്ങനെ രാജ്യത്തേക്ക് പുറത്തേക്കുള്ള പണമൊഴുക്ക് വര്‍ധിക്കുമെന്നും മറ്റൊരു അംഗം അബ്ദുല്ലാ സഅദൂനും വാദിച്ചു.
എന്നാല്‍ സ്വകാര്യ മേഖലകളില്‍ തൊഴില്‍ ചെയ്യുവാന്‍ സ്വദേശികള്‍ക്ക് വിമുഖത ഉണ്ടാകുന്നത് അതിലെ ദീര്‍ഘിച്ച സമയവും ഒഴിവു ദിവസം കുറവുമാനെന്നതാണെന്ന് മറ്റൊരംഗം ഡോക്ടര്‍ ഹാതിം മര്‍സൂഖി പറഞ്ഞു, അതുകൊണ്ട് സ്വദേശികള്‍ക്ക് സ്വകാര്യമേഖലകളില്‍ തൊഴില്‍ ചെയ്യുന്നതിന് ആകര്‍ഷണീയമായ അന്തരീക്ഷം ഇതുമൂലം ഉണ്ടാവുമെന്നും ഈ ഉത്തരവാദിത്വം ഏറ്റെടുത്തു തൊഴില്‍ ഉടമകള്‍ സ്വദേശികള്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.. സ്ത്രീകളുടെ ജോലി സമയം 6 മണിക്കൂറാക്കി ചുരുക്കണമെന്ന് കൗണ്‍സില്‍ അംഗം ഖലീഫ ദൗസരി പറഞ്ഞു.
എന്നാല്‍ ഇതുസംബന്ധമായ ആഴത്തിലുള്ള പഠനങ്ങളും മറ്റും നടക്കുന്നതിനു മുമ്പ് സ്വകാര്യമേഖലകളില്‍ ആഴ്ചയില്‍ രണ്ട് ദിവസം ഒഴിവു വേണമെന്ന നിര്‍ദ്ദേശവും ആഴ്ചയില്‍ 40 മണിക്കൂര്‍ മാത്രമേ തോഴിലെടുപ്പിക്കാവൂ എന്ന നിര്‍ദ്ദേശവും നേരത്തെ രണ്ടു പ്രാവശ്യം ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു.

Latest